'ആലോചനയുമായി വന്നെങ്കിലും അമ്മ സമ്മതിച്ചില്ല; പിന്നീട് പ്രണയത്തിലായി; നാസർ സിനിമയിൽ കാണുന്നത് പോലെയല്ല'
വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന നടനാണ് നാസർ. കൂടുതലും വില്ലൻ വേഷങ്ങളിലാണ് നാസറിനെ കണ്ടിട്ടുള്ളത്. ഇപ്പോൾ വ്യത്യസ്തമായ വേഷങ്ങളും നാസറിനെ തേടിയെത്തുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പ് എന്ന സീരീസിൽ നാസർ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കമീല എന്നാണ് നാസറിന്റെ ഭാര്യയുടെ പേര്. സിനിമാ നിർമാതാവായ കമീല രാഷ്ട്രീയത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ആൺമക്കളാണ് ദമ്പതികൾക്കുള്ളത്.
കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നാസറിന്റെ ഭാര്യ കമീല. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് കമീല മനസ് തുറന്നത്. ഒരു ഫാമിലി ഫ്രണ്ട് മുഖേനെയാണ് അദ്ദേഹത്തെ കാണുന്നത്. ഞങ്ങളുടേത് പ്രണയ വിവാഹമാണ്. അദ്ദേഹത്തിന്റെ അമ്മ വീട്ടിൽ വിവാഹാലോചനയുമായി വന്നിരുന്നു. പക്ഷെ അവർ ഉർദു സംസാരിക്കുന്നവരാണ്. ഞങ്ങൾ തമിഴ് സംസാരിക്കുന്നവരും. അതിനാൽ അമ്മ വേണ്ടെന്ന് പറഞ്ഞു.

പക്ഷെ അതിന് ശേഷം ഞങ്ങൾ സുഹൃത്തുക്കളായി. അത് കല്യാണം വരെയെത്തി. ഞാൻ ആ സമയത്ത് എംഫില്ലിന് പഠിക്കുകയാണ്. ജീവിതം ഇദ്ദേഹത്തിന്റെ കൂടെയാണെങ്കിൽ നന്നായിരിക്കും എന്ന് തോന്നി. അദ്ദേഹം ഒരുപാട് വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. റേപ് സീനുകളും ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ആരുടെ കൂടെ അഭിനയിച്ചതെന്നോ മറ്റോ ഞാൻ ചോദിക്കാറില്ല. രസകരമായ എന്തെങ്കിലും സംഭവമുണ്ടെങ്കിൽ സംസാരിക്കും. അദ്ദേഹം ഒരുപാട് സംസാരിക്കില്ലായിരുന്നു. ഇപ്പോൾ നന്നായി സംസാരിക്കും.
സ്ക്രീനിൽ കാണുന്നതും നേരിൽ കാണുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഷോട്ട് കഴിഞ്ഞാൽ സാധാരണ ഭർത്താവിനെയും പിതാവിനെയും പോലയാണ് നാസറെന്നും കമീല നാസർ വ്യക്തമാക്കി. പപ്പ എന്നാണ് മക്കളെല്ലാവരും അദ്ദേഹം വിളിക്കുന്നത്. വീട്ടിൽ നാല് പുരുഷൻമാരാണെങ്കിലും എല്ലാ കാര്യങ്ങളും ചോദിക്കും. അതിനാൽ വീട്ടിലെ ഏക സ്ത്രീയാണെന്ന തോന്നൽ ഇല്ലെന്നും കമീല നാസർ വ്യക്തമാക്കി.

ആരെങ്കിലും നിങ്ങളുടെ ശബ്ദം അനുകരിച്ചാൽ കരിയറിൽ നിന്ന് വിരമിക്കണമെന്ന് നാസറിനോട് പറയാറുണ്ട്. എല്ലാ ആർട്ടിസ്റ്റുകളെയും ഇപ്പോൾ മിമിക്രിക്കാർ അനുകരിക്കാറുണ്ടെന്നും കമീല അഭിപ്രായപ്പെട്ടു. ഭർത്താവിന്റെ എല്ലാ സിനിമകളും കാണാറില്ല. അടുത്തിടെയിറങ്ങിയ സൂപ്പ് എന്ന സീരീസ് കണ്ടു. അതിൽ അദ്ദേഹത്തിന് ഏറെ പ്രശംസ ലഭിച്ചതിൽ സന്തോഷമുണ്ട്.
മറ്റ് പല സിനിമകളിലും സാധാരണ അച്ഛൻ കഥാപാത്രമാണ് നാസറിന് ലഭിക്കാറുള്ളത്. ഇപ്പോഴത്തെ സംവിധായകരെ കുറ്റം പറയുന്നില്ല. പുതിയ സംവിധായകർക്ക് ഞങ്ങൾ ഒരുപാട് അവസരം നൽകാറുണ്ട്. അതേസമയം നിർമാതാവെന്ന നിലയിൽ താനെല്ലാ വശവും നോക്കാറുണ്ടെന്നും കമീല വ്യക്തമാക്കി.
അബ്ദുൾ അസാൻ ഫൈസൽ എന്നാണ് നാസറിന്റെയും കമീലയുടെയും മൂത്ത മകന്റെ പേര്. സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അബ്ദുൾ അസാൻ ഫൈസൽ. എന്നാൽ 2014 ൽ ഇദ്ദേഹത്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക് പറ്റി. മറ്റ് രണ്ട് മക്കളായ ലുത്ഫുദീനും അബി ഹാസനും അഭിനയ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











