തകർന്ന് പോയ സമയം; അഭിനയിച്ചപ്പോൾ നൂറ് ശതമാനം കൊടുത്തോ എന്ന് സംശയം; കനി കുസൃതി
സിനിമാ ലോകത്ത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന നടിയാണ് കനി കുസൃതി. മലയാളത്തിന് പുറമെ പല ഭാഷകളിൽ സാന്നിധ്യം അറിയിച്ച കനി സിനിമയേക്കാളും നാടക രംഗത്താണ് കൂടുതൽ സജീവമായത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ ലഭിച്ച കനിക്ക് പലപ്പോഴും നല്ല അവസരങ്ങൾ സിനിമകളിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. കൃത്യമായ കരിയർ പ്ലാനിംഗ് പലപ്പോഴും ഉണ്ടായിട്ടില്ലെന്ന് കനി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് വണ്ടർ വാൾ മീഡിയയ്ക്ക് കനി നൽകിയ അഭിമുഖം ശ്രദ്ധ നേടിയത്.
ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് കനി സംസാരിച്ചു. പങ്കാളിക്കൊപ്പമുള്ള ജീവിതം, അച്ഛനും അമ്മയും ജീവിതത്തിലുണ്ടാക്കിയ സ്വാധീനം തുടങ്ങിയവയെക്കുറിച്ച് കനി സംസാരിച്ചു. അഭിമുഖത്തിന്റെ പുതിയ ഭാഗത്തിൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമകൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ജീവിതത്തിലെ പുതിയ സ്വപ്നങ്ങളെക്കുറിച്ചും കനി കുസൃതി സംസാരിച്ചു.

സ്വന്തം നിലപാടുകൾക്ക് അനുസരിച്ച് സിനിമകൾ തെരഞ്ഞെടുക്കാൻ പറ്റുന്ന നിലയിൽ അല്ല ഇപ്പോഴുള്ളത്. അഭിപ്രായ വ്യതാസങ്ങൾ തോന്നിയ നാടകങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ ഇതൊരു ഡയരക്ടറുടെ മീഡിയം കൂടിയാണ്. അവർക്ക് വേണ്ടതിനും കൂടിയാണ് ഞാൻ പോകുന്നത്. സിനിമ ചെയ്യുന്നത് തന്നെ സാമ്പത്തിക ആവശ്യങ്ങൾക്കാണെന്നും കനി കുസൃതി വ്യക്തമാക്കി.
ഇപ്പോഴത്തെ ആഗ്രഹം വീട് വെക്കണം എന്നാണ്. പോണ്ടിച്ചേരിയുടെ അടുത്ത് പണ്ട് ഒരു സ്ഥലം വാങ്ങിയിട്ടുണ്ട്. അതിന് വേണ്ടി ഓരോന്ന് ഇൻവോൾവ് ചെയ്യാൻ സന്തോഷമുണ്ട്. ഇത്രയും നാൾ വിചാരിച്ചത് അവിടെ വെറുതെ ഒരു സ്ഥലം ഇങ്ങനെ കിടക്കട്ടെ എന്നാണ്.

വ്യക്തിപരമായ കാര്യങ്ങളിലെ വിഷമം കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ബാധിക്കാറുണ്ട്. എന്റെ വളരെ അടുപ്പമുള്ള രണ്ട് സുഹൃത്തുക്കൾക്ക് അപ്രതീക്ഷിതമായി ബ്രെയ്ൻ ഹെമറേജ് വന്നപ്പോൾ ഞാൻ ഭയങ്കരമായി തകർന്ന് പോയി. അടുത്ത ദിവസം ഷൂട്ടിന് പോകാൻ പറ്റുമോ എന്ന് ആലോചിക്കാൻ പറ്റാത്ത വിധം ബാധിച്ചു. പോയെങ്കിലും നൂറ് ശതമാനം ചെയ്തോ എന്ന് സംശയമുണ്ട്. ശരിക്കും തളരുന്നത് പോലെ തോന്നി.
എന്റെ അമ്മൂമ്മയും ഞാനൊരു ഷൂട്ടിംഗിലായിരിക്കെയാണ് മരിച്ചത്. രണ്ട് മാസം വീട്ടിൽ നിന്ന് അതിൽ ഇടയ്ക്കൊരു ദിവസം ഷൂട്ടിന് പോകുകയും വരികയുമായിരുന്നു. മൈത്രേയനും ജയശ്രീയെയും പോലെ എനിക്ക് അടുപ്പമുള്ള ആളായിരുന്നു അമ്മൂമ്മ. പക്ഷെ ആ മരണം എനിക്ക് ഉൾക്കൊള്ളാൻ പറ്റി. കുട്ടിക്കാലത്ത് അമ്മൂമ്മ മരിച്ച് പോകും എന്ന് ആലോചിച്ചായിരുന്നു സങ്കടം വരുക. അമ്മൂമ്മ മരിച്ച് പോകും, പിന്നെയും ജീവിക്കണം എന്ന് പഠിപ്പിച്ച് അവിടെ എത്തിയതാണ്.
അമ്മൂമ്മയെ അടുക്കുന്നതിന് മുമ്പ് കുളിപ്പിച്ചതൊക്കെ ഞാനാണ്. അത് പോലെ അല്ലായിരുന്നു പ്രതീക്ഷിക്കാത്ത സുഹൃത്തുക്കൾ ഹെമറേജ് വന്നത്. കരച്ചിൽ പോലുമല്ല, ഉറങ്ങാൻ പറ്റാത്ത സാഹചര്യം ആയിരുന്നെന്നും കനി കുസൃതി പറഞ്ഞു. ഫിലിം മേക്കർ ആനന്ദ് ഗാന്ധിയാണ് കനിയുടെ പങ്കാളി. ആനന്ദ് ഗാന്ധി മറ്റാെരു ബന്ധത്തിലേക്കും കടന്നെന്നും അതേസമയം തങ്ങൾ തമ്മിലുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും കനി കുസൃതി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. തനിക്ക് ഓപ്പൺ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications