ഉർവശി കോംപ്രമെെസിന് വന്നു; സെറ്റിൽ ആകെ ബഹളം, കൽപ്പന കരഞ്ഞു; അന്നുണ്ടായ പ്രശ്നം: മുൻ ഭർത്താവ് അനിൽ
മലയാളികൾക്ക് മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത നടി കൽപ്പന മരിച്ചിട്ട് 9 വർഷങ്ങൾ പിന്നിട്ടു. ഇന്നും പ്രിയനടിയെ പ്രേക്ഷകർ മറന്നിട്ടില്ല. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോകവെയാണ് കൽപ്പന അപ്രതീക്ഷിതമായി ലോകത്തോട് വിട പറയുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. മകളും അമ്മയും സഹോദരിമാരും അടങ്ങുന്നതായിരുന്നു കൽപ്പനയുടെ ലോകം. സംവിധായകൻ അനിലായിരുന്നു നടിയുടെ ഭർത്താവ്. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ പിരിഞ്ഞു.
മകൾക്ക് വേണ്ടിയായിരുന്നു പിന്നീട് കൽപ്പനയുടെ ജീവിതം. വേർപിരിഞ്ഞ ശേഷം അനിലിന്റെ ഭാഗത്ത് നിന്നും കുറ്റപ്പെടുത്തലുകളുണ്ടായപ്പോൾ പോലും പരസ്യ പ്രതികരണത്തിന് കൽപ്പന തയ്യാറായില്ല. തന്റെ മകളുടെ അച്ഛനാണദ്ദേഹമെന്നും കുറ്റപ്പെടുത്താനില്ലെന്നും ഒരിക്കൽ നടി വ്യക്തമാക്കുകയുമുണ്ടായി. ഇപ്പോഴിതാ വിവാഹത്തിന് മുമ്പ് ഒരുമിച്ച് സിനിമ ചെയ്തപ്പോൾ കൽപ്പനയ്ക്കൊപ്പമുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അനിൽ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ഇഞ്ചക്കാടൻ മത്തായിയിൽ അഭിനയിച്ച് കൊണ്ടാണ് നിങ്ങളെ ഞാൻ കല്യാണം കഴിച്ചതെന്ന് കൽപ്പന എന്നോട് പറയുമായിരുന്നു. അതിന് പിന്നിൽ ഒരു കഥയുണ്ടെന്ന് അനിൽ പറയുന്നു. എറണാകുളത്തെ പള്ളിയിലെ ഒരു കല്യാണമാണ് സീൻ. സുരേഷ് ഗോപിയുടെയും ശരണ്യയുടെയും കല്യാണ സീൻ. ഷൂട്ടിന് എല്ലാ ആർട്ടിസ്റ്റുകളുമുണ്ട്. എല്ലാവർക്കും കോസ്റ്റ്യൂം കൊടുക്കുന്നു. കൽപ്പന അഭിനയിക്കുന്ന അവരുടെ വീട്ടിലെ വേലക്കാരിയായാണ്. അവർക്ക് ചട്ടയും മുണ്ടും കൊടുത്താൽ മതിയെന്ന് കോസ്റ്റ്യൂമർ ബാബുവിനോട് ഞാൻ പറഞ്ഞു.
കുറച്ച് കഴിഞ്ഞ് വന്ന് കൽപ്പന സാരി ഉടുക്കാമെന്ന് പറയുന്നെന്ന് ബാബു എന്നോട് പറഞ്ഞു. അവരാണോ തീരുമാനിക്കുന്നത്, അവർ ചട്ടയും മുണ്ടും ഇട്ടാൽ മതിയെന്ന് ഞാൻ. കുറച്ച് കഴിഞ്ഞ് ലളിത ചേച്ചിയും ഉർവശിയും കൂടെ ഒരു കോംപ്രമെെസിന് വന്നു. വേലക്കാരി വീട്ടിന് പുറത്ത് പോയാലും ചട്ടയും മുണ്ടുമാണോ ഇടുന്നത് അനിലേ എന്ന് ലളിത ചേച്ചി ചോദിച്ചു. എന്നെ ഭരിക്കാൻ വന്നപ്പോൾ എനിക്ക് പിന്നെയും ഭയങ്കരമായി ദേഷ്യം വന്നു. അവർ ചട്ടയും മുണ്ടും തന്നെയേ ഇടുന്നുള്ളൂ, അതിലെന്തിനാണ് നിങ്ങൾ ഇടപെടുന്നതെന്ന് ചോദിച്ച് ബഹളമായി. കുറേ നേരത്തേക്ക് ഷൂട്ട് വൈകി.

എന്താണ് പ്രശ്നമെന്ന് ചോദിക്കുമ്പോൾ കൽപ്പനയ്ക്ക് ചട്ടയും മുണ്ടും ഇടാൻ പറ്റില്ല, എന്താണ് ഒരു ആർട്ടിസ്റ്റിന് കോസ്റ്റ്യൂം ഇട്ടാൽ എന്നൊക്കെ പറഞ്ഞ് ബഹളമായി. ഇവർ കരച്ചിലായി. അങ്ങനെ കൽപ്പന ചട്ടയും മുണ്ടും ഇട്ടു. ഇവരെന്നെ ടോർച്ചർ ചെയ്ത് ചട്ടയും മുണ്ടും ഇടീച്ചു എന്നാണ് കൽപ്പനയുടെ പക്ഷം. അന്ന് തീരുമാനിച്ചതാണ്, ഞാൻ പറയുന്ന വഴി ഇയാളെക്കൊണ്ട് നടത്തിക്കുമെന്ന്, അത് കൊണ്ടാണ് കല്യാണം കഴിച്ചതെന്ന് കൽപ്പന എപ്പോഴും പറയുമായിരുന്നന്നും അനിൽ ഓർത്തു.
ശ്രീസംഖ്യ എന്നാണ് കൽപ്പനയുടെയും അനിലിന്റെയും മകളുടെ പേര്. കൽപ്പനയുടെ അമ്മയ്ക്കും സഹോദരി കലാരഞ്ജിനിക്കുമൊപ്പമാണ് ശ്രീസംഖ്യയുള്ളത്. ചെറുപ്പം മുതലേ ശ്രീസംഖ്യയെ വളർത്തിയത് കൽപ്പനയുടെ അമ്മയാണ്. അമ്മയെന്നാണ് മുത്തശ്ശിയെ ശ്രീസംഖ്യ വിളിക്കുന്നതും. അഭിനയ രംഗത്ത് ഇതിനോടകം ശ്രീസംഖ്യ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. ഉർവശിയുടെ മകൾ തേജാലക്ഷ്മിയും അഭിനയ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. താര കുടുംബത്തിലെ പുതുതലമുറയും സിനിമയിൽ തുടക്കം കുറിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്.


Click it and Unblock the Notifications