ദിലീപിനെ അന്ന് പറഞ്ഞ് വിട്ടു! അത് വലിയ വിഷമമായി, അത് കണ്ട് തിരിച്ച് വിളിക്കുകയായിരുന്നുവെന്ന് കമല്‍
ജനപ്രിയ നടന്‍ എന്ന പേര് സ്വന്തമാക്കിയ ദിലീപ് ഇന്ന് മലയാള സിനിമയെ അടക്കി വാഴുന്ന താരങ്ങളില്‍ ഒരാളാണ്. മിമിക്രി അവതരിപ്പിച്ച് നടന്നിരുന്ന താരം ഒത്തിരിയധികം കഷ്ടപാടുകളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ദിലീപിന്റെ തുടക്കം. കമല്‍ അടക്കം പല പ്രമുഖരായ സംവിധായകന്മാര്‍ക്കുമൊപ്പം അസിസ്റ്റന്റായി ദിലീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിന്നീട് നായകനായി അരങ്ങേറ്റം നടത്തിയത് ഹിറ്റായതോടെ ദിലീപിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. വളരെ പെട്ടെന്നായിരുന്നു ദിലീപിന്റെ സിനിമാ ജീവിതം വളര്‍ന്നത്. ഇന്ന് മുന്‍നിര നായകന്മാരില്‍ ഒരാളായി മാറിയ ദിലീപിനെ കുറിച്ച് സംവിധായകന്‍ കമല്‍ ചില രസകരമായ കാര്യങ്ങള്‍ പറയുകയാണ്. നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടുമിപ്പോള്‍ വൈറലായതാണ്.

ദിലീപ് അസിസ്റ്റന്റായി തുടങ്ങിയ കാലത്ത് തനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ വന്ന ദിലീപിനെ തിരിച്ച് വിടേണ്ടി വന്ന സാഹചര്യത്തെ കുറിച്ചായിരുന്നു കമല്‍ പറഞ്ഞത്. നടന്‍ ജയറാമായിരുന്നു ദിലീപിനെ പരിചയപ്പെടുത്തി കൊടുത്തത്. എന്നാല്‍ ദിലീപ് നായകനായതോടെ ജയറാം ചെയ്യേണ്ട പല വേഷങ്ങളും ചെയ്ത് കൈയടി വാങ്ങിയതും താരമായിരുന്നു എന്ന് കൂടി കമല്‍ പറയുകയാണ്.

'പൂക്കാലം വരവായ് യില്‍ അക്കു അക്ബര്‍ എന്റെ കൂടെ സഹസംവിധായകനായി ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത പടത്തില്‍ വിളിക്കാമെന്ന് പറഞ്ഞു. അടുത്ത പടം വിഷ്ണുലോകമായിരുന്നു. പാലക്കാട് ആയിരുന്നു അതിന്റെ ഷൂട്ടിങ്. ഷൂട്ടിന്റെ തലേന്ന് ഞാന്‍ ദിലീപിനോട് വരാന്‍ പറഞ്ഞു. പക്ഷേ തലേ ദിവസം ദിലീപ് വന്നില്ല. അന്ന് ദിലീപിന് എന്തോ മിമിക്രി ഉണ്ടായിരുന്നു. അത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. എത്താത്തത് കൊണ്ട് എനിക്ക് ദേഷ്യം വന്നു. വേറൊരു അസിസ്റ്റന്റ് ഡയറക്ടര്‍ വരികയും ചെയ്തു.

അത് കൊണ്ട് ദിലീപിനെ നിര്‍ത്താന്‍ ആ പടത്തില്‍ സ്ഥലം ഇല്ലാതെ ആയി. പിറ്റേന്ന് പതിനൊന്ന് മണിക്കാണ് ദിലീപ് വരുന്നത്. നീ വന്നത് തമാസിച്ചു പോയി. അടുത്ത പടത്തില്‍ നോക്കാമെന്ന് ഞാന്‍ ദിലീപിനോട് പറഞ്ഞു. ദിലീപിന് വലിയ വിഷമമായി. ഒരു വലിയ അമ്പലത്തിന് മുകളിലായിരുന്നു ഷൂട്ട്. ഒരു വലിയ ബാഗ് ഒക്കെയായിട്ടാണ് അയാള്‍ വന്നത്. അതും കൊണ്ട് ദിലീപ് വിഷമിച്ച് പടിയിറങ്ങി പോകുന്നത് കണ്ട് എനിക്കും വിഷമമായി.

ഞാന്‍ തിരിച്ച് വിളിച്ച് വര്‍ക്ക് ചെയ്‌തോളാന്‍ പറഞ്ഞു. അന്ന് ജയറാം ദിലീപിനെ എനിക്ക് പരിചയപ്പെടുത്തി തന്നു. പിന്നീട് അവന്‍ അസിസ്റ്റന്റായി കുറെ പടങ്ങള്‍ ചെയ്തു. എന്നിട്ട് അഭിനയത്തിലേക്ക് മാറി. ഹീറോയായി പല സിനിമകളും ചെയ്തു. മിക്കവാറും ജയറാം ചെയ്യേണ്ട വേഷങ്ങളാണ് ദിലീപ് ചെയ്തത്. ഇവനെ ഞാന്‍ കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ എന്ന് ജയറാം അല്ലാതെ ആരാണേലും ആലോചിച്ച് പോവുമെന്നും കമല്‍ പറയുന്നു.


Click it and Unblock the Notifications











