49 ദിവസം ജയിലില്‍ കിടന്നു; ഒരാഴ്ച ബുദ്ധിമുട്ടി, ജീവിതത്തില്‍ സംഭവിച്ച ചതിക്കുഴികളെ കുറിച്ച് നടി ശാലു മേനോന്‍
സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ശാലു മേനോന്‍. മിസിസ് ഹിറ്റ്‌ലര്‍ എന്ന ടെലിവിഷന്‍ സീരിയലില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം അവതരിപ്പിക്കുകയാണ് നടിയിപ്പോള്‍. അതിന് പുറമേ കിടിലന്‍ ഫോട്ടോഷൂട്ടൊക്കെ നടത്തി ആരാധകരുടെ പ്രശംസ നേടിയെടുത്ത് കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍.
ശാലുവിന്റെ കഥ പറയുമ്പോള്‍ അമ്പത് ദിവസത്തിനടുത്ത് ജയിലില്‍ കിടന്നതടക്കം നിരവധി കഥകളുണ്ടാവും. സോളാര്‍ തട്ടിപ്പുക്കേസിലാണ് ശാലു മേനോനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് ജയിലില്‍ പോയതിന് ശേഷം നടന്ന സംഭവങ്ങളെ പറ്റി സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് നടിയിപ്പോള്‍.

ജയിലില്‍ കിടന്ന നാളുകളെ കുറിച്ച് ശാലുവിന്റെ വാക്കുകളിങ്ങനെയാണ്..
'നാല്‍പ്പത്തിയൊന്‍പത് ദിവസം ജയിലിലായിരുന്നു. അത് ഭയങ്കരമായിട്ടുള്ള ഒരു അനുഭവമാണ്. സിനിമയിലും സീരിയലിലുമൊക്കെയാണ് ജയിലിനെ കുറിച്ച് കാണിക്കുന്നത്. അതേ ഞാനും കണ്ടിട്ടുള്ളു. എന്റെ വീട്ടില്‍ സ്ത്രീകള്‍ മാത്രേയുള്ളു. ഞാനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുള്ളത്. അറസ്റ്റ് നടക്കും നടക്കും എന്നൊക്കെ വാര്‍ത്ത കണ്ടിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ എന്ന രീതിയിലാണ് ഞാന്‍ നിന്നത്' എന്ന് ശാലു പറയുന്നു.

പിന്നെ അറസ്റ്റ് ചെയ്യുന്നു, ജയിലില്‍ പോവുന്നു തുടങ്ങി എല്ലാം പെട്ടെന്നാണ് നടന്നത്. ജയിലില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ജയില്‍വാസികളൊക്കെ എന്നെ നോക്കുന്നു. ആ സമയത്ത് സീരിയലില്‍ സജീവമായി നില്‍ക്കുന്നത് കൊണ്ട് എല്ലാവര്‍ക്കും അറിയാം. എന്നെ സംബന്ധിച്ചിടത്തോളം അമ്മയെ പിരിഞ്ഞ് നിന്നിട്ടില്ല. ഗള്‍ഫിലോ അമേരിക്കയിലോ എവിടെ പ്രോഗ്രാമിന് പോകുമ്പേഴും അമ്മയും കൂടെയുണ്ടാവും. അവരില്ലാതെ ഞാനെവിടെയും പോവാറില്ല. അങ്ങനെ നാല്‍പ്പത്തിയൊന്‍പത് ദിവസം ഞാന്‍ അമ്മയില്ലാതെ മാറി നിന്നു.

ജയിലിലെ ആളുകളൊക്കെ പല സ്വഭാവക്കാരാണ്. സ്‌നേഹത്തോടെ പെരുമാറിയവരുണ്ട്. എന്റെ അടുത്ത് കൂടുതല്‍ പേരും സ്‌നേഹത്തിലാണ് സംസാരിച്ചത്. ഓരോരുത്തരും അവരുടെ വിഷമങ്ങളൊക്കെ പങ്കുവെച്ചു. ഇതിന്റെയൊന്നും സത്യാവസ്ഥ നമുക്കും അറിയില്ല. സ്വന്തം മകന്‍ അമ്മയെ മോഷണക്കുറ്റം ആരോപിച്ച് ജയിലാക്കിയ കഥ വരെ കേട്ടു. ആദ്യത്തെ ഒരാഴ്ച വലിയ ബുദ്ധിമുട്ടായിരുന്നു. അവിടെ കിടക്കാനും മറ്റുമൊക്കെ പ്രശ്‌നമായി. സെലിബ്രിറ്റിയാണെന്നുള്ള പരിഗണന തന്നു. വലിയ സംഭവമായിട്ടല്ല, ടോയ്‌ലെറ്റ് ഉപയോഗിക്കാനൊക്കെ അകത്ത് തന്നെ സൗകര്യം ഒരുക്കി തന്നു.

കിടക്കുന്നതൊക്കെ എല്ലാവരെയും പോലെ പായയില്‍ തന്നെയാണ്. തലയണ ഉണ്ടാവില്ല. ജയിലില്‍ വരുന്നവരൊക്കെ തെറ്റ് ചെയ്തിട്ടാണെന്നല്ലോ. ഭക്ഷണവും അതുപോലെ എല്ലാവരും ഒന്നിച്ച് ക്യൂ നിന്ന് വാങ്ങണം. കൂടുതല്‍ പരിഗണന കിട്ടില്ല. സൂപ്രണ്ടിന്റെ റൂമിന്റെ അടുത്ത് തന്നെയൊരു റൂമിലായിരുന്നു ഞാന്‍. എന്റെ കൂടെ അധികം ആളുണ്ടായിരുന്നില്ല. ബാക്കിയെല്ലാം ഒരുപോലെ ആയിരുന്നെന്ന് ശാലു പറയുന്നു.
Recommended Video

ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ബോള്‍ഡാവണമെന്ന് തീരുമാനിച്ചു. പുറത്തിറങ്ങി കഴിയുന്ന കാര്യങ്ങളെ പറ്റിയാണ് ഞാന്‍ ചിന്തിച്ചത്. പിന്നെ പിന്നെ ബോള്‍ഡായി മുന്നോട്ട് പോവാമെന്ന് കരുതി. അമ്മയും അമ്മൂമ്മയും അമ്മയുടെ സഹോദരനുമാണ് ഈ സമയത്ത് കൂടെ നിന്നത്. അതല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. ജയിലില്‍ നിന്നും ഇറങ്ങിയതിന് ശേഷം പലരും വന്നു. ആത്മാര്‍ഥമായി കൂടെ നിന്നത് ആരൊക്കെയാണെന്ന് ഈ സാഹചര്യത്തില്‍ തിരിച്ചറിയാന്‍ പറ്റിയതെന്ന് ശാലു വ്യക്തമാക്കുന്നു.


Click it and Unblock the Notifications











