അച്ഛനും അമ്മയും അങ്ങനെ ചെയ്തിട്ടില്ല, ഞാൻ എവിടേയും പറഞ്ഞിട്ടുമില്ല, വ്യാജ വാർത്ത പ്രചരിപ്പിക്കരുത്; കല്യാണി
ലോക ചാപ്റ്റർ 1; ചന്ദ്രയും കല്യാണി പ്രിയദർശനുമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വൈറലാകുന്നതും സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നതും. കല്യാണിയുടെ കരിയർ ബെസ്റ്റ് കഥാപാത്രമായാണ് ലോകയിലെ ചന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് വിജയ കുതിപ്പ് തുടരുകയാണ് സിനിമ. നസ്ലിൻ, ചന്തു സലീംകുമാർ, സാന്റി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ്.
നെപ്പോട്ടിസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള താരപുത്രിയാണ് കല്യാണി. അമ്മയുടെ സൗന്ദര്യമില്ല, അമ്മയുടെ കഴിവില്ല, അച്ഛന് പേരുദോഷമാകുന്ന മകളുടെ അഭിനയം എന്നിങ്ങനെ നിരവധി വിമർശനങ്ങൾ കല്യാണിക്ക് എതിരെ വന്നിട്ടുണ്ട്. താരത്തിന് അവസരങ്ങൾ ലഭിക്കുന്നത് പോലും താരപുത്രിയെന്നുള്ള ലേബൽ ഉള്ളതുകൊണ്ടാണെന്നും വിമർശനം ഉണ്ടായിരുന്നു.

ശേഷം മൈക്കിൽ ഫാത്തിമയുടെ റിലീസിനുശേഷമാണ് കല്യാണിക്ക് ട്രോളും പരിഹാസവും ഏറെ കേൾക്കേണ്ടി വന്നത്. പക്ഷെ ഒന്നിനോടും വൈകാരികമായി നടി പ്രതികരിച്ചില്ല. അടുത്ത സിനിമകളിലൂടെ കളിയാക്കിയവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കണമെന്ന ചിന്തയോടെ ചെറു ചിരിയോടെ വിമർശനങ്ങളെ സ്വീകരിച്ചു. വലിയ ബഹളങ്ങളോ പ്രമോഷനോ ഒന്നും ഇല്ലാതെയാണ് ലോക തിയേറ്ററുകളിലേക്ക് എത്തിയത്.
പക്ഷെ വൻ വരവേൽപ്പാണ് മലയാളികളും സിനിമാപ്രേമികളും ലോകയ്ക്കും ചന്ദ്രയ്ക്കും നൽകിയത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ലോക വൻ ഹിറ്റാണ്. സിനിമ വിജയമായതോടെ കല്യാണിയെ പ്രശംസിച്ചും ആളുകൾ എത്തി. ചന്ദ്രയിലൂടെ തന്നിലുള്ള കഴിവുകളെ കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന തെറ്റിദ്ധാരണയാണ് നടി മാറ്റിയത്.
നായികയായി അരങ്ങേറും മുമ്പ് തന്നെ അച്ഛൻ പ്രിയദർശന്റെ സിനിമകളിൽ എല്ലാം അണിയറയിൽ കല്യാണിയും പ്രവർത്തിച്ചിരുന്നു. പോസ്റ്റർ ഡിസൈനിങിൽ അടക്കം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് കല്യാണി. വിദേശത്ത് ഉപരിപഠനം പൂർത്തിയാക്കിയ നടി ചെന്നൈയിൽ സെറ്റിൽഡാണ്. അടുത്തിടെ നടിയുമായി ബന്ധപ്പെട്ട് ഒരു വാർത്ത പ്രചരിച്ചിരുന്നു. സ്റ്റാർ കിഡ്സായിട്ടും സിംപ്ലിസിറ്റി കല്യാണിയും സഹോദൻ സിദ്ധാർത്ഥും പിന്തുടരുന്നതിനെ കുറിച്ചുള്ളതായിരുന്നു വാർത്ത.
സംവിധായകനും നടനുമെല്ലാമായ ആലപ്പി അഷ്റഫാണ് താരകുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. സാധാരണ ജീവിതം നയിക്കാൻ കുട്ടികളായിരിക്കുമ്പോൾ തന്നെ ലിസിയും പ്രിയദർശനും മക്കളെ ശീലിപ്പിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായി ഒരാഴ്ച കാലം അനാഥാലയത്തിൽ ഇരുവരും മക്കളെ താമസിപ്പിച്ചിട്ടുണ്ടെന്നുമാണ് അഷ്റഫ് പറഞ്ഞത്.

കല്യാണിയും ചന്തു എന്ന സിദ്ധാർഥും സിംപിൾ ലൈഫ് ആണ് നയിക്കുന്നത്. സാധാരണ ജീവിതം അറിയാൻ വേണ്ടി ഇവരുടെ ചെറുപ്പത്തിൽ ഒരാഴ്ചക്കാലം അനാഥാലയത്തിൽ ഇരുവരെയും താമസിപ്പിച്ചിരുന്നു. പ്രിയദർശനും ഭാര്യ ലിസിയും മക്കളെ ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കുവാനായാണ് വിയറ്റ്നാമിലെ ഒരു അനാഥാലയത്തിൽ ഒരാഴ്ച താമസിപ്പിച്ചത് എന്നുമാണ് അഷ്റഫ് പറഞ്ഞത്.
ഇതേ കുറിച്ച് ചോദിച്ചപ്പോൾ കല്യാണി നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. അനാഥാലയത്തിൽ താനും സഹോദരനും താമസിച്ചിട്ടില്ലെന്നാണ് കല്യാണി പറഞ്ഞത്. ഇങ്ങനെ ഒരു കാര്യം ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇത് ഒരിക്കലും സംഭവിച്ചിട്ടുള്ള കാര്യവുമല്ല. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ് കല്യാണി വാർത്ത നിഷേധിച്ച് പറഞ്ഞത്. മുപ്പത്തിരണ്ടുകാരിയായ കല്യാണി തെലുങ്ക് സിനിമ ഹലോയിലൂടെയാണ് നായികയായി അരങ്ങേറിയത്.
ആദ്യ സിനിമയ്ക്കുശേഷം രണ്ട് തെലുങ്ക് സിനിമകളിൽ കൂടി അഭിനയിച്ചു. ശേഷം തമിഴിലേക്ക് എത്തി. വരനെ ആവശ്യമുണ്ട് ആണ് കല്യാണിയുടെ ആദ്യ മലയാള സിനിമ. അതിനുശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, ആന്റണി, വർഷങ്ങൾക്കുശേഷം പിന്നെ ഇപ്പോൾ ലോകയും സംഭവിച്ചു.


Click it and Unblock the Notifications











