രണ്ട് മുറിയിൽ താമസം,അകൽച്ച അന്നേ തോന്നി; പിരിഞ്ഞ ശേഷം കൽപ്പനയ്ക്ക് വാശിയായിരുന്നു; ആലപ്പി അഷ്റഫ്
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച കൽപ്പന. ശ്രദ്ധേയമായ കഥാപാത്രങ്ങൾ തുടരെ ലഭിച്ച് കൊണ്ടിരിക്കെയാണ് കൽപ്പന ലോകത്തോട് വിട പറയുന്നത്. കൽപ്പനയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് മകൾ ശ്രീമയി. കഴിഞ്ഞ ദിവസമാണ് കൽപ്പനയുടെ മുൻ ഭർത്താവ് സംവിധായകൻ അനിൽ കുമാർ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഇപ്പോഴത്തെ ഭാര്യക്കൊപ്പമുള്ള അനിലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സംവിധായകൻ രണ്ടാമത് വിവാഹം ചെയ്തെ്ന കാര്യം ഇപ്പോഴാണ് പലരും അറിയുന്നത്.
അനിൽ കുമാർ-കൽപ്പന വിവാഹ ജീവിതത്തിലുണ്ടായ താളപ്പിഴകളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൽ സംവിധായകൻ ആലപ്പി അഷ്റഫ്. കൽപ്പനയുടെ സുഹൃത്തായിരുന്ന ആലപ്പി അഷ്റഫ് നടിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങളുണ്ടായപ്പോഴും കൽപ്പന അതേക്കുറിച്ചൊന്നും തുറന്ന് പറഞ്ഞിരുന്നില്ലെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. കൽപനയെ വിവാഹം ചെയ്ത് കൊണ്ട് വന്നത് എന്റെ നാടായ ആലപ്പുഴയിലേക്കാണ്. ഒരു വീട് വിലയ്ക്ക് വാങ്ങി അത് വീണ്ടും മോടി പിടിപ്പിച്ച് വലിയ സെറ്റപ്പിലായിരുന്നു അവരവിടെ കഴിഞ്ഞത്.

ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. ഒരിക്കൽ ഞാൻ അവിടെ പോയി. കൽപ്പനയുടെ മകൾക്ക് അന്ന് മൂന്ന് വയസേയുള്ളൂ. മോളേ അങ്കിളിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങൂ എന്ന് പറഞ്ഞു. ആ കുട്ടി എന്റെ കാൽ തൊട്ട് തൊഴുതു. ഏത് കലാകാരൻമാർ വന്നാലും അവരുടെ അനുഗ്രഹം എന്റെ മകൾക്കുണ്ടാകണമെന്ന് കൽപ്പന അന്ന് പറഞ്ഞു. അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ പല ഗുണങ്ങളും കൽപ്പന മകൾക്കും പകർന്ന് കൊടുത്തു.
ജഗതി ശ്രീകുമാർ നിർമ്മിച്ച് അനിൽ സംവിധാനം ചെയ്ത എല്ലാം മായാജാലം എന്ന കോമഡി സീരിയലുണ്ടായിരുന്നു. എസ്ഐയായി ഞാനും ആ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. കൽപ്പനയുമായാണ് കോംബിനേഷൻ സീനുകൾ മുഴുവൻ. ആ സീരിയലിൽ അഭിനയിക്കുമ്പോൾ ഞങ്ങളൊക്കെ താമസിച്ച ഹോട്ടലിൽ കൽപ്പന പ്രത്യേക റൂമിലും അനിൽ വേറെ റൂമിലുമാണ് താമസിച്ചത്. ഇവരെന്താണ് ഒരുമിച്ച് ഒരു റൂമിൽ താമസിക്കാത്തതെന്ന് എന്റെ മനസിൽ പല പ്രാവശ്യം സംശയം തോന്നി.

ഇവർ തമ്മിൽ അകൽച്ചയുണ്ടെന്ന് അന്നേ തനിക്ക് മനസിലായെന്ന് സംവിധായകൻ ഓർത്തു. വിവാഹ ജീവിതം വേർപിരിയലിൽ അവസാനിച്ചെങ്കിലും കൽപ്പന തളർന്നില്ല. മകൾക്കായി ജീവിതം മാറ്റി വെച്ചു. പോയവർ പോട്ടെ, അതൊന്നും ഓർത്ത് ഞാനിനി തളരില്ല. എന്റെ മകൾക്ക് വേണ്ടി ഞാൻ പൂർവാധികം ശക്തിയോടെ വരും ഇക്കാ, എന്ന് ധൈര്യത്തോടെ കൽപ്പന പറഞ്ഞത് ഇന്നും ഓർക്കുന്നു. പിന്നീട് കൽപ്പനയ്ക്ക് വല്ലാത്തൊരു വാശിയായിരുന്നു ജീവിതത്തോട്.
കരഞ്ഞ് പിഴിഞ്ഞിരിക്കാൻ ഞാൻ കണ്ണീർ സീരിയലിലെ നായികയല്ലെന്നും ഒരിക്കൽ കൽപ്പന തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് വ്യക്തമാക്കി. അമ്മയുടെ സഹോദരൻ എന്ന് പറഞ്ഞാണ് കൽപ്പന എന്നെ പരിചയപ്പെടുത്തിയിരുന്നത്. അത്രമാത്രം സ്നേഹം എന്നോട് കൽപ്പനയ്ക്കുണ്ടായിരുന്നു. എങ്കിൽ പോലും സ്വകാര്യ ദുഖങ്ങളൊന്നും കൽപ്പന തന്നോട് അധികം പറഞ്ഞിട്ടില്ലെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. കൽപ്പന ഒരുപിടി ഗുളികളാണ് ഒരു ദിവസം കഴിക്കുന്നത്. ഒരുപാട് എണ്ണ പലഹാരങ്ങളും കഴിക്കും. ഇത് അനാരോഗ്യകരമാണെന്ന് ഉപദേശിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് ഓർത്തു.


Click it and Unblock the Notifications