മെസേജുകൾക്കൊന്നും കനക മറുപടി തരുന്നില്ല; കനക ശരിക്കും ഒറ്റയ്ക്ക് തന്നെയാണോ?; ആ വീട്ടിനുള്ളിലെ സാഹചര്യം
കഴിഞ്ഞ ദിവസമാണ് നടി കനകയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്. മുതിർന്ന നടി കുട്ടി പത്മിനി കനകയെ നേരിട്ട് കണ്ടപ്പോൾ പകർത്തിയ ചിത്രമായിരുന്നു ഇത്. ഏറെ നാളായി കനകയെ നേരിട്ട് കാണാൻ ശ്രമം നടത്തുകയായിരുന്നു കുട്ടി പത്മിനി. ഒടുവിൽ കനകയെ കണ്ടെത്തുകയും അടുത്തുള്ള കോഫി ഷോപ്പിലിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. അച്ഛനുമായുള്ള സ്വത്തു തർക്കം അവസാനിച്ചെന്ന് കനക പറഞ്ഞതായി കുട്ടി പത്മിനി അറിയിച്ചിരുന്നു.
റോഡിന് വേണ്ടിയെടുത്ത തന്റെ കുറച്ച് സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടാനുണ്ടെന്ന് പറഞ്ഞപ്പോൾ ഈ തുക ലഭിക്കാൻ എല്ലാ സഹായവും നൽകാമെന്ന് കുട്ടി പത്മിനി കനകയ്ക്ക് വാക്കു കൊടുക്കുകയും ചെയ്തു. പിന്നീടൊരിക്കൽ ഒരു അഭിമുഖത്തിന് ഇരിക്കാമെന്ന് കനക സമ്മതിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കനക തന്റെ മെസേജുകൾക്കൊന്നും മറുപടി തരുന്നില്ലെന്നാണ് കുട്ടി പത്മിനി പറയുന്നത്. ഒരാൾക്ക് ഏകാന്തത ഇഷ്ടപ്പെട്ട് തുടങ്ങിയാൽ അതിൽ മറ്റൊരാൾ തലയിടുന്നത് ഇഷ്ടപ്പെടില്ലെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

പല ചാനലുകളും ഫോൺ ചെയ്ത് എങ്ങനെയെങ്കിലും കനകയുടെ അഭിമുഖം ഞങ്ങൾക്ക് ചെയ്ത് തരുമോയെന്ന് ചോദിച്ചു. എന്നാൽ കനകയുടെ സ്വകാര്യതയെ താൻ മാനിക്കേണ്ടതുണ്ടെന്നും ഇനി ഇവരെ പോയി ശല്യം ചെയ്യാനില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. വീട് വളരെ പഴകിയതാണ്. ആ വീട്ടിലെ ഇലക്ട്രിക് വർക്, പ്ലംബിംഗ് എന്നിവയെക്കുറിച്ചൊന്നും അറിയില്ല. ആരാണ് ആ വീട് നിർമ്മിച്ചതെന്നോ എത്ര പഴക്കുമുണ്ടെന്നോ അറിയില്ല. ഇതിൽ നിന്നെല്ലാം നീ പുറത്ത് വരണം, വിദേശത്ത് യാത്രകൾ പോകണം, കല്യാണം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല. 50 വയസായി.
ഇപ്പോൾ പോലും ജീവിതം ആസ്വദിച്ചില്ലെങ്കിൽ എപ്പോൾ ആസ്വദിക്കാനാണെന്ന് ഞാൻ ചോദിച്ചു. ഈ സ്വത്ത് ആർക്ക് കൊടുക്കാനാണ്, കുറഞ്ഞത് നീ ജീവിതം ആസ്വദിക്കുകയെങ്കിലും ചെയ്യെന്നും ഉപദേശിച്ചു. വിദേശത്തേക്ക് പോകാൻ വളരെ ഇഷ്ടമാണ് പപ്പിയക്ക എന്ന് കനക പറഞ്ഞു. പക്ഷെ കനക തന്നെ മുന്നോട്ട് വരണം. സഹായങ്ങൾ നമുക്ക് ചെയ്യാൻ പറ്റും.

എന്തെങ്കിലും സഹായം ചോദിച്ചാൽ ചെയ്ത് കൊടുക്കാൻ പറ്റും. പക്ഷെ പൂട്ടിയിട്ട വീട്ടിലേക്ക് കടന്ന് കയറുന്നത് ശരിയല്ല. എന്നെ വിശ്വസിക്ക് എപ്പോൾ സഹായം ചോദിക്കുന്നോ അപ്പോൾ മാത്രമേ ഇടപെടാൻ പറ്റൂ. ഒരുപക്ഷെ കനകയ്ക്ക് സുഹൃത്തുക്കളുണ്ടാകും. കനക ഒറ്റയ്ക്കാണെന്ന് നമ്മൾ കരുതുകയല്ലേ. ആരെങ്കിലും അവരെ സഹായിക്കുന്നുണ്ടാവും.
ഇത്രയും കാലം കോടതിയിൽ പോയി വന്നതാണ്. കേസ് തീർപ്പാകുന്നത് വരെ വക്കീലുമായി കോൺടാക്ട് ഉണ്ടായിരിക്കുമല്ലോ. അതിനാൽ കനകയ്ക്ക് വേണമെന്ന് തോന്നുമ്പോൾ അവർ കോൺടാക്ടിൽ വരുമെന്ന് കരുതുന്നു. ഇതിൽ കൂടുതൽ കനകയെ ഞാൻ നിർബന്ധിക്കില്ല. കനകയുടെ അമ്മ ദേവിക അക്ക വളരെ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. രാത്രി രണ്ട് മണി വരെയാക്കെ ഷൂട്ടിംഗ് നീളും. വീണ്ടും നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച് ആറ് മണിക്കുള്ളിൽ സെറ്റിൽ വരണം.
ദേവികയക്ക മാത്രമല്ല അക്കാലത്തെ എല്ലാ ആർട്ടിസ്റ്റുകളും അങ്ങനെയാണ് ജോലി ചെയ്തത്. അത്രയും കഷ്ടപ്പെട്ട് മകൾക്ക് വേണ്ടി ദേവികയക്ക സമ്പാദിച്ചിട്ടുണ്ട്. കനക ആർക്കും മുമ്പിലും കൈ നീട്ടേണ്ടി വരുന്ന സാഹചര്യമില്ലാതെ സന്തോഷകരമായി ജീവിക്കാനുള്ളത് ദേവികയക്ക സമ്പാദിച്ച് വെച്ചാണ് പോയത്. അതിനാൽ കനക കഷ്ടപ്പെടില്ല. എന്നോട് കനക നല്ല രീതിയിലാണ് സംസാരിച്ചത്. പലരും പറയുന്നത് പോലെ അവർക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications