ലോക് ഡൗണ്‍ ദിനങ്ങള്‍ ആഘോഷമാക്കി കല്യാണി പ്രിയദര്‍ശന്‍! തുടക്കം പൃഥ്വിരാജ് സിനിമയിലൂടെ!
പ്രിയദര്‍ശന്റേയും ലിസിയുടേയും മകളായ കല്യാണിയേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. താരപുത്രി എന്നതിനും അപ്പുറത്ത് അഭിനയത്തിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ് കല്യാണി. തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്. എന്നാണ് മലയാളത്തിലേക്കുള്ള വരവ് എന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.
അച്ഛന്റെ സിനിമയിലൂടെയായിരിക്കുമോ കല്യാണിയുടെ വരവ് എന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിലായി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയിരിക്കുകയാണ് കല്യാണി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അച്ഛനൊപ്പം കല്യാണിയുമുണ്ടായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ അച്ഛന്‍ നില്‍ക്കുമ്പോള്‍ താന്‍ ടെന്‍ഷനടിച്ചിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു.
ലോക് ഡൗണ്‍ ദിനങ്ങള്‍ താന്‍ എങ്ങനെയാണ് ചിലവഴിക്കാന്‍ പോവുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കല്യാണി ഇപ്പോള്‍. 21 ദിവസം 21 സിനിമകള്‍ കാണുകയെന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്ന് താരം പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കല്യാണി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതിനകം തന്നെ സ്റ്റാറ്റസ് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആദ്യദിവസം താന്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് താന്‍ കണ്ടതെന്ന് കല്യാണി കുറിച്ചിട്ടുണ്ട്. ശരിക്കും ആസ്വദിച്ചു ഈ സിനിമ. ചിരിച്ച് ആസ്വദിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് താന്‍ ഈ സിനിമ നിര്‍ദേശിക്കുമെന്നും കല്യാണി പറയുന്നു. ഓണ്‍ലൈനില്‍ ഈ സിനിമ ലഭ്യമാണ്. എന്റെ അക്കൗണ്ട് വിവരങ്ങള്‍ ഞാന്‍ പരസ്യപ്പെടുത്തില്ലെന്നും കല്യാണി കുറിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമെന്ന ചിത്രത്തില്‍ കല്യാണി അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലാണ് ഈ ചിത്രത്തില്‍ നായകനാവുന്നത്. ബാല്യകാല സുഹൃത്തായ അപ്പുച്ചേട്ടന്റെ നായികയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നേരത്തെ കല്യാണി പറഞ്ഞിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ താരപുത്രനും താരപുത്രികളുമുള്‍പ്പടെ വന്‍താരനിരയാണ് അണിനിരക്കുന്നത്. പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച ഈ സിനിമ മാര്‍ച്ച് 26ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു.


Click it and Unblock the Notifications