'അച്ഛൻ എന്റെ ഫാനാണിപ്പോൾ... നിനക്ക് മലയാളം അറിയില്ലെന്ന് ഇനി ആരും പറയില്ലെന്നാണ് അച്ഛൻ പറഞ്ഞത്'; കല്യാണി!
താരപുത്രിമാർ അഭിനയത്തിൽ അരങ്ങേറിയതിൽ തെന്നിന്ത്യയൊട്ടാതെ ആരാധകരെ ഉണ്ടാക്കിയ യുവനടിയാണ് കല്യാണി പ്രിയദർശൻ. അച്ഛനും അമ്മയ്ക്കും സിനിമാ പാരമ്പര്യമുള്ളതുകൊണ്ട് തന്നെ ആദ്യ സിനിമ ചെയ്തപ്പോൾ മുതൽ കല്യാണി മലയാളത്തിലേക്ക് അരങ്ങേറുന്നതിനായി പ്രിയദർശൻ സിനിമകളുടെ ആരാധകർ കാത്തിരിക്കുകയായിരുന്നു.
തെലുങ്കിലാണ് തുടക്കമെങ്കിലും എട്ട് വർഷത്തെ സിനിമാ ജീവിതത്തിനുള്ളിൽ കല്യാണിയുടെ ഏറെയും സിനിമകൾ സംഭവിച്ചിരിക്കുന്നത് മലയാളത്തിലാണ്. അമ്മയും അച്ഛനും മലയാളികൾ ആണെങ്കിൽ കൂടിയും കല്യാണി ചെന്നൈയിലും വിദേശത്തുമായാണ് പഠിച്ചതും വളർന്നതും.
അതുകൊണ്ട് തന്നെ മലയാളത്തിലേക്ക് എത്തിയപ്പോൾ കല്യാണി നേരിട്ട പ്രധാന ചലഞ്ച് മലയാളത്തിൽ സ്വന്തം കഥാപാത്രങ്ങൾക്ക് ഡബ് ചെയ്യുക എന്നതായിരുന്നു. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ പ്രമോഷനൊക്കെ അഭിമുഖങ്ങളിൽ കല്യാണി പ്രത്യക്ഷപ്പെടുമ്പോൾ കൂടുതലായും ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഏറ്റവും മനോഹരമായി മലയാളം കൈകാര്യം ചെയ്യാൻ കല്യാണിക്ക് സാധിക്കുന്നുണ്ട്. വരനെ ആവശ്യമുണ്ട് സിനിമ മുതലാണ് കല്യാണി മലയാളം കൂടുതലായി പഠിച്ച് തുടങ്ങിയത്. കൊമേഴ്സ്യൽ നായിക എന്നതിൽ നിന്നും മാറി നല്ല അഭിനേത്രി എന്ന ലേബലിൽ അറിയപ്പെടാനാണ് കല്യാണിക്കും താൽപര്യം.
ഓരോ സിനിമയ്ക്ക് വേണ്ടിയും എന്ത് ഹോം വർക്ക് ചെയ്യാനും കല്യാണി തയ്യാറാണ്. കല്യാണിയുടെ ഹാർഡ് വർക്ക് ഒരു സിനിമയ്ക്ക് എത്രത്തോളമാണ് നൽകുന്നതെന്ന് അറിയാൻ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ശേഷം മൈക്കിൽ ഫാത്തിമയുടെ ടീസർ മാത്രം കണ്ടാൽ മതിയാകും.
മലപ്പുറം സ്ലാങ് അടക്കം വൃത്തിയായി പഠിച്ചാണ് ശേഷം മൈക്കിൽ ഫാത്തിമയിൽ കല്യാണി അഭിനയിച്ചിരിക്കുന്നത്. ശേഷം മൈക്കിൽ ഫാത്തിമ റിലീസിന് തയ്യാറെടുക്കുമ്പോൾ ആദ്യമായി ഒരു സിനിമ ഒറ്റയ്ക്ക് തോളിൽ വഹിക്കുന്നതിന്റെ ടെൻഷനും ആവേശവും എല്ലാം കല്യാണിക്കുണ്ട്.
നവാഗതനായ മനു സി കുമാർ ഒരുക്കുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് കല്യാണിയെത്തുന്നത്. നവംബർ 17 ആണ് ചിത്രത്തിന്റെ റിലീസ് തിയതി. കമന്റേറ്റർ ആകാൻ ആഗ്രഹിക്കുന്ന ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സിനിമയുടെ ടീസറിൽ നിന്നും ലഭിക്കുന്ന സൂചന.

ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം അനിരുദ്ധ് രവിചന്ദർ പാടിയിട്ടുണ്ട്. സിനിമയുടെ പ്രമോഷനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്യാണി കേരളത്തിലുണ്ട്. ഇപ്പോഴിതാ ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ ശേഷം മൈക്കിൾ ഫാത്തിമ കണ്ടശേഷം അച്ഛൻ പ്രിയദർശൻ പറഞ്ഞ കമന്റ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ.
ശേഷം മൈക്കിൾ ഫാത്തിമ അച്ഛൻ കണ്ടുവെന്നും അദ്ദേഹം ഇപ്പോൾ തന്റെ ഫാനാണെന്നുമാണ് കല്യാണി പറഞ്ഞത്. 'എന്റെ സിനിമ കണ്ട് ഏറ്റവും കൂടുതൽ വിമർശിക്കുന്നത് അച്ഛനാണ്. ഇപ്പോൾ അദ്ദേഹം എന്റെ ഫാനായി മാറി തുടങ്ങി. ശേഷം മൈക്കിൾ ഫാത്തിമ കണ്ടശേഷം അദ്ദേഹം വളരെ പ്രൗഡാണ്.'
'ആളുകളുടെ റെസ്പോൺസ് എന്തായിരിക്കുമെന്ന് അറിയാൻ അച്ഛനും കാത്തിരിക്കുകയാണ്. നിനക്ക് മലയാളം അറിയില്ലെന്ന് ഇനി ആരും പറയില്ലെന്നാണ് അച്ഛൻ സിനിമ കണ്ട് പറഞ്ഞത്. അമ്മയുടെ സ്റ്റുഡിയോയിലാണ് ഡബ്ബിങ് നടന്നതെങ്കിലും അമ്മ ഒന്നും കണ്ടിട്ടില്ല.'
'അമ്മയ്ക്ക് ഒരു സർപ്രൈസായി വെച്ചിരിക്കുകയാണ്. അമ്മയും തിയേറ്റർ റിലീസിന് വെയിറ്റിങാണ്. അമ്മ എന്റെ ബ്ലൈന്റ് ഫാനാണ്. എന്ത് ചെയ്താലും സൂപ്പറായിയെന്ന് പറയും. അമ്മയുടെ സിനിമയിലെ കോസ്റ്റ്യൂം കണ്ട് ഞാൻ കളിയാക്കിയിട്ടുണ്ട്. അച്ഛന്റെ സിനിമകൾ ഞാൻ ഒരുപാട് എഞ്ചോയ് ചെയ്യാറുണ്ടെന്നും', കല്യാണി പറയുന്നു.


Click it and Unblock the Notifications