കൂട്ടുകാരും രാത്രി കാലങ്ങളിലുള്ള ലഹരി സേവയുമൊക്കെ സായി കുമാറിനെ വഴിത്തെറ്റിച്ചു; കലൂര്‍ ഡെന്നീസ് പറയുന്നു
നല്ലവനായും, വില്ലനായും, പ്രായമുള്ള അച്ഛന്‍ കഥാപാത്രങ്ങളുമൊക്കെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യുന്ന നടനാണ് സായി കുമാര്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സായി കുമാര്‍ തന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷിക്കുകയാണ്. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുന്ന നടനെ പറ്റി കലൂര്‍ ഡെന്നീസ് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.
നായകനായി തിളങ്ങി നിന്ന കാലം ഉണ്ടായിരുന്നത് പോലെ ഇടയ്ക്ക് അവസരങ്ങള്‍ പോലുമില്ലാതെ സായി കുമാറിന് വേദനിക്കേണ്ടിയും വന്നിരുന്നു. കൂട്ടുകാരുടെ കൂടെ കൂടി രാത്രികാല പാര്‍ട്ടികളും ആഘോഷവുമൊക്കെയാണ് സായിയ്ക്ക് ആ അവസ്ഥ ഉണ്ടാക്കിയതെന്നാണ് മനോരമയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ ഡെന്നീസ് പറയുന്നത്. വിശദമായി വായിക്കാം...

'സിദ്ദിഖ്‌ലാല്‍ കൂട്ടുക്കെട്ടിലൊരുക്കിയ 'ഇന്‍ഹരിഹര്‍ നഗര്‍' വന്നതോടെ യുവനടന്മാരില്‍ ഏറ്റവും തിരക്കുള്ള താരമുഖമായി സായി കുമാര്‍ മാറുകയായിരുന്നു. അതോടെ ഒത്തിരി നിര്‍മാതാക്കളും സംവിധായകരുമെല്ലാം സായി കുമാറിന്റെ ഡേറ്റിന് വേണ്ടി കാത്തു നില്‍ക്കാന്‍ തുടങ്ങി. പിന്നീട് ഒന്ന്, രണ്ട് വര്‍ഷങ്ങള്‍ സായി കുമാറിന്റേതായിരുന്നു എന്നു പറയുന്നതാണ് ഏറെ ഭംഗി. സായിയുടെ മാര്‍ക്കറ്റ് വാല്യു ഉയരാന്‍ തുടങ്ങിയപ്പോള്‍ പല സുഹൃത്തുക്കളും സേവകരും സായിയുടെ അടുത്ത് വന്നുകൂടാന്‍ തുടങ്ങി.
സായിയും അതില്‍ അറിയാതെ വീണ് പോയി. പിന്നെ പല ചിത്രങ്ങള്‍ക്കും കൊടുത്തിട്ടുള്ള കോള്‍ ഷീറ്റ് തെറ്റാന്‍ തുടങ്ങിയപ്പോള്‍ സിനിമയില്‍ സ്വാഭാവികമായി സംഭവിക്കുന്ന 'താര അവഗണന' സായിയെയും സാരമായി ബാധിച്ചു. പെട്ടെന്ന് സായിക്ക് പടങ്ങള്‍ കുറയാന്‍ തുടങ്ങി. എനിക്ക് സായിക്ക് സിനിമ കൊടുക്കാന്‍ താല്‍പര്യമുണ്ടെങ്കിലും നിര്‍മാതാക്കളും സംവിധായകരുമൊക്കെ പുറംതിരിഞ്ഞു നില്‍ക്കുന്നതു കൊണ്ട് നിസ്സഹായനായി നില്‍ക്കാനേ കഴിഞ്ഞുള്ളു.
സായി എത്രയോ നല്ല ഒരു നടനാണ്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഒരേ ഒരു മകന്‍. കൂട്ടുകാരോടൊത്തുള്ള കമ്പനി കൂടലും ഉഴപ്പും അലസതയുമൊക്കെ കളഞ്ഞ് കൃത്യനിഷ്ഠയോടെ തന്റെ ജോലി നിര്‍വഹിക്കാന്‍ തുടങ്ങിയാല്‍ സായി ഒരു വലിയ ഒരു നടനായി മാറുമെന്ന് എന്റെ മനസ് പറഞ്ഞു.
ആ സമയത്താണ് പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന 'ഇരിക്കൂ എം.ഡി. അകത്തുണ്ട്' എന്ന ചിത്രത്തിന്റെ ഡിസ്‌ക്കഷന്‍ നടക്കുന്നത്. അതില്‍ സായിയ്ക്ക് പറ്റിയ ഒരു വേഷമുണ്ടെന്ന് വിശ്വംഭരനോടു ഞാന്‍ പറഞ്ഞപ്പോള്‍ കക്ഷിക്കും താല്‍പര്യ കുറവൊന്നുമുണ്ടായില്ല. വിശ്വംഭരന്‍ നിര്‍മാതാവിനോട് സംസാരിക്കാന്‍ പറഞ്ഞു. നിര്‍മാതാവും സായി കുമാറുമായി സംസാരിച്ചപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അവര്‍ തമ്മില്‍ ഒരു ധാരണയിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല.
ഒരു ആര്‍ട്ടിസ്റ്റിന്റെ മാര്‍ക്കറ്റിടിഞ്ഞാല്‍ പിന്നെ വളരെ തുച്ഛമായ പ്രതിഫലത്തില്‍ അഭിനയിപ്പിക്കാനേ ഒട്ടുമിക്ക നിര്‍മാതാക്കളും തയാറാവുകയുള്ളൂ. അങ്ങനെ പ്രതിഫലത്തിന്റെ കാര്യത്തില്‍ സായിയെ 'ഇരിക്കൂ എം.ഡി. അകത്തുണ്ട്' എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ വിശ്വംഭരനും ഞാനും നിര്‍ബന്ധിതരാവുകയായിരുന്നു. സായികുമാര്‍ ഇതറിഞ്ഞ് എന്നെ വിളിച്ചു. ഞാന്‍ നടന്ന സംഭവങ്ങളുടെ ഏകദേശ രൂപം സായിയെ പറഞ്ഞു മനസ്സിലാക്കി.

പിറ്റേന്ന് വിശ്വംഭരനും ഞാനും എന്റെ അസിസ്റ്റന്റ് കുഞ്ഞുമോനും കൂടി ഇരിക്കൂ എംഡി അകത്തുണ്ട് എന്ന സിനിമയുടെ റിക്കാര്‍ഡിങ്ങിനു മദ്രാസില്‍ പോകുന്ന വിവരം നേരത്തെ തന്നെ സായിക്കറിയാമായിരുന്നു. ഞങ്ങള്‍ മദ്രാസിനു പോകാനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയാണ്. ട്രെയിന്‍ എത്താന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ അതാ വരുന്നു സായികുമാര്‍. ഞങ്ങള്‍ സായിയെ അവിടെ ഒട്ടും പ്രതീക്ഷിച്ചതല്ല.
ആലപ്പുഴയില്‍ നിന്ന് ഞങ്ങളെ കാണാന്‍ വേണ്ടി മാത്രം കാറും പിടിച്ച് വന്നിരിക്കുകയാണ്. സായിയുടെ അപ്പോഴത്തെ മാനസികാവസ്ഥ കണ്ടപ്പോള്‍ ഞാന്‍ ആകെ വല്ലാതായി. ഞാന്‍ വിശ്വംഭരനെ ഒന്നു നോക്കി.
''പ്രതിഫലത്തിന്റെ കാര്യമൊന്നും എനിക്ക് പ്രശ്‌നമല്ല സാര്‍. ആ സിനിമയില്‍ ഞാനും ഉണ്ടാകണം' എന്ന് പറഞ്ഞു. ആ ഒറ്റ വാചകത്തില്‍ കൂടുതലൊന്നും പിന്നെ സായിക്ക് പറയേണ്ടി വന്നില്ല. അങ്ങനെ നിര്‍മാതാവ് പറഞ്ഞിരുന്ന പ്രതിഫലത്തില്‍ സായി കുമാര്‍ ആ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.
കൂട്ടുകാരും കമ്പനിയും രാത്രി കാലങ്ങളിലുള്ള ലഹരി സേവയുമൊക്കെ സായി പെട്ടെന്ന് നിര്‍ത്തുകയും ജോലി കഴിഞ്ഞുള്ള സുഹൃത്ത് ബന്ധങ്ങള്‍ മാത്രമായി തന്റെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ സായിയുടെ കരിയര്‍ വീണ്ടും തെളിഞ്ഞു. പിന്നെ സായിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും', ഡെന്നീസ് പറയുന്നു.
നായകനില്‍ നിന്നും മാറി ക്യാരക്ടര്‍ റോളുകളാണ് സായി കുമാറിപ്പോള്‍ അവതരിപ്പിക്കുന്നത്. ആറാട്ട്, സിബിഐ 5: ദി ബ്രെയിന്‍, എന്നീ സിനിമകളാണ് കഴിഞ്ഞ വര്‍ഷം നടന്റേതായി പുറത്ത് വന്നത്. സല്യൂട്ട് എന്ന ചിത്രമാണ് അവസാനമായി സായി കുമാറിന്റേതായി പുറത്ത് വന്നത്. നിലവില്‍ നടി ബിന്ദു പണിക്കരെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ച് വരികയാണ് നടന്‍.


Click it and Unblock the Notifications











