ദിലീപിന്റെ മാസ് ചിത്രം! കഷ്ടപാടുകള്‍ ചില്ലറയല്ല, മേക്കപ്പിട്ടത് മണിക്കൂറുകള്‍! മേക്കിംഗ് വീഡിയോ!
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ മുതല്‍ മുടക്കിലെത്തിയ സിനിമയാണ് കമ്മാരസംഭവം. കഴിഞ്ഞ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി റിലീസ് ചെയ്ത സിനിമയില്‍ ദിലീപ് മൂന്നോളം വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു അഭിനയിച്ചത്. നവാഗതനായ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഡിവിഡി റിലീസ് ചെയ്തത് അടുത്തിടെയാണ്.
തിയറ്ററില്‍ പോയി കാണാത്തവര്‍ക്കെല്ലാം നഷ്ടമായി പോയെന്നാണ് ഡിവിഡി റിലീസിനെത്തിയപ്പോള്‍ വന്ന കമന്റ്. ഇപ്പോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന് വേണ്ടി ദിലീപും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നുള്ള കാര്യം വീഡിയോയില്‍ നിന്നും വ്യക്തമാണ്.

കമ്മാരസംഭവം
2018 ല്‍ ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഏകചിത്രമായിരുന്നു കമ്മാരസംഭവം. രാമലീലയുടെ വിജയത്തിന് ശേഷം റിലീസിനെത്തിയ ദിലീപ് ചിത്രമാണെന്നുള്ള പ്രത്യേകതയും കമ്മാരസംഭവത്തിനുണ്ടായിരുന്നു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു നിര്‍മ്മിച്ചത്. 20 കോടിയോളം രൂപയായിരുന്നു സിനിമയുടെ മുതല്‍ മുടക്ക്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥയായിരുന്നു പറഞ്ഞത്. എങ്കിലും തിയറ്ററുകളില്‍ നിന്നും മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇതോടെ വലിയൊരു സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ സിനിമയ്ക്ക് കഴിയാതെ പോവുകയായിരുന്നു.

വമ്പന്‍ താരനിര
മുന്‍പും ഒത്തിരി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ദിലീപും നമിതയും നായിക നായകന്മാരായി എത്തിയ മറ്റൊരു സിനിമയാണിത്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം മലയാളത്തിന് പുറമേ തമിഴില്‍ നിന്നുമടക്കം നിരവധി താരങ്ങളായിരുന്നു കമ്മാരസംഭവത്തില്‍ അണിനിരന്നത്. സിദ്ധാര്‍ത്ഥ് മേനോന്‍, ബോബി സിംഹ, തുടങ്ങിയ തമിഴിലെ മുന്‍നിര താരങ്ങളും മുരളി ഗോപി, ശ്വേത മേനോന്‍, വിനയ് ഫോര്‍ട്ട്, മണിക്കുട്ടന്‍, സിദ്ദിഖ് എന്നിങ്ങനെ മലയാളത്തില്‍ നിന്നുള്ള താരങ്ങളും കമ്മാരസംഭവത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

മേക്കിംഗ് വീഡിയോ
സിനിമയില്‍ നിന്നും മേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധവും സ്വാതന്ത്ര്യസമരവുമൊക്കെ ചിത്രത്തിന് വേണ്ടി പുനഃസൃഷ്ടിച്ചിരുന്നു. കഥാപാത്രങ്ങളുടെ ഗെറ്റപ്പും ലൊക്കേഷനിലെ സെറ്റും വ്യത്യസ്ത പുലര്‍ത്തുന്നതായിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയ കമ്മാരന് വേണ്ടി മണിക്കൂറുകള്‍ നീണ്ട മേക്കപ്പ് ആയിരുന്നു ദിലീപിന് വേണ്ടി വന്നത്. ഇത് മാത്രമല്ല സ്റ്റൈലിഷ് ഗെറ്റപ്പിലെത്തുന്ന ദിലീപും നമിതയുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതും യുദ്ധത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയതുമെല്ലാം ശ്രദ്ധേയമായിരിക്കുകയാണ്.

ചരിത്രം വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം
ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം എന്നിങ്ങനെയുള്ള ടാഗ്‌ലൈനോടെയായിരുന്നു കമ്മാരസംഭവം റിലീസിനെത്തിയത്. സിനിമയിലെ കലാസംവിധാനത്തിനും മികച്ച വസ്ത്രാലങ്കാരത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. വിനീഷ് ബംഗ്ലന്‍ ആയിരുന്നു കലാസംവിധാനം. വസ്ത്രാലങ്കാരം സമീറ സനീഷ്.

ഡിവിഡിയെത്തി
റിലീസിനെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും കമ്മാരസംഭവത്തിന്റെ ഡിവിഡി ഇറങ്ങാത്തതില്‍ ആരാധകര്‍ നിരാശയിലായിരുന്നു. കഴിഞ്ഞ ക്രിസ്തുമസിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കമ്മാരനും എത്തിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലായിരുന്നു കമ്മാരസംഭവം സംപ്രേക്ഷണം ചെയ്തിരുന്നത്. ഡിവിഡി റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











