പ്രണവും ദുൽഖറും മാത്രമല്ല, ഇവരും അടിപൊളിയാണ്, താരപുത്രന്മാരെ കുറിച്ച് കല്യാണി പ്രിയദർശൻ
നിഷ്കളങ്കമായ പുഞ്ചിരിയാണ് കല്യാണി പ്രിയദർശനിലേയ്ക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ താരത്തിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കല്യാണി ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു. ക്യാമറയ്ക്ക് പിന്നിൽ ഒരു കൈ പരീക്ഷിച്ചതിന് ശേഷമായിരുന്നു അഭിനയത്തിലേയ്ക്കുള്ള കല്യാണിയുടെ എൻട്രി. ടോളിവുഡ് യുവതാരം അഖിൽ അക്കിനേനിയുടെ ഹലോ എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ സിനിമ അരങ്ങേറ്റം. ഒറ്റ ചിത്രത്തിലൂടെ കല്യാണി തെലുങ്കിലെ മാത്രമല്ല മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാകുകയായിരുന്നു.
ഹലോ റിലീസായതിനു ശേഷം എല്ലാവർക്കും അറിയേണ്ടത് താരപുത്രിയുടെ മോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചായിരുന്നു. സോഷ്യൽ മീഡിയ പേജിലൂടേയും മറ്റും ഇത് താരത്തിനോട് ചോദിക്കുകയും ചെയ്തിരുന്നു. വൈകാതെ തന്നെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തുകയും ചെയ്തു. പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു കല്യാണി തന്റെ ആരാധകർക്കായി നൽകിയത്.വരനെ ആവശ്യമുണ്ട് എന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഒന്നിന് പിറകെ ഒന്നായി മികച്ച അവസരങ്ങൾ താരത്തെ തേടി എത്തുകയാണ്.

അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബി കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്നിവയാണ് പുറത്തു വരാനുള്ള കല്യാണിയുടെ ചിത്രങ്ങൾ. വളരെ സോഫ്റ്റായ മനുഷ്യനാണ് വിനീത് എന്നാണ് കല്യാണി പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

വിനീതേട്ടനെ പോലെ ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ വേറേ കണ്ടിട്ടില്ല. സംസാരിക്കുമ്പോള്‍ പോലും എത്ര ശാന്തനാണെന്നോ. കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറേ പേരുടെ റീയൂണിയനാണ് ‘ഹൃദയം.' അതുകൊണ്ടാകും ഭയങ്കര റിലാക്‌സ്ഡാണ്. ഇത്രയും നാള്‍ കണ്ടിട്ടുള്ള രീതികളേ അല്ലായിരുന്നു ഈ ചിത്രത്തിലെന്ന് കല്യാണി അഭിമുഖത്തിൽ പറഞ്ഞു.

ചിത്രത്തിന്റെ സ്റ്റില്‍ ഷൂട്ടിങ് മൂന്നാറിലെ കോട്ടഗുഡിയിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഒരു ബസിലാണ് ഞങ്ങളെല്ലാം മൂന്നാറിലേക്കു പോയത്. വിനീതേട്ടനും അപ്പുവുമടക്കം (പ്രണവ് മോഹന്‍ലാല്‍) പത്തിരുപതു പേര്‍. അവിടെ ടെന്റിലാണ് താമസം. അപ്പു സ്വന്തമായി ടെന്റും കൊണ്ടാണ് വന്നത് തന്നെ. അത് തന്നെ സെറ്റ് ചെയ്തു, അതിലായിരുന്നു കക്ഷിയുടെ താമസം.
സൂര്യോദയത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്‍ ചെയ്ത ഫോട്ടോ ഷൂട്ടിനായി പിറ്റേന്ന് അതിരാവിലെ ട്രക്കിങ് തുടങ്ങി. നാലഞ്ചു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റമൊക്കെ അപ്പു ഒറ്റ പോക്കില്‍ കയറും. ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കിതച്ചും ഇരുന്നുമൊക്കെയാണ് മലമുകളിലെത്തിയത്. മനോഹരമായ ഫോട്ടോ കണ്ടപ്പോള്‍ ആ ക്ഷീണമെല്ലാം പമ്പ കടന്നു.' അഭിമുഖത്തിൽ കല്യാണി പറഞ്ഞു.

താരങ്ങളുടെ ഇടയിൽ പോലും ആരാധകരുള്ള യുവതാരമാണ് ഫഹദ് ഫാസിൽ. കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടൻ എന്നാണ് ഫഹദിനെ അറിയപ്പെടുന്നത്. ഫഹദ് ഫാസിൽ ചിത്രമായ ട്രാൻസ് കണ്ടതിന്റെ അനുഭവവും കല്യാണി പങ്കുവെച്ചിരുന്നു. 21 ദിവസം 21 ചിത്രങ്ങൾ എന്ന മിഷനുമായി മുന്നോട്ട് പോകുകയാണ് താരം. മിഷന്റെ ഭാഗമായി ഫഹദ് ചിത്രമായ ട്രാൻസ് കാണുകയുണ്ടായി. ചിത്രം കണ്ടതിനു ശേഷം തിയേറ്ററിൽ പോയി ട്രാൻസ് കാണാൻ സാധിക്കാതിരുന്നതിന്റെ ഒരു നിരാശയും താരപുത്രി പങ്കുവെച്ചിട്ടുണ്ട്.'' നിങ്ങൾക്ക് അഭിനയ സ്കൂൾ ആവശ്യമില്ല. നിങ്ങൾ അദ്ദേഹത്തിന്റെ സിനിമകൾ കാണേണ്ടതുണ്ട്." തിയേറ്ററുകളിൽ സിനിമ കാണാത്തതിൽ ഖേദമുണ്ട് - കല്യാണി പറയുന്നു.

പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. , പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപ്പെട്ടേനേ എന്ന് ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ടെന്നും താരപുത്രി പറയുന്നുണ്ട്.


Click it and Unblock the Notifications