ഒരു പ്രശ്നമുണ്ടെന്ന് മഞ്ജു വാര്യരുടെ അച്ഛൻ; ആ നടന് അവസാനം വരെ ദേഷ്യമായിരുന്നു: കളിയാട്ടം നിർമാതാവ്
പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട സിനിമയാണ് 1997 ൽ റിലീസ് ചെയ്ത കളിയാട്ടം. സുരേഷ് ഗോപി, മഞ്ജു വാര്യർ, ലാൽ, ബിജു മേനോൻ എന്നിവർ പ്രധാന വേഷം ചെയ്ത കളിയാട്ടം സംവിധാനം ചെയ്തത് ജയരാജാണ്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഈ സിനിമയിലൂടെ സുരേഷ് ഗോപിക്ക് ലഭിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് കെ രാധാകൃഷ്ണൻ. അന്നത്തെ വലിയ താരങ്ങളായ സുരേഷ് ഗോപിയെയും മഞ്ജു വാര്യരെയും കളിയാട്ടം സിനിമയിൽ കാസ്റ്റ് ചെയ്തതിനെക്കുറിച്ചാണ് കെ രാധാകൃഷ്ണൻ നടി മായ വിശ്വനാഥിന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്.
സുരേഷ് ഗോപി കത്തി നിൽക്കുന്ന സമയമാണ്. ഇതാണ് സംഭവം, നിങ്ങൾ തോക്കെടുക്കേണ്ട, അടി കൂടേണ്ട. ഒഥല്ലോ ആണ് കഥ. അത് തെയ്യം പശ്ചാത്തലത്തിൽ ചെയ്യുന്നു എന്ന് സുരേഷ് ഗോപിയോട് പറഞ്ഞു. ജയരാജുമുണ്ട്. സുരേഷ് ഗോപി താൽപര്യം കാണിച്ചു. ഓക്കെ പറഞ്ഞു. പെെസയുടെ കാര്യം പറയരുത്, തരാനൊന്നും ഉണ്ടാകില്ല, അങ്ങനത്തെ ബഡ്ജറ്റാണെന്ന് ഞാൻ പറഞ്ഞു. അഡ്വാൻസൊന്നും കൊടുത്തില്ല. മഞ്ജു വാര്യരെയും വിളിച്ച് പറഞ്ഞു. മഞ്ജു വാര്യർ എനിക്കാ പടം ചെയ്ത് തന്നത് വെറും 75000 രൂപയ്ക്കാണ്. 25000 രൂപ അഡ്വാൻസായി കൊടുത്തു. സുരേഷ് ഗോപിക്ക് കൊടുത്തത് രണ്ട് ലക്ഷം രൂപയും.

23 ദിവസം കൊണ്ട് സുരേഷ് ഗോപിയുടെ വർക്ക് തീർന്നു. 26 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർത്തു. സുരേഷ് ഗോപി ഒരുപാട് കഷ്ടപ്പെട്ടു. വെറും പായയിൽ രണ്ട് മണിക്കൂറോളം കിടക്കുമ്പോഴാണ് തെയ്യത്തിന്റെ മേക്കപ്പ് ചെയ്തത്. തെയ്യത്തിന്റെ യഥാർത്ഥ ആൾക്കാരെ വരുത്തിയാണ് മേക്കപ്പ് ചെയ്തത്. ലാൽ അഭിനയിച്ച ആദ്യത്തെ പടമാണ്. ലാലിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് മുരളിയെയാണ്. പയ്യന്നൂർ ഷൂട്ടിംഗ് തുടങ്ങാൻ റെഡിയായിരിക്കുമ്പോൾ മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ചു. ഒരു പ്രശ്നമുണ്ട്, മഞ്ജുവിന് ചിക്കൻ പോക്സ് ആണെന്ന് പറഞ്ഞു.
ഞാൻ ജയരാജിനെ വിളിച്ചപ്പോൾ ഇപ്പോൾ ചെറിയ നഷ്ടമുണ്ടാകുമെങ്കിലും മഞ്ജുവില്ലെങ്കിൽ ഈ പടം ചെയ്യത്തില്ലെന്ന് പറഞ്ഞു. അങ്ങനെ എന്റെ ആദ്യത്തെ പടം അവിടെ നിന്നു. ഞാനാകെ തകർന്ന് പോയി. വീണ്ടും ഒന്നര മാസം കഴിഞ്ഞ് മഞ്ജു റെഡിയായപ്പോൾ പടം വീണ്ടും തുടങ്ങി. ആ ഗ്യാപ്പിലാണ് ജയരാജ് ലാലിന്റെയടുത്ത് പോയി സംസാരിക്കുന്നത്. ലാൽ ആദ്യം പറ്റില്ലെന്ന് പറഞ്ഞു. പിന്നെ സമ്മതിച്ചു. മുരളിക്ക് അവസാനം വരെ എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം പുള്ളിയെ തീരുമാനിച്ചിട്ട് പിന്നെ വേണ്ടെന്ന് വെച്ചതാണ്.
ലാൽ നല്ല രീതിയിൽ ആ കഥാപാത്രം ചെയ്തെന്നും കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മുരളിക്ക് പകരം ചിത്രത്തിലെത്തിയ ലാൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടി. പിന്നീടിങ്ങോട്ട് ലാൽ അഭിനയ രംഗത്ത് സജീവമായി. കണ്ണൻ പെരുമലയൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി കളിയാട്ടത്തിൽ അവതരിപ്പിച്ചത്.
താമര എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തിയത്. പണിയൻ എന്ന വേഷം ലാലും ചെയ്തു. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നാണ് കളിയാട്ടത്തിൽ പ്രേക്ഷകർ കണ്ടത്. വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന കൃതിയെ ആസ്പദമാക്കിയെടുത്ത കളിയാട്ടം ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ബൽറാം മട്ടന്നൂരാണ് കളിയാട്ടത്തിന്റെ തിരക്കഥ എഴുതിയത്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം കളിയാട്ടത്തിലൂടെ സംവിധായകൻ ജയരാജിന് ലഭിച്ചു.


Click it and Unblock the Notifications











