കല്യാണിയെക്കണ്ട് കരഞ്ഞ് ലിസി! ഇങ്ങനെയാണ് വരവെങ്കില്‍ കരയാന്‍ ഗ്ലിസറിന്‍ വേണ്ടായിരുന്നുവെന്ന് താരം!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന അരങ്ങേറ്റങ്ങളിലൊന്നായിരുന്നു കല്യാണിയുടേത്. പ്രിയദര്‍ശനും ലിസിക്കും പിന്നാലെയായാണ് കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയിലേക്ക് എത്തിയത്. മകള്‍ ക്യാമറയ്ക്ക് മുന്നിലാണെങ്കില്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു സിദ്ധാര്‍ത്ഥിന്റെ തീരുമാനം. മരക്കാര്‍ അറബിക്കടലിന്റം സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ അച്ഛനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു.
തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് കല്യാണി തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച പ്രതികരണം സ്വന്തമാക്കിയ കല്യാണി മലയാളത്തിലേക്കെത്താന്‍ വൈകുന്നതെന്താണെന്നായിരുന്നു എല്ലാവരും ചോദിച്ചത്.
കാത്തിരിപ്പിനൊടുവിലായി കല്യാണി മലയാളത്തില്‍ അരങ്ങേറിയത് അടുത്തിടെയായിരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയത് കല്യാണിയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനായി വന്നപ്പോഴാണ് ആദ്യമായി ദുല്‍ഖറുമായി അടുത്തിടപഴകുന്നതെന്ന് താരപുത്രി പറഞ്ഞിരുന്നു. സുരേഷ് ഗോപി, ശോഭന തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. അച്ഛനൊപ്പം മാത്രമല്ല അമ്മയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും മകള്‍ക്ക് ലഭിച്ചിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയില്‍ കല്യാണി അതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

മലയാളത്തിലേക്ക് എത്തിയത്
അച്ഛന്‍ അറിയപ്പെടുന്ന സംവിധായകനായിട്ടും മലയാളത്തിലേക്ക് കല്യാണി എത്താന്‍ വൈകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ആദ്യം അഭിനയിച്ചത് മരക്കാറിലായിരുന്നുവെങ്കിലും റിലീസ് ചെയ്തത് വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. പ്രണവിനൊപ്പമായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലേക്ക് കല്യാണി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ നായികാനായകന്‍മാരായെത്തുന്നതും ഇവരാണ്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

അമ്മ ഫാനാണ് അച്ഛന്‍ വിമര്‍ശകനും
അച്ഛനും അമ്മയും വിവാഹമോചനം നേടിയത് തങ്ങളെ ബാധിച്ചിട്ടില്ലെന്നും സന്തോഷത്തോടെയാണ് തങ്ങള്‍ കഴിയുന്നതെന്ന് കല്യാണി പറഞ്ഞിരുന്നു. ഒരുമിച്ച് മുന്നോട്ട് പോവുന്നത് സുഖകരമല്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് ഇരുവരും വേര്‍പിരിഞ്ഞത്. താന്‍ സിനിമയില്‍ അരങ്ങേറുന്നതില്‍ അമ്മയ്ക്ക് അതിയായ സന്തോഷമായിരുന്നുവെന്ന് കല്യാണി പറയുന്നു. അമ്മ തന്റെ ഫാനാണ്, എന്നാല്‍ അച്ഛനാവട്ടെ ഏറ്റവും വലിയ വിമര്‍ശകനുമാണ്. അച്ഛനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വാചാലയായി നേരത്തെ താരമെത്തിയിരുന്നു.

പരസ്യത്തില്‍ ഒരുമിച്ചു
വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു ലിസി. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും ചടങ്ങുകളിലുമൊക്കെ താരം സജീവമായിരുന്നു. അടുത്തിടെയായിരുന്നു കല്യാണിക്കൊപ്പം പരസ്യ ചിത്രത്തില്‍ ലിസി പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ഈ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. അമ്മയേയും മകളേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

അമ്മ വന്നത് തനിക്ക് വേണ്ടി
തനിക്ക് വേണ്ടി മാത്രമായാണ് അമ്മ ആ പരസ്യത്തില്‍ അഭിനയിച്ചതെന്ന് കല്യാണി പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പൊതുവെ പരസ്യങ്ങളോട് മുഖം തിരിക്കാറുള്ള ലിസി ഇത്തവണ നിലപാട് മാറ്റിയത് ആരാധകരേയും അമ്പരപ്പിച്ചിരുന്നു. അതിന് ശേഷമായാണ് ഇരുവരും ആ സന്തോഷത്തെക്കുറിച്ച് വാചാലരായി എത്തിയത്.
Recommended Video

അമ്മയുടെ കരച്ചില്‍
വധുവിന്റെ വേഷത്തിലെത്തുന്ന മകളെക്കണ്ട് കരയുന്ന സീനുണ്ടായിരുന്നു പരസ്യത്തില്‍. ഗ്ലിസറിനൊക്കെ ഉപയോഗിച്ചായിരുന്നു ആ ക്ലോസപ് സീന്‍ ചിത്രീകരിച്ചത്. അമ്മയുടെ കരച്ചിലൊക്കെ കഴിഞ്ഞതിന് ശേഷമായാണ് താന്‍ വധുവിന്റെ വേഷത്തില്‍ മുന്നിലേക്ക് എത്തിയത്. അത് കണ്ടപ്പോള്‍ അമ്മ ശരിക്കും കരയുകയായിരുന്നു. ഇങ്ങനെയാണ് നീ വരുന്നതെന്നറിഞ്ഞിരുന്നുവെങ്കില്‍ ഗ്ലിസറിന്‍ ഉപയോഗിക്കാതെ തന്നെ താന്‍ കരയുമായിരുന്നുവെന്നല്ലോയെന്ന് അമ്മ പറഞ്ഞു. അത് കേട്ടപ്പോള്‍ തന്റെ കണ്ണുകളും നിറഞ്ഞുപോയെന്നും കല്യാണി പറയുന്നു.


Click it and Unblock the Notifications











