'പ്രണവ് തിരിച്ചെത്തിയിട്ടുണ്ട്, ഞാൻ ചാടി വീണ് ഓക്കെ പറഞ്ഞു, അന്ന് രാജുവേട്ടൻ തന്ന ഉപദേശം അതായിരുന്നു'; കല്യാണി
മലയാളത്തിൽ നിന്നും കൈ നിറയെ സിനിമകളാണ് കല്യാണി പ്രിയദർശനിപ്പോൾ. ഈ വർഷം ഇതുവരെ ഒരു സിനിമയും കല്യാണിയുടേതായി തിയേറ്റിൽ എത്തിയിട്ടില്ല. ശേഷം മൈക്കിൽ ഫാത്തിമയാണ് റിലീസിന് തയ്യാറെടുക്കുന്ന കല്യാണിയുടെ ഏറ്റവും പുതിയ സിനിമ.
2022ൽ എത്തിയ തല്ലുമാലയാണ് ഏറ്റവും അവസാനം കല്യാണി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രം ബ്ലോക്ക് ബസ്റ്ററായിരുന്നു. അതിനുശേഷം കല്യാണി സിനിമകളുടെ റിലീസ് ഉണ്ടായിരുന്നില്ലെങ്കിലും കമ്മിറ്റ് ചെയ്ത സിനിമകളുടെ ഷൂട്ടിങും മോഡലിങും യാത്രകളുമെല്ലാമായി കല്യാണി തിരക്കിലായിരുന്നു.
നടി നസ്രിയയ്ക്ക് മലയാളികൾ നൽകുന്നൊരു സ്നേഹമുണ്ട്. അത് തന്നെയാണ് മലയാളികൾ ഇപ്പോൾ കല്യാണിക്ക് നൽകുന്നതും. ഒട്ടും ജാഡയില്ലാതെ സംസാരിക്കാനും ചിരികൊണ്ട് ആരാധകരെ സ്വന്തമാക്കാനും കല്യാണിക്കറിയാമെന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്.

ആദ്യമായി ഒരു സിനിമ ഒറ്റയ്ക്ക് തോളിലേറ്റുന്നതിന്റെ ടെൻഷനും ആകാംഷയും എല്ലാം കല്യാണിക്കിപ്പോഴുണ്ട്. ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയിൽ കല്യാണി തന്നെയാണ് പ്രധാന ഘടകം. നായകനും നായികയും എല്ലാം കല്യാണി തന്നെയാണ്. ആദ്യമായാണ് ടൈറ്റിൽ റോളിൽ കല്യാണി അഭിനയിക്കുന്നത്.
ശേഷം മൈക്കിൽ ഫാത്തിമയിൽ കമന്റേറ്ററുടെ വേഷമാണ് കല്യാണി ചെയ്യുന്നത്. പക്ക മലബാറുകാരി മുസ്ലീം പെൺകുട്ടിയായി കല്യാണി ഞെട്ടിക്കുമെന്ന പ്രതീക്ഷ സിനിമയുടെ ടീസർ പുറത്ത് വന്നശേഷം സിനിമാപ്രേമികൾക്കുണ്ട്. ചെന്നൈയിൽ ജനിച്ച് വളർന്ന കല്യാണിക്ക് മലയാളം അത്ര വശമല്ല.
മലയാള സിനിമയിൽ നിന്നും അവസരങ്ങൾ വന്ന് തുടങ്ങിയപ്പോഴാണ് കല്യാണി മലയാളം പഠിക്കാൻ തീരുമാനിച്ചത്. ശേഷം മൈക്കിൽ ഫാത്തിമ നവംബർ മൂന്നിന് തിയറ്ററുകളിലെത്തും. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.
ശേഷം മൈക്കിൽ ഫാത്തിമയിൽ മലപ്പുറത്തെ പെൺകുട്ടിയുടെ കഥാപാത്രം ചെയ്തപ്പോൾ കല്യാണി തന്നെ ഭാഷ പഠിച്ച് ഡബ്ബും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയുടെ ഭാഗമായശേഷം തനിക്കുണ്ടായ തിരിച്ചറിവുകളും അനുഭവങ്ങളും മറ്റ് പുത്തൻ സിനിമകളുടെ വിശേഷങ്ങളും കല്യാണി പങ്കുവെച്ചിരിക്കുകയാണ് രേഖ മേനോനുമായി നടത്തിയ ചാറ്റ് ഷോയിൽ.

'എന്റെ മലയാളം അത്ര ശരിയല്ലായെന്ന് എല്ലാവർക്കും അറിയാം. തല്ലുമാലയുടെ ഇന്റർവ്യൂസ് കഴിഞ്ഞതിന് ശേഷം ശേഷം മൈക്കിൽ ഫാത്തിമ ചിത്രത്തിന്റെ സ്ക്രിപ്റ്റ് കേട്ട എല്ലാവരും എന്റെ സംവിധായകനോട് ആദ്യം ചോദിച്ച ചോദ്യം കല്യാണി തന്നെ ഈ വേഷത്തിന് വേണം എന്നുറപ്പാണോ എന്നാണ്. കുറഞ്ഞപക്ഷം വേറെ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചൂടെ എന്നായിരുന്നു എല്ലാവരും ചോദിച്ചത്.'
'ഭാഷ എനിക്കൊരു ബാലികേറാ മലയാണ്. അത് ശരിയാകണമെങ്കിൽ ഞാൻ സ്വയം ശ്രമിക്കേണ്ടതുണ്ട്. മലയാളം നന്നായി സംസാരിക്കാൻ അറിയാത്ത എനിക്ക് ഈ സിനിമ ഒരു വെല്ലുവിളി തന്നെയായിരുന്നു. പക്ഷെ ഈ സിനിമയിൽ എനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്നുള്ള ആഗ്രഹം തുടക്കം മുതൽ ഉണ്ടായിരുന്നുവെന്നാണ്', കല്യാണി പറയുന്നത്.
ബ്രോ ഡാഡി ചെയ്യുന്ന സമയത്ത് പൃഥ്വിരാജിൽ നിന്നും ലഭിച്ച ഉപദേശത്തെ കുറിച്ചും അഭിമുഖത്തിൽ കല്യാണി സംസാരിച്ചു. 'ബ്രോ ഡാഡി ഷൂട്ടിങ് സമയക്ക് രാജുവേട്ടൻ ഒരു അഡ്വൈസ് തന്നു. ഡോണ്ട് ബി പ്രിറ്റി എന്നാണ് രാജുവേട്ടൻ പറഞ്ഞത്. യാത്ഥാർഥമായ വികാരങ്ങൾ ഒരിക്കലും കാണാൻ ഭംഗിയുള്ളതായിരിക്കില്ലല്ലോ. സുന്ദരിയായി എപ്പോഴും കാണപ്പെടണമെന്ന ചിന്ത മാറ്റിവെച്ച് ഇമോഷൻസ് കറക്ടായി വരണമെന്ന ചിന്തയാണ് വേണ്ടതെന്നും അപ്പോൾ തന്നെ എല്ലാം ശരിയാകുമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും', കല്യാണി പറയുന്നു.
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ തറവാട്ടിലേക്ക് തിരികെ എത്തുന്ന ഫീലാണെന്നും സിനിമയിൽ അഭിനയിക്കാനായി പ്രണവ് തിരിച്ചെത്തിയിട്ടുണ്ടെന്നും സിനിമയിൽ പ്രണവിന്റെ ലവ് ആണോ എന്നൊന്നും ഇപ്പോൾ പറയാൻ ആകില്ലെന്നും കല്യാണി പറഞ്ഞു. ജോഷി സാറിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ആന്റണി എന്ന സിനിമയ്ക്ക് താൻ ചാടി വീണ് ഓക്കെ പറയുകയായിരുന്നുവെന്നും കല്യാണി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications