ശോഭനയുടെ ഡാൻസ്; കങ്കണയ്ക്ക് പറയാനുള്ളത്; ഞാനങ്ങോട്ട് ചോദിച്ചതാണെന്ന് നടി
വിവാദ താരമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണയെ വെല്ലുന്ന നടിമാർ ഇന്ത്യൻ സിനിമയിൽ വിരളമാണ്. നാല് തവണ ദേശീയ പുരസ്കാരം നേടിയ കങ്കണ ബോളിവുഡിലെ പതിവ് സങ്കൽപ്പങ്ങൾക്ക് പുറത്ത് നിൽക്കുന്ന നായിക നടിയാണ്. തുടക്ക കാലം മുതൽ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് കങ്കണയെ തേടി വന്നത്. ആദ്യ സിനിമ ഗ്യാങ്സ്റ്ററിൽ തന്നെ നടിയുടെ പ്രകടനം ശ്രദ്ധ നേടി. പിന്നീട് ഫാഷൻ, തനു വെഡ്സ് മനു, ക്യൂൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം നടി കാഴ്ച വെച്ചു.
ബി ടൗണിലെ മറ്റ് നായികമാരെ പോലെ ഡാൻസിൽ കങ്കണയ്ക്ക് മികവില്ല. അപൂർവമായേ ഹിന്ദി സിനിമകളിൽ നടി ഡാൻസ് ചെയ്തിട്ടുള്ളൂ. എന്നാൽ കങ്കണയുടെ പുതിയ തമിഴ് ചിത്രം ചന്ദ്രമുഖി 2 വിൽ ക്ലാസിക്കൽ ഡാൻസറെയാണ് നടി അവതരിപ്പിക്കുന്നത്. ക്ലാസിക്കൽ ഡാൻസ് വശമില്ലാത്ത കങ്കണ എങ്ങനെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഏവരുടെയും ആകാംക്ഷ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നടിയുടെ നൃത്ത രംഗങ്ങൾക്ക് സമ്മിശ്ര പ്രതികരമാണ് ലഭിക്കുന്നത്. അതേസമയം ഡാൻസിന്റെ മുഴുവൻ രംഗങ്ങളും പുറത്ത് വന്നിട്ടില്ല. ചന്ദ്രമുഖി 2 വിന് വേണ്ടി ക്ലാസിക്കൽ ഡാൻസ് പഠിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് കങ്കണ. നടി ശോഭനയെക്കുറിച്ചും താരം പരാമർശിച്ചു. റെഡ്നൂൽ ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ആർട്ടിസ്റ്റുകളായിട്ടും കലയുടെ അടിസ്ഥാന ഘടകങ്ങളിലേക്ക് നമ്മൾ പോയിട്ടില്ല. നവരസ എനിക്ക് അറിവുകൾ തന്നു. നവരസ കലാ മാസ്റ്റർ അഭിനയിച്ച് കാണിച്ച് തരികയായിരുന്നു. ഞാനത് അനുകരിച്ചു. സംവിധായകൻ പി വാസു സാറെ എളുപ്പത്തിൽ തൃപ്തിപ്പെടുത്താൻ പറ്റില്ല. പക്ഷെ അദ്ദേഹം തന്റെ പ്രകടനം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് കങ്കണ വ്യക്തമാക്കി.

'ഹിന്ദി സിനിമകളിൽ ഞാൻ ഡാൻസ് ചെയ്തിട്ടില്ല. ഓഫ് ബീറ്റ് സിനിമകളിലൂടെയാണ് ഞാൻ തുടങ്ങിയത്. ചന്ദ്രമുഖി 2 എന്നെ സംബന്ധിച്ച് വ്യത്യസ്തമായ അനുഭവമായിരുന്നു. ക്ലാസിക്കൽ ഡാൻസ് ചെയ്യാൻ വളരെ അധ്വാനിക്കേണ്ട വന്നു. നന്നായി നൃത്തം ചെയ്യുന്ന പലരുമുണ്ട്. ശോഭന മാം മനോഹരമായി നൃത്തം ചെയ്യും. വൈജയന്തി മാല, ജയലളിത തുടങ്ങിയവരും മികച്ച നർത്തകിമാരാണ്. അവരുടെ അത്രയും നന്നായി ചെയ്തെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഞാൻ മാനേജ് ചെയ്തു'
'ചന്ദ്രമുഖി 2 വിലെ റോൾ ഞാൻ അങ്ങോട്ട് ചോദിച്ചതാണ്. വാസു സർ എന്നോട് മറ്റൊരു സ്ക്രിപ്റ്റാണ് പറഞ്ഞത്. ഇത് നല്ല സ്ക്രിപ്റ്റാണ്, പക്ഷെ നിങ്ങൾ ചന്ദ്രമുഖി 2 ചെയ്യുന്നുണ്ടല്ലോ എനിക്കാ സിനിമ ചെയ്യണെന്ന് ഞാൻ പറഞ്ഞു. ചന്ദ്രമുഖിയുടെ കഥാപാത്രം സിനിമയുടെ സെക്കന്റ് ഹാഫിലാണ് വരുന്നത്. ഞാൻ സ്ത്രീ കേന്ദ്രീകൃത സിനിമകളേ ചെയ്യൂ എന്നാണ് ആളുകൾ കരുതുന്നത്. പക്ഷെ അങ്ങനെയല്ല. എനിക്ക് എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം' കങ്കണ പറഞ്ഞു.
മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ് ചന്ദ്രമുഖി 2. ശോഭന അവിസ്മരണീയമാക്കിയ മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പല ഭാഷകളിൽ പല നടിമാർ വീണ്ടും അവതരിപ്പിച്ചു. ചന്ദ്രമുഖിയുടെ ഒന്നാം ഭാഗത്തിൽ ജ്യോതികയായിരുന്നു നായിക. സിനിമ വൻ ഹിറ്റായി. രണ്ടാം ഭാഗത്തിൽ കങ്കണയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. രാഘവ ലോറൻസാണ് നായകൻ. സെപ്റ്റംബർ 15 ന് സിനിമ റിലീസ് ചെയ്യും. ചന്ദ്രമുഖിക്ക് പുറമെ എമർജൻസി, തേജസ് എന്നീ സിനിമകൾ കങ്കണയുടേതായി റിലീസ് ചെയ്യാനുണ്ട്.


Click it and Unblock the Notifications