'എപ്പോഴും കാവൽ മാലാഖയായി ഒപ്പം ഉണ്ടായിരിക്കും'; വിവാഹവാർഷികത്തിൽ ഭാര്യയുടെ ഓർമകളിൽ വിജയ രാഘവേന്ദ്ര!
കന്നഡ നടനും ടെലിവിഷൻ റിയാലിറ്റി ഷോ ജഡ്ജുമായ വിജയ് രാഘവേന്ദ്ര തന്റെ പതിനാറാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. എന്നാൽ ഇത്തവണ സന്തോഷം പങ്കിടാനും ഒപ്പം ചേർന്ന് നിന്ന് കേക്ക് മുറിക്കാനും പ്രണയം പറയാനും പ്രിയതമ സ്പന്ദന ഇല്ല.
മൂന്ന് ആഴ്ച മുമ്പാണ് സ്പന്ദന ഹൃദയാഘാതം മൂലം മരിച്ചത്. 35 വയസായിരുന്നു. ബാങ്കോക്കില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം സംഭവിച്ചത്. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കുടുംബസമേതം അവധി ആഘോഷിക്കാനായി ബാങ്കോക്കില്‍ എത്തിയതായിരുന്നു വിജയ രാഘവേന്ദ്രയും ഭാര്യ സ്പന്ദനയും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്.
കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സ്പന്ദന. പന്ത്രണ്ട് വയസായ ശൗര്യ ഏക മകനാണ്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ ബന്ധുവാണ് സ്പന്ദനയുടെ ഭര്‍ത്താവായ വിജയ രാഘവേന്ദ്ര.

ഭാര്യ ഇല്ലാതെയുള്ള ആദ്യത്തെ വിവാഹ വാർഷികം വിജയ രാഘവേന്ദ്രയെ സംബന്ധിച്ച് ഏറെ വേദന നിറഞ്ഞതാണ്. സ്പന്ദന ഒപ്പമുണ്ടായിരുന്നെങ്കിൽ വിവാഹ വാർഷികം എല്ലാവരെയും വിളിച്ച് ചേർത്ത് വിപുലമായി ആഘോഷിക്കാൻ ദമ്പതികൾക്ക് പദ്ധതിയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
പക്ഷെ വിധി അതിന്റെ ക്രൂരമായ വശം കാണിച്ചതോടെ വിജയ രാഘവേന്ദ്ര കുടുംബം കണ്ണീരിലായി. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയുടെ ഓർമകളിൽ വിങ്ങിപ്പൊട്ടി ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് നടൻ പങ്കുവെച്ചത്.
നിറഞ്ഞ കണ്ണുകളോടെ അല്ലാതെ വീഡിയോ കാണാൻ സാധിക്കുന്നില്ലെന്നാണ് വീഡിയോ കണ്ട് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. ചിലർ കമന്റുകളിലൂടെ വിജയ രാഘവേന്ദ്രയെ ആശ്വസിപ്പിക്കുന്നുമുണ്ട്. എപ്പോഴും കാവൽ മാലാഖയായി സ്പന്ദന നിങ്ങൾക്കും മകനും ഒപ്പം ഉണ്ടായിരിക്കും എന്നാണ് ഒരാൾ കുറിച്ചത്.
ഭാര്യ സ്പന്ദന തന്റെ ജീവിതത്തിൽ എത്രത്തോളം വലിയ അവിഭാജ്യ ഘടകമായി മാറിയതെന്ന് അദ്ദേഹം വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. പതിനാറാം വിവാഹ വാർഷികം... ഐ ലവ് യു ചിന്ന എന്നാണ് വീഡിയോ പങ്കുവെച്ച് നടൻ കുറിച്ചത്. ഹൃദയാഘാതം മൂലം മരണപ്പെടുന്ന സെലിബ്രിറ്റികൾ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം വർധിക്കുകയാണ്.

2021ലാണ് കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്താല്‍ മരിക്കുന്നത്. സ്പന്ദനയുടെ മരണത്തോടെ വീണ്ടും കീറ്റോ ഡയറ്റും ഹൃദയാരോഗ്യവും സംബന്ധിച്ച ചര്‍ച്ചകളും സജീവമായിരുന്നു. സ്പന്ദന കടുത്ത ഡയറ്റിങ്ങിലായിരുന്നുവെന്നും കീറ്റോഡയറ്റ് ശൈലിയാണ് താരം പിന്തുടര്‍ന്നിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ അളവ് തീരെ കുറയ്ക്കുകയും കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്ന ഭക്ഷണരീതിയാണിത്. ശരീരഭാരം കുറയ്ക്കാനുള്ള മികച്ചവഴി എന്നുപറഞ്ഞാണ് പലരും ഈ രീതി പിന്തുടരാറുള്ളത്.
എന്നാല്‍ ഇതും സ്പന്ദനയുടെ മരണത്തിലേക്ക് നയിച്ച ഘടകമാണോ എന്നതുസംബന്ധിച്ചാണ് ചര്‍ച്ചകള്‍ ഉയരുന്നത്. കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ കിലോ ശരീരഭാരം കുറച്ചതിന്റെ പേരില്‍ സ്പന്ദന അടുത്തിടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
പ്രസവശേഷം വണ്ണംവെച്ച സ്പന്ദന കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് വണ്ണംകുറച്ച് വാര്‍ത്തയില്‍ നിറഞ്ഞത്. ഏകദേശം 16കിലോയോളമാണ് സ്പന്ദന ചുരുങ്ങിയകാലം കൊണ്ട് കുറച്ചത്. കീറ്റോ ഡയറ്റ് ശീലമാക്കിയതാണ് സ്പന്ദനയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സാമൂഹികമാധ്യമത്തില്‍ ഉയർന്ന ചര്‍ച്ചകള്‍.


Click it and Unblock the Notifications