അവരെ കണ്ടാൽ ഇത്രയും പ്രശ്നങ്ങളുള്ളവരാണെന്ന് തോന്നുമോ?; മകളുടെ കാര്യത്തിലുള്ള വിഷമം; കമല കാമേഷ്
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് റിയാസ് ഖാൻ. വില്ലൻ വേഷങ്ങളിലൂടെ ജനപ്രീതി നേടിയ റിയാസ് ഖാൻ മറ്റ് ഭാഷകളിലും സുപരിചിതനാണ്. നടി ഉമ കാമേഷിനെയാണ് റിയാസ് ഖാൻ വിവാഹം ചെയ്തത്. രണ്ട് മതത്തിൽ പെട്ട ഇരുവരും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു. പഴയകാല നടി കമല കാമേഷിന്റെ മകളാണ് ഉമ. ഷരിഖ് ഹാസൻ, സമർത്ഥ് ഹാസൻ എന്നീ രണ്ട് മക്കളാണ് ഉമയ്ക്കും റിയാസ് ഖാനുമുള്ളത്. ഉമയെക്കുറിച്ചും മകളെ റിയാസ് ഖാൻ വിവാഹം ചെയ്തതിനെക്കുറിച്ചും സംസാരിക്കുകയാണ് നടിയുടെ അമ്മ കമല കാമേഷ്.
ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സ്പോർട്സിൽ താൽപര്യമുണ്ടായിരുന്ന ഉമയെ താനാണ് സിനിമയിലേക്ക് കൊണ്ട് വന്നതെന്ന് കമല കാമേഷ് പറയുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇപ്പോൾ തോന്നും. അവൾ വലിയ കായിക താരമായി വരേണ്ടതായിരുന്നു. സ്കൂൾ സമയത്ത് തന്നെ സ്പോർടിസിൽ അവൾ മുന്നിലായിരുന്നു. ഇന്നും അവളുടെ മെഡലുകൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. സംവിധായകൻ പ്രിയദർശന്റെ മലയാള സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. മകളെ അഭിനയിക്കാൻ വിടുമോ എന്ന് പ്രിയദർശൻ ചോദിച്ചു.

അന്ന് അവൾക്ക് 16 വയസാണ്. അവൾക്ക് താൽപര്യമുണ്ടോ എന്നറിയില്ല, ചോദിച്ചിട്ട് പറയാമെന്ന് ഞാൻ മറുപടി നൽകി. ജാവ്ലിൻ ത്രോയിലൂടെ അവളുടെ കൈയ്ക്ക് മസിലുകൾ വന്നിരുന്നു. രണ്ട് മൂന്ന് വർഷത്തിനുള്ളിൽ കല്യാണം കഴിക്കണം, ഇങ്ങനെയുള്ള കൈ ആയാൽ ആര് കല്യാണം കഴിക്കുമെന്ന് ചോദിച്ച ഞാൻ സ്പോർട്സ് നിർത്താൻ അവളോട് പറഞ്ഞു. അതിന് ശേഷമാണ് പ്രിയദർശന്റെ സിനിമയിൽ അഭിനയിച്ചത്.
എന്നാൽ ഇപ്പോൾ ആലോചിക്കുമ്പോൾ വിഷമം തോന്നും. മകളുടെ അഭിനയത്തിലെ കഴിവ് ആരും ഉപയോഗപ്പെടുത്തിയിട്ടില്ല. ഒരു പരിധി വരെ ലഭിച്ച നല്ല കഥാപാത്രങ്ങൾ അൻപേ ശിവത്തിലും മൗന ഗുരുവിലുമാണ്. എനിക്ക് രണ്ടും നന്നായി ഇഷ്ടപ്പെട്ടു. പക്ഷെ അവളുടെ കഴിവിന് അനുസരിച്ചുള്ള കഥാപാത്രങ്ങൾ മകൾക്ക് ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും കമല കാമേഷ് വ്യക്തമാക്കി.

ഒരുപാട് പ്രശ്നങ്ങളുണ്ടെങ്കിലും അതൊന്നും പുറത്ത് കാട്ടാത്ത പ്രകൃതമാണ് ഉമ റിയാസിനെന്നും കമല കാമേഷ് പറയുന്നു. സിംഗിൾ മദറാണെന്ന് എനിക്ക് വേണമെങ്കിൽ പെരുമയ്ക്ക് പറയാം. പക്ഷെ അങ്ങനെയല്ല. ഉമയാണ് വലിയ ആൾ. അവളുടെ അമ്മായിയമ്മ അവരോടൊപ്പമാണുള്ളത്. കുടുംബം നോക്കുന്നു. ഭർത്താവിനെയും മക്കളെയും നോക്കുന്നു. അവളുടെ ഭർത്താവിന് ഇപ്പോഴും കരിയറിൽ മുന്നോട്ട് വരാൻ കഴിഞ്ഞിട്ടില്ല.
എങ്കിൽ പോലും ഒരു വിഷമവും പുറത്ത് കാട്ടില്ല. നമ്മളുടെ പ്രശ്നങ്ങൾ നമ്മളുടേതാണ്. അത് പുറത്ത് പോയി പറയരുതെന്ന് അവൾ പറയും. അവൾ ഉരുക്കു വനിതയാണെന്നും കമല കാമേഷ് പറഞ്ഞു. റിയാസ് ഖാനും ഉമ റിയാസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും കമല കാമേഷ് സംസാരിച്ചു. അവരുടെ പ്രണയത്തെ ഞാൻ എതിർത്തിട്ടില്ല. ഫോൺ ചെയ്തപ്പോൾ ഞാനാണ് പ്രണയം കണ്ടുപിടിച്ചത്. നീ പ്രണയിക്കുന്നുണ്ടോ എന്ന് അവളോട് ചോദിച്ചു.
അറിഞ്ഞപ്പോൾ ഓക്കെയെന്ന് ഞാൻ പറഞ്ഞു. കാരണം ജാതിയും മറ്റും നമുക്ക് പറയാം. പക്ഷെ ജീവിക്കേണ്ടത് അവരാണ്. കഷ്ടങ്ങളും നഷ്ടങ്ങളും അവർ തന്നെ നോക്കട്ടെ. മകളും മരുമകനും വിഷമങ്ങളെല്ലാം മാറ്റി വെച്ച് സന്തോഷകരമായി ജീവിക്കുകയാണ്. അവരെ കണ്ടാൽ ഇത്രയും പ്രശ്നങ്ങളുള്ളവരാണെന്ന് തോന്നുമോയെന്നും കമല കാമേഷ് ചോദിച്ചു.


Click it and Unblock the Notifications











