എന്ത് പറഞ്ഞാലും ഞാനിവനെ കാച്ചുമെന്ന് പത്മരാജൻ; ഞാൻ ഗന്ധർവൻ നേരിട്ട പ്രശ്നങ്ങൾ കാന്താരയിലും?
കന്നഡ ചിത്രം കാന്താര ചാപ്റ്റർ വൺ ഷൂട്ടിംഗിനിടെ നടക്കുന്ന അപടങ്ങൾ തുടർകഥയാകുന്നു. സംവിധായകൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30 പേർ സഞ്ചരിച്ച ബോട്ട് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടു. അത്ഭുതകരമായി ബോട്ടിലുണ്ടായിരുന്ന എല്ലാവരും രക്ഷപ്പെട്ടു. കർണാടകയിലെ ശിവമോഗ ജില്ലയിൽ മണി റിസർവോയറിലാണ് അപകടം നടന്നത്. ആഴം കുറഞ്ഞ ഭാഗത്തായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബോട്ടിലുണ്ടായിരുന്ന ആർക്കും പരിക്ക് പറ്റിയിട്ടില്ല. എന്നാൽ ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ മാസം മലയാള നടൻ കലാഭവൻ നിജു ഈ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. കാന്താര ചാപ്റ്റർ വണ്ണിന്റെ ഭാഗമായ മൂന്ന് പേരാണ് ഇതിനോടകം മരിച്ചത്. സുഹൃത്തിന്റെ ചടങ്ങിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞ് വീണാണ് നടൻ രാകേഷ് പൂജാരി മരിച്ചത്. കൊല്ലൂർ സൗപർണികയിൽ മുങ്ങി മരിക്കുകയായിരുന്നു മലയാളിയായ എംഎഫ് കപിൽ.

കാന്താര ചാപ്റ്റർ വണ്ണിന്റെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ വരുന്ന അപകട, മരണ വാർത്തകൾ സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്. വിശ്വാസപരമായ വാദങ്ങൾ ഉന്നയിക്കുന്നവരുമുണ്ട്. എക്സ്, റെഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാന്താര നൽകുന്നത് ദുസൂചനകൾ എന്ന വാദം ശക്തമാണ്. മലയാള സിനിമാ ലോകത്തും ഇന്നും ഇത്തരം മിത്തുകളും അന്ധ വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ ഗന്ധർവൻ എന്ന പത്മരാജൻ ചിത്രം.
യാഥാർഥ്യത്തിനും മിത്തിനുമിടയിലുള്ള കഥാഗതി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. ഇന്നും മലയാളത്തിൽ മിത്തോളജി, ഫാന്റസി ചിത്രങ്ങളിൽ മുൻനിരയിലാണ് ഞാൻ ഗന്ധർവൻ. എന്നാൽ ഞാൻ ഗന്ധർവനെ ചുറ്റിപ്പറ്റി നിഗൂഡതകളുണ്ടെന്ന വാദം വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുന്നു. സിനിമ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം പത്മരാജൻ മരിച്ചു. മലയാള സിനിമാ ലോകം കണ്ട വിഖ്യാത ഫിലിം മേക്കറുടെ മരണം ഏവർക്കും നൊമ്പരവും ഞെട്ടലുമായി.

ഞാൻ ഗന്ധർവൻറെ രണ്ടാം ഭാഗം പത്മരാജൻ ആലോചിച്ചിരുന്നെന്ന് അന്ന് സംസാരമുണ്ടായിരുന്നു. ഈ സ്വപ്നം പൂർത്തികരിക്കാതെ അദ്ദേഹം വിട വാങ്ങി. ഞാൻ ഗന്ധർവനിൽ പ്രവർത്തിച്ച അഭിനേതാക്കൾക്കും ടെക്നീഷ്യൻസിനും പറയാനുള്ള കഥകളും ഈ നിഗൂഡതയ്ക്ക് ശക്തി പകരുന്നതാണ്. ഷൂട്ടിംഗിലുടനീളം ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നം വന്ന് കൊണ്ടിരുന്നു. ഒന്നിലേറെ അപകടങ്ങളുണ്ടായി. ഷൂട്ടിംഗ് തടസം നേരിട്ടു. ഗന്ധർവന്റെ ശാപമാണിതെന്നായിരുന്നു വാദം.
തുടക്കം മുതൽ തടസമായിരുന്നു. ആദ്യം മന്യൻ മുഹമ്മദായിരുന്നു പ്രൊഡ്യൂസറാകാൻ തയ്യാറായത്. കഥ ഒരുവിധം ശരിയായി. നിതീഷ് ഭരദ്വാജിനെ ഗന്ധർവനായി തീരുമാനിച്ചു. അദ്ദേഹത്തെ കാണാൻ പോയപ്പോൾ ഫ്ലെെറ്റിൽ പരുന്ത് ഇടിച്ചു. ഫ്ലെെറ്റ് താഴെ ഇറങ്ങി. അന്ന് പോയിരുന്നില്ലെന്ന് രാധാലക്ഷ്മി ഒരിക്കൽ പറയുകയുണ്ടായി. പിന്നീട് ഷൂട്ടിംഗിൽ തൊട്ടതെല്ലാം പ്രശ്നമായിരുന്നെന്നും രാധാലക്ഷ്മി പറഞ്ഞു.
ഗന്ധർവന്റെ കഥ സിനിമയാക്കാൻ ഓരോ പ്രാവശ്യം ശ്രമിച്ചപ്പോഴും ഞങ്ങൾ വേണ്ടെന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോയി. ഇങ്ങനത്തെ പടം ആരും കാണില്ലെന്ന് പറഞ്ഞു. അവസാനം നിങ്ങളെന്ത് പറഞ്ഞാലും ഞാനിവനെ കാച്ചാൻ പോകുകയാണെന്നാണ് പത്മരാജൻ തന്നോട് പറഞ്ഞതെന്നും രാധാലക്ഷ്മി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഞാൻ ഗന്ധർവനെ പോലെ മിത്തോളജിക്കൽ ഗണത്തിൽ പെടുന്ന സിനിമയാണ് കാന്താരയും. തീരദേശ കർണാടകയിലെ ഭൂത കോല ആചാരമാണ് കാന്താരയുടെ പ്രമേയം.


Click it and Unblock the Notifications











