'ശ്രീദേവിയുടെയും രവികുമാറിന്റെ രജിസ്റ്റര്‍ വിവാഹം,' ആളെ കിട്ടാത്തത് കൊണ്ട് സാക്ഷിയാകേണ്ടി വന്നു; കലൂർ ഡെന്നീസ്

ഒരു കാലത്ത് മലയാള സിനിമയില്‍ നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങിയ നടന്‍ രവികുമാറിന്റെ വിയോഗമുണ്ടായതിന്റെ വേദനയിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഏറെ കാലമായി അസുഖബാധിതനായിരുന്ന താരം അര്‍ബുദത്തിനുള്ള ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ആരോഗ്യാവസ്ഥ മോശമായ താരത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

എഴുപതുകളിലും എന്‍പതുകളിലുമൊക്കെ പ്രണയനായകനായിട്ടാണ് രവികുമാര്‍ പ്രേക്ഷക മനസുകളില്‍ നിറയുന്നത്. നടന്റെ വിയോഗത്തോട് അനുബന്ധിച്ച് പഴയ കഥാപാത്രങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചാണ് സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ എത്തുന്നത്. ഇതിനിടയില്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ് രവികുമാറിനെയും ശ്രീദേവിയെ കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പഴയകാലത്തുണ്ടായ സംഭവങ്ങളെ പറ്റി ഡെന്നീസ് സംസാരിച്ചത്.

ravikumar

''പ്രേം നസീറിന് ശേഷം പ്രണയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ച നടനായിരുന്നു രവികുമാര്‍. രവികുമാറിന്റെ പാതി വിടര്‍ന്ന ചിരിയും കണ്ണുകളിലെ പ്രണയഭാവവും പ്രത്യേക മാനറിസവുമൊക്കെ ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹം അന്നത്തെ കോളേജ് കുമാരിമാരുടെ ആരാധനാപാത്രമായി മാറി. ഐവി ശശിയുടെ പടങ്ങളാണ് അദ്ദേഹത്തിന് പ്രണയനായകന്റെ പട്ടം നേടി കൊടുത്തത്.

ഐവി ശശിയുടെ അവളുടെ രാവുകള്‍ എന്ന സിനിമയില്‍ സീമയുടെ കൂടെ നായകനായി അഭിനയിച്ചതോടെയാണ് രവികുമാറിന്റെ സിനിമാ ജീവിതവും മാറി മറിയുന്നത്. ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി. വിധിയിലും നിമിത്തങ്ങളിലും അത്ര വിശ്വാസമില്ലെങ്കിലും ചില സമയങ്ങളില്‍ ഈ വിധിയാണ് ശശിയെന്ന രക്ഷകന്റെ രൂപത്തിലെത്തിയതെന്നാണ് രവികുമാര്‍ പറയുന്നത്. കാരണം ഐ വി ശശിയുടെ ഇരുപതോളം ചിത്രങ്ങളില്‍ നായകനായി അഭിനയിക്കാന്‍ രവികുമാറിന് സാധിച്ചത് അതുകൊണ്ടാവാം.

രവികുമാറിന്റെ അച്ഛന്‍ കെഎംകെ മേനോന്‍ സിനിമാ നിര്‍മാതാവും അമ്മ ഭാരതി മേനോന്‍ ഒരു അഭിനേത്രിയുമായിരുന്നു. സിനിമാ പാരമ്പര്യമുള്ള നല്ലൊരു പശ്ചാതലത്തില്‍ നിന്നും വന്നത് കൊണ്ട് സിനിമ എന്താണെന്നും ഒരു സിനിമാ നടന് വേണ്ട യോഗ്യതകള്‍ എന്താണെന്നുമൊക്കെയുള്ള അനുഭവപാഠങ്ങള്‍ ഉള്‍കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാനും ഇടപഴകാനും രവികുമാറിന് അറിയാമായിരുന്നു. 'എളിമയും വിനയവും മുഖമുദ്രയാക്കിയിട്ടുള്ള ഒരു ഡിപ്ലോമാറ്റിക് പേഴ്‌സന്‍' എന്നാണ് രവികുമാറിനെ കുറിച്ച് ഞാനാദ്യം കേട്ടിട്ടുള്ളത്. പിന്നെ ഞാന്‍ തിരക്കഥ എഴുതിയ രണ്ട് ചിത്രങ്ങളില്‍ മാത്രമേ രവികുമാര്‍ അഭിനയിച്ചിട്ടുള്ളു എന്നും ഡെന്നീസ് പറയുന്നു.

എണ്‍പതുകളുടെ പകുതിയോട് കൂടിയാണ് രവികുമാറിന്റെ സിനിമകളിലെ അവസരം കുറയുന്നത്. അതൊരു കാരണമായതോടെയാണ് അദ്ദേഹം തമിഴിലേക്ക് പോകുന്നത്. അവിടെ എല്ലാം ക്യാരക്ടര്‍ റോളുകളായിരുന്നു. പിന്നീട് 1982 ല്‍ ജോഷി സംവിധാനം ചെയ്ത് ഞാന്‍ തിരക്കഥ എഴുതിയ 'കര്‍ത്തവ്യം' എന്ന സിനിമയില്‍ രവി അഭിനയിക്കാന്‍ വന്നു. അതില്‍ നടി ശ്രീപ്രിയയെ പ്രണയം നടിച്ച് ചതിച്ച് ചതിയില്‍പ്പെടുത്തുന്ന നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും അദ്ദേഹം അതെ കുറിച്ച് ചോദിച്ചില്ല. ഒരു പരിഭവമോ പരാതിയോ ഇല്ലാതെ അഭിനയിച്ചിട്ട് പോയി.

ravikumar

ഇതിനിടെ രവിയും താനും കൂടുതല്‍ അടുപ്പത്തിലാവാന്‍ കാരണമായൊരു സിനിമയുണ്ടെന്ന് ഡെന്നീസ് കൂട്ടിച്ചേര്‍ത്തു... 'ഈ മനോഹരതീരത്തിന്റെ തിരക്കഥ വായിച്ച് കേള്‍പ്പിക്കാനും ചില ആര്‍ട്ടിസ്റ്റുകളെ ബുക്ക് ചെയ്യാനും അതിന്റെ നിര്‍മാതാക്കളോടൊപ്പം ഞാനും ഐവി ശശിയെ കാണാന്‍ ഹൈദരാബാദിലേക്ക് പോയി. അന്ന് ഹൈദരബാദില്‍ ശശിയുടെ അംഗീകാരം എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ഞങ്ങളെത്തിയ സമയത്ത് ശ്രീദേവിയും രവികുമാറും തമ്മിലുള്ള സീന്‍ എടുക്കാന്‍ ഒരുങ്ങുകയായിരുന്നു. അവര്‍ രണ്ടാളെയും ശശി എനിക്ക് പരിചയപ്പെടുത്തി തന്നു.

അവിടെ രജിസ്റ്റര്‍ മ്യാരേജ് നടക്കുന്നതാണ് സീന്‍. സിനിമയിലെ നായകനും നായികയുമായ രവി കുമാറും ശ്രീദേവിയും ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം ചെയ്യാനെത്തിയിരിക്കുകയാണ്. അവര്‍ക്ക് സാക്ഷികളായി രണ്ട് പേരെ വേണം. അതിനായി രണ്ട് തമിഴന്മാരെയാണ് അസോസിയേറ്റ് കൊണ്ട് വന്ന് നിര്‍ത്തിയത്. അത് കണ്ടതും കേരളത്തില്‍ നടക്കുന്ന രജിസ്റ്റര്‍ മ്യാരേജിന് തമിഴന്മാരെയാണോ സാക്ഷികളായി കൊണ്ട് വന്നിരിക്കുന്നതെന്ന് ചോദിച്ച് ശശി ചൂടായി. അവിടെ തമിഴന്മാരും തെലുങ്കരുമല്ലാതെ വേറെയാരുമില്ല. ഇതോടെ അസോസിയേറ്റ് കുടുങ്ങി.

ആരെയും കിട്ടാതെ വന്നതോടെ ശശി എന്നോടും കൂടെ വന്ന സുഹൃത്ത് മാത്യൂവിനോടും ആ സീനില്‍ സാക്ഷികളായി നില്‍ക്കാന്‍ പറഞ്ഞു. മടിച്ചെങ്കിലും അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി നിന്നു. അങ്ങനെയാണ് ആദ്യമായി ഒരു മൂവി ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതെന്നും അന്ന് മുതല്‍ രവികുമാറുമായി നല്ല സൗഹൃദമാണെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ക്കുന്നു....

അതേ സമയം രവികുമാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി സീമയും എത്തിയിരുന്നു. 'രവി അണ്ണനെ എനിക്ക് മറക്കാന്‍ കഴിയില്ലെന്നാണ് സീമ പറഞ്ഞത്. സിനിമയില്‍ ആദ്യം മുതല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആളല്ലേ. അദ്ദേഹം വളരെ നല്ലൊരു വ്യക്തിയായിരുന്നു. സിനിമയില്‍ എന്റെ കൂടെ അഭിനയിക്കാമോ എന്നാദ്യം ചോദിച്ചത് പുള്ളിയുടെ അടുത്താണ്. അണ്ണാ എന്റെ പടത്തില്‍ അഭിനയിക്കാമോ എന്നാണ് ചോദിച്ചത്. അതിന് നീ എന്തിനാണ് അണ്ണാ എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. എന്താ അങ്ങനെ വിളിക്കാന്‍ പാടില്ലേ എന്ന് ഞാനും ചോദിച്ചു. ഇനി മുതല്‍ എന്നും നീ അണ്ണാ എന്ന് വിളിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്നും ഞാന്‍ അങ്ങനെ തന്നെയാണ് വിളിച്ചത്. ഫോണ്‍ എടുത്തിട്ട് അണ്ണാ എന്ന് വിളിച്ചു. മോന്‍ ആണ് ഫോണ്‍ എടുത്തത്. അവന്‍ പറഞ്ഞു 'ആന്റി, അച്ഛന്‍ പോയി', എന്ന്. ശശി ചേട്ടനും രവി അണ്ണനും തമ്മില്‍ ഭയങ്കര അടുപ്പമായിരുന്നു. അതുപോലെ കമല്‍, സോമേട്ടന്‍, ഇവരൊക്കെ തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും വിളിക്കുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ വിളിച്ചപ്പോള്‍ മകന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞു. പിന്നീട് നവംബറില്‍ മകന് നല്ലൊരു കുഞ്ഞുണ്ടാകാന്‍ നീ പ്രാര്‍ഥിക്കണമെന്നും പറഞ്ഞു. ഡിസംബറിലാണ് കുഞ്ഞ് ജനിച്ചെന്നും പറയുന്നത്. 'സൂപ്പര്‍ താത്ത' എന്ന് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസമായിട്ട് എന്നെ വിളിച്ചില്ലല്ലോ എന്നാലോചിച്ച് ഇരിക്കുവായിരുന്നു. അപ്പോഴാണ് ഇങ്ങോട്ട് വിളി വരുന്നത്. അത് കണ്ടതും ചീത്ത പറയാന്‍ തുടങ്ങിയതാണ്... എന്താ അണ്ണാ എന്നെ ഇപ്പോഴാണോ ഓര്‍മ്മ വന്നതെന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ മകന്‍ കരയുകയാണ്. അദ്ദേഹത്തോടൊപ്പം എത്ര സിനിമയിലൊക്കെ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം തനിക്ക് തന്നെ ഓര്‍മ്മയില്ല. എപ്പോള്‍ നോക്കിയാലും എന്റെ കൂടെ രവിയണ്ണനോ അല്ലെങ്കില്‍ ജയന്‍ ചേട്ടനോ ആയിരിക്കുമെന്നും മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ സീമ വ്യക്തമാക്കുന്നു.

മലയാളിയായ രവികുമാര്‍ തൃശൂര്‍ ജില്ലയിലാണ് ജനിക്കുന്നത്. മ1975 ല്‍ പുറത്തിറങ്ങിയ ഉല്ലാസയാത്ര എന്ന സിനിമയിലായിരുന്നു രവികുമാര്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് മലയാള സിനിമയിലെ നായകനായി വളര്‍ന്നു. ഇടയ്ക്ക് വില്ലനായിട്ടും നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രങ്ങളുമൊക്കെ രവികുമാര്‍ അവതരിപ്പിച്ചു. മലയാളത്തില്‍ നിന്നും മാറി തമിഴിലും തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അവിടെയും നായകനായി തന്നെ തിളങ്ങി. ഇടയ്ക്ക് സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും രവികുമാര്‍ സജീവമായിരുന്നു.

More from Filmibeat

Read more about: ravikumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X