ഷൂട്ടിംഗിനിടെ കൂട്ടുകാരിയെ വിളിച്ച് കരഞ്ഞു; ഇഷ്ടത്തോടെ ചെയ്തതല്ല; ബിരിയാണിയെക്കുറിച്ച് കനി
കാൻ ഫിലിം ഫെസ്റ്റിവലിൽ പാലസ്തീന് ഐക്യധാർഡ്യം പ്രഖ്യാപിച്ചതിന് പിന്നാലെ കനി കുസൃതിക്ക് നേരെ വന്ന ചോദ്യമായിരുന്നു ബിരിയാണി സിനിമയിലെ രാഷ്ട്രീയം. ഇസ്ലാമോഫോബിയുണ്ടെന്ന് പറഞ്ഞ് സിനിമയ്ക്കും കനിക്കും നേരെ നേരത്തെ വ്യാപക വിമർശനം വന്നിരുന്നു. അതേസമയം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രത്തിലൂടെ കനി സ്വന്തമാക്കി. ബിരിയാണിയിൽ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് കനിയിപ്പോൾ.
ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കൈയിൽ അഞ്ച് പൈസയില്ലാതെ ഇരിക്കുന്ന സമയത്താണ് ഇത് വരുന്നത്. എന്നിട്ടും സജിനോട് (സംവിധായകൻ) പറഞ്ഞു. എനിക്ക് പല വിയോജിപ്പുകളും ഉണ്ട്. രാഷ്ട്രീയപരമായും ഏസ്തെറ്റിക്കലി ഒക്കെയും പ്രശ്നങ്ങളുണ്ട്. അത് കൊണ്ട് എനിക്ക് ചെയ്യാൻ പറ്റില്ല. വേറെ നടിമാരെ തപ്പൂ. ആരെയും കിട്ടിയില്ലെങ്കിൽ ചെയ്യാം.

എനിക്ക് പൈസയുടെ ആവശ്യമുള്ളത് കൊണ്ടാണെന്ന് ഞാൻ പറഞ്ഞു. സജിൻ മുസ്ലിം പിന്നോക്ക സമുദായത്തിൽ നിന്ന് വരുന്നയാളാണ്. അത് സജിന്റെ കഥയാണ്. സജിന് അത് പറയാനുള്ള അവകാശം ഇല്ലേയെന്ന് ചോദിച്ചു. ആ രീതിയിൽ പറഞ്ഞാൽ ഉണ്ട്, അപ്പോഴും എനിക്ക് അതിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാം. വേറെ ആരുമില്ലെങ്കിൽ വിളിക്കൂയെന്ന് പറഞ്ഞു.
രണ്ട് മൂന്ന് മാസം സജിൻ വേറെ നടിമാരുടെയടുത്ത് പോയി. രാഷ്ട്രീയം കാരണമല്ല അവർ ചെയ്യാതിരുന്നത്. നഗ്ന രംഗങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് പലരും ചെയ്തില്ല. ചിലർക്ക് ചെയ്യാനുള്ള ആഗ്രഹം ഉണ്ടായിട്ടും സജിന് അവരുടെ അഭിനയം ശരിയായില്ല. പിന്നെയും എന്റെയടുത്ത് വന്നു. എനിക്ക് ഇഷ്ടമല്ല. പക്ഷെ കൈയിൽ അഞ്ച് പൈസയില്ലെന്ന് ഞാൻ. 70,000 രൂപയോ മറ്റോ ആണ് അത്രയും ദിവസം വർക്ക് ചെയ്താൽ തരുന്നത്.

അതെനിക്ക് വലിയ പൈസയാണ്. എന്റെ അക്കൗണ്ടിൽ അന്ന് മൂവായിരം രൂപയോ മറ്റോ ഉള്ളൂ. 70,000 രൂപ കിട്ടിയാൽ അത്രയും നല്ല കാര്യം എന്നാണ് ഞാൻ വിചാരിച്ചത്. അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴും എന്റെ കൂട്ടുകാരിയെ വിളിച്ച് ഇടയ്ക്കിടയ്ക്ക് കരയും. ബിരിയാണി എന്ന സിനിമയ്ക്ക് വേണ്ടി മാത്രമല്ല ഞാൻ കരഞ്ഞിട്ടുള്ളത്. മറ്റ് പല സിനിമകളിലും അഭിനയിക്കുന്ന സമയത്തും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് കനി പറയുന്നു.
ഞാൻ കോക്ടെയിലിൽ അഭിനയിച്ചപ്പോൾ അതിൽ സെക്സ് വർക്കേസിനെ കാണിച്ചത് ശരിയായില്ലെന്ന് തോന്നിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും സെക്സ് വർക്കേഴ്സിന്റെ റെെറ്റ്സിന് വേണ്ടി വർക്ക് ചെയ്തവരാണ്. എനിക്കൊരുപാട് പേരെ നേരിട്ട് അറിയാം. പക്ഷെ ചെറിയ കഥാപാത്രമായതിനാൽ ആളുകൾ വിമർശിച്ചിട്ടുണ്ടാകില്ല. ബിരിയാണിക്ക് സ്റ്റേറ്റ് അവാർഡ് ഇല്ലെങ്കിൽ അത് വന്ന് പോയൊരു സിനിമ ആയിരിക്കും. അതുകൊണ്ടാണ് അവർ ചോദിക്കുന്നത്. അത് തെറ്റായി എനിക്ക് തോന്നിയിട്ടില്ല.
പക്ഷെ ഇനിയാണെങ്കിലും എനിക്ക് ജീവിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ എനിക്ക് പറ്റാത്ത കാര്യം ചെയ്യേണ്ടി വരും. വളരെ ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്. സന്തോഷത്തോടെയല്ലെന്നും കനി കുസൃതി വ്യക്തമാക്കി. ഇപ്പോഴും മലയാളത്തിൽ നിന്നല്ല തനിക്ക് അവസരങ്ങൾ ലഭിക്കുന്നത്. ഹിന്ദിയിൽ നിന്നാണെന്നും കനി പറയുന്നു.


Click it and Unblock the Notifications