'ലൊക്കേഷനിൽ എത്തിയാൽ മോഹൻലാലിനെപ്പോലെ തന്നെയാണ് ജയഭാരതിയും'; അനുഭവം വെളിപ്പെടുത്തി കലൂർ ഡെന്നീസ്!
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി നയനങ്ങളിൽ പ്രണയവും കുസൃതിയും ഒളിപ്പിച്ച്. നിറഞ്ഞ ചിരിയോടെ മലയാളികളുടെ മനം കവർന്ന സ്വപ്നസുന്ദരി... ഇമേജിനെ തെല്ലും ഭയക്കാതെ തനിക്ക് കിട്ടുന്ന ഏത് റോളും അവസ്മരണീയമാക്കിയ നായിക... അതായിരുന്നു ജയഭാരതി. ഗാനരംഗങ്ങളിൽ അവർ പുലർത്തിയിരുന്ന സ്വാഭാവികയും കൃത്യതയും കണ്ട് മാധുരിയമ്മയുടെ ശബ്ദം ജയഭാരതിയുടേതാണെന്ന് ഒരു കാലത്ത് പ്രേക്ഷകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. അഴകിൻ്റെയും അഭിനയത്തിൻ്റെയും അപൂർവ്വ ചാരുത കഴിഞ്ഞ ദിവസമാണ് സപ്തതി ആഘോഷിച്ചത്.
22 വർഷങ്ങളായി സിനിമയിൽ സജീവമല്ലെങ്കിലും ജയഭാരതി തീർത്ത വശ്യസൗന്ദര്യത്തിൻ്റെ മായാജാലം ഇന്നും അവശേഷിക്കുന്നു. കൊല്ലം തേവള്ളി സ്വദേശിനിയായിരുന്നു. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ നർത്തകിയായി മദ്രാസിലെത്തി. ശശികുമാറിൻ്റെ പെൺമക്കൾ എന്ന സിനിമയിലൂടെ പതിമൂന്നാം വയസിൽ അഭിനയം ആരംഭിച്ചു. ലഷ്മി ഭാരതിയെന്ന പേര് പിന്നീട് സിനിമയിലെത്തിയ ശേഷമാണ് ജയഭാരതിയായി മാറിയത്.

പി.ഭാസ്കരൻ്റെ കാട്ടുകുരങ്ങാണ് അഭിനേത്രി എന്ന നിലയിൽ ജയഭാരതിയെ ശ്രദ്ധേയയാക്കിയത്. ചലച്ചിത്ര നിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിന് രണ്ട് മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞുവെങ്കിലും അവസാനകാലം അവർ രമ്യതയിലായിരുന്നു.
1984ൽ ജനിച്ച ക്രിഷ് സത്താർ, ജയഭാരതി ദമ്പതികളുടെ ഏക പുത്രനാണ്. എഞ്ചിനീയറിങ് മികച്ച നിലയിൽ പാസായ ഉണ്ണി യുകെയിൽ ഭാര്യ ത്രിപുരസുന്ദരി സോനാലിക്കും മകൾ അംബക്കുമൊപ്പമാണ് താമസം. 2002ൽ ഇറങ്ങിയ മോഹൻലാൽ ചിത്രം ഒന്നാമനിലാണ് ജയഭാരതി ഒടുവിൽ അഭിനയിച്ചത്. കഴിഞ്ഞ ദിവസം പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സഹതാരങ്ങളുമെല്ലം എത്തിയിരുന്നു.
ഇപ്പോഴിതാ ജയഭാരതിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം തിരക്കഥ കൃത്ത് കലൂർ ഡെന്നീസ് മനോരമ ഓൺലൈനിനോട് പങ്കിട്ടു. ഞങ്ങൾ ചിത്രപൗർണമി സിനിമാവാരിക തുടങ്ങിയശേഷം അതിന്റെ ജോലികളുമായി ഓടി നടക്കുമ്പോഴാണ് ഒരു എക്സ്ക്ലൂസീവായ വാർത്ത കിട്ടുന്നത്. പ്രശസ്ത നായകനാടൻ വിൻസന്റും ജയഭാരതിയുടെ അനുജത്തിയും തമ്മിൽ വിവാഹിതരാവുന്നു എന്നതായിരുന്നു ആ വാർത്ത.
ഞങ്ങളുടെ സുഹൃത്തും സാഹിത്യകാരനും പത്രപ്രവർത്തനുമൊക്കെയായ വിജയൻ കരോട്ടാണ് ആ വാർത്ത അയച്ച് തന്നത്. മറ്റ് വാരികകളിൽ വരുന്നതിന് മുമ്പ് തന്നെ ഫ്രണ്ട് പേജിൽ തന്നെ ഞങ്ങളത് കൊടുക്കുകയും ചെയ്തു. മറ്റാർക്കും കിട്ടാത്ത ആ വാർത്ത എവിടുന്ന് കിട്ടിയെന്ന ചർച്ചയായിരുന്നു അന്ന് സിനിമാ ലോകത്ത് നടന്നത്. ആ വാര്‍ത്ത വന്ന് കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ മദ്രാസിൽ നിന്ന് ഞങ്ങൾക്ക് ഒരു വക്കീൽ നോട്ടീസ് വന്നു.

ഞങ്ങളത് പൊട്ടിച്ച് വായിച്ചപ്പോഴാണ് പ്രശസ്ത നടിയായ ജയഭാരതിയുടെ വക്കീൽ നോട്ടീസാണെന്ന് മനസിലായത്. ജയഭാരതിയുടെ അനിയത്തിയും സിനിമാ നടൻ വിൻസെന്റുമായുള്ള വ്യാജ വിവാഹവാർത്ത കൊടുത്തതിന്റെ പേരിലുള്ള വക്കീൽ നോട്ടീസായിരുന്നു അത്. പിന്നീട് സിനിമാ വാർത്ത കണ്ടെത്താനായി കലിയുഗത്തിന്റെ ലൊക്കേഷനായ ആലുവാ പാലസിലെത്തിയപ്പോൾ ആദ്യം കണ്ടത് ജയഭാരതിയെയായിരുന്നു.
ഞങ്ങൾ ചിത്രപൗർണമിയുടെ ആൾക്കാരാണെന്ന് ജയഭാരതിയോട് പറഞ്ഞു. ചിത്രപൗർണമിയെന്ന് കേട്ടപ്പോൾ അവർ ദേഷ്യത്തിൽ നടന്നുകൊണ്ട് എന്തൊക്കെയോ പറഞ്ഞ് മുറിയിലേക്ക് നടന്നു. ഒരനുനയത്തിലുണ്ടായ സത്യാവസ്ഥ ഞങ്ങൾ നിരത്തിയപ്പോൾ ജയഭാരതി അൽപം ഒന്ന് തണുത്തു. അവരുടെ സംസാരത്തിൽ ദേഷ്യവും സങ്കടവും ഒരേയളവിൽ പിണഞ്ഞ് കിടന്നു. അവർ പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നിയപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.
പിന്നീട് ആറേഴ് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ജയഭാരതിയുടെ സാന്നിധ്യം ഉപയോഗിക്കാനുള്ള അവസരം എനിക്ക് വന്ന് ചേർന്നത്. ഞാനും ജോഷിയും കൂടി ചെയ്യുന്ന ജനുവരി ഒരു ഓർമയിൽ മോഹൻലാലിന്റെ പ്രൗഢയായ അമ്മ വേഷം ആർക്ക് കൊടുക്കുമെന്നുള്ള ചർച്ചയിലാണ് പെട്ടെന്ന് എന്റെ മനസിലേക്ക് ജയഭാരതി കടന്ന് വന്നത്. ഞാനത് ജോഷിയോട് സൂചിപ്പിച്ചപ്പോൾ എന്റെ സെലക്ഷൻ അയാൾക്കും ഇഷ്ടമായി.
ഞാൻ ക്യാരക്ടറിനെക്കുറിച്ചും മോഹൻലാലിന്റെ അമ്മയുടെ വേഷമാണെന്നുമൊക്കെ പറഞ്ഞപ്പോൾ ആറേഴ് വർഷമായി അഭിനയരംഗത്ത് നിന്നും മാറി നിന്നിരുന്ന അവർ ആ കഥാപാത്രം ചെയ്യാനായി സമ്മതം മൂളുകയായിരുന്നു. ജയഭാരതിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നത് കാണാനായി ആദ്യദിവസം തന്നെ ഞാൻ ലൊക്കേഷനിൽ പോയി. അമ്മയും മകനും തമ്മിലുള്ള സെന്റിമെന്റ്സ് സീനിൽ ജയഭാരതിയുടെ ഇരുത്തം വന്ന അഭിനയം വളരെ പ്രശംസനീയമായിരുന്നു.
പിന്നീട് പതിനൊന്ന് വർഷങ്ങൾക്കുശേഷമാണ് ഞാൻ എഴുതി പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത എഴുപുന്നതരകനിലും ജയഭാരതിയെ അഭിനയിക്കാനായി ഞാൻ വിളിക്കുന്നത്. അതിൽ മമ്മൂട്ടിയുടെ ആന്റിയുടെ വേഷമായിരുന്നു അവർക്ക്. അഭിനയിക്കാൻ ലൊക്കേഷനിലെത്തിയാൽ മോഹൻലാലിനെപ്പോലെ തന്നെയാണ് ജയഭാരതിയും.
സംവിധായകനോ നിർമാതാവിനോ ഒന്നും ഒരു തലവേദനയും ഉണ്ടാവാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. താൻ വലിയ നായിക താരമായിരുന്നെന്ന അഹങ്കാരമോ, ആ ഷോട്ടിൽ അഭിനയിക്കില്ല, ആ വസ്ത്രം ധരിക്കില്ല എന്നുള്ള അനാവശ്യമായ വാശിപിടുത്തമോ ഒന്നും ജയഭാരതി കാണിക്കാറില്ലെന്നും പ്രിയപ്പെട്ട അഭിനേത്രിയെ കുറിച്ചുള്ള ഓർമകൾ പങ്കിട്ട് കലൂർ ഡെന്നീസ് കുറിച്ചു.


Click it and Unblock the Notifications











