വേദിയിൽ ഞാൻ ചെയ്തത് കണ്ട് എല്ലാവരും ഭയന്നു; തായ്ലന്റിൽ പോയപ്പോൾ വീട്ടുകാർക്ക് ടെൻഷനായി; കാളിദാസ്
മലയാള സിനിമാ ലോകത്തെ താരപുത്രനാണെങ്കിലും തമിഴ്കത്താണ് നടൻ കാളിദാസിന് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞത്. പൂമരം എന്ന സിനിമയിലൂടെയാണ് കാളിദാസ് മലയാളത്തിൽ നായകനായി അരങ്ങേറിയത്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് ചെയ്ത അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ ഭാഗ്യം തുണച്ചില്ലെങ്കിലും തമിഴകത്ത് കാളിദാസിനെ തേടി നിരവധി സിനിമകളെത്തി.
പാവ കഥൈകൾ, നച്ചിത്തിരം നഗർഗിരത് തുടങ്ങിയ തമിഴ് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ കാളിദാസിന് ലഭിച്ചു. അതേസമയം ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവരാൻ ജയറാമിന് കഴിഞ്ഞിട്ടുണ്ട്. എന്റെ വീട് അപ്പുവിന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നീ സിനിമകളിൽ അവിസ്മരണീയ പ്രകടനമാണ് കാളിദാസ് കാഴ്ച വെച്ചത്. എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കാളിദാസ് സ്വന്തമാക്കി.

പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നായകനായി കാളിദാസ് പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. ഇപ്പോഴിതാ 2003 ൽ എപിജെ അബ്ദുൾ കലാമിൽ നിന്നും ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം വാങ്ങിയ അനുഭവം പങ്കുവെക്കുകയാണ് കാളിദാസ്. അവാർഡിനപ്പുറം ആരുടെ കൈയിൽ നിന്നാണ് അത് വാങ്ങിയതെന്നാണ് എന്റെ സന്തോഷം. ഞാൻ കോട്ട് ധരിച്ചിരുന്നു.
ദേശീയ അവാർഡ് വാങ്ങാൻ പോകുന്നതിന് മുമ്പ് അവിടെയുള്ള ഒരു പേപ്പറും പേനയും കോട്ടിനുള്ളിൽ വെച്ചു. പ്രസിഡന്റിൽ നിന്നും അവാർഡ് വാങ്ങി വേഗം ഇറങ്ങണം. പ്രോട്ടോക്കോളുണ്ട്. ഞാൻ നേരെ പോയി അവാർഡ് വാങ്ങുന്നതിന് മുമ്പ് കോട്ടിനുള്ളിൽ കൈയിട്ടു. എല്ലാവരും ഭയന്നു. എന്തോ ചെയ്യാൻ പോകുകയാണെന്ന് കരുതി. പേപ്പറെടുത്തപ്പോൾ എല്ലാവരും ചിരിച്ചു.

സർ എന്നെ കെട്ടിപ്പിടിച്ചു. അഞ്ച് പത്ത് മിനുട്ട് അദ്ദേഹത്തോടൊപ്പം സംസാരിച്ചു. അത് ഇതുവരെയും നാഷണൽ അവാർഡ് സ്റ്റേജിൽ ആർക്കും സാധിച്ചിട്ടില്ലെന്നും കാളിദാസ് വ്യക്തമാക്കി. മുമ്പൊരിക്കൽ സുഹൃത്തുക്കളോടൊപ്പം യാത്ര പോയപ്പോൾ വീട്ടുകാർ ടെൻഷനായതിനെക്കുറിച്ചും കാളിദാസ് സംസാരിച്ചു. പോയ സ്ഥലമാണ് അതിന് കാരണമായത്. തായ്ലന്റിലാണ് ഞങ്ങൾ പോയത്. ഇനി അവിടെ പോകുമോ എന്ന് വീട്ടിൽ നിന്ന് ചോദിച്ചിരുന്നെന്നും കാളിദാസ് വ്യക്തമാക്കി.
ബിഹൈന്റ്വവുഡ്സുമായുള്ള അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അടുത്തിടെയാണ് കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മോഡലായ തരിണി കലിംഗരയരെയാണ് കാളിദാസ് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ചെന്നെെയിൽ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. വിവാഹമെന്ന് നടക്കുമെന്ന് കാളിദാസോ കുടുംബമോ വ്യക്തമാക്കിയിട്ടില്ല. കുടുംബത്തോടൊപ്പം ചെന്നെെയിലാണ് കാളിദാസ് താമസിക്കുന്നത്.
മലയാളത്തിൽ നടൻ സജീവമാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കാളിദാസിന്റെ പിതാവ് ജയറാമിനെയും മലയാള സിനിമകളിൽ കണ്ടിട്ട് ഏറെ നാളുകളായി. എന്തുകൊണ്ടാണ് ജയറാം മലയാളത്തിൽ നിന്നും മാറി നിൽക്കുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്. രജനി ആണ് കാളിദാസിന്റെ പുതിയ ചിത്രം. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക എന്നിവർ രജനിയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. വിനിൽ സ്കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് രജനി. കാളിദാസിന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications