അന്ന് 'സേ ഇറ്റ്' എന്ന് പറഞ്ഞ് ഗിയർ കേറ്റി വിട്ട പുള്ളി, സംസ്ഥാനം കടന്നപ്പോൾ തിരുത്തി?; വിമർശിച്ച് സംവിധായകൻ
സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ടോക്സിക്ക്. യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് പ്രഖ്യാപന സമയം മുതൽ വാർത്താ പ്രധാന്യം നേടുന്നു. സിനിമയുടെ ആദ്യ ടീസർ പുറത്ത് വന്ന് അഞ്ച് മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്. കെജിഎഫ് 2 വിന് ശേഷം യാഷിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ടോക്സിക്. ബോളിവുഡിൽ നിന്നുൾപ്പെടെ പ്രബല ഫിലിം മേക്കേർസ് പ്രൊജക്ടുമായി നടനെ സമീപിച്ചെങ്കിലും യാഷ് തെരഞ്ഞെടുത്തത് ഗീതു മോഹൻദാസിന്റെ പ്രൊജക്ടാണ്.

'സ്ത്രീ വിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീ ശരീരത്തെ വസ്തുവൽക്കരിക്കുന്ന ആൺനോട്ടങ്ങളില്ലാത്ത കസബയിലെ ആൺമുഷ്ക് മഷിയിട്ട് നോക്കിയാലും കാണാത്ത രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം. സേ ഇറ്റ്, സേ ഇറ്റ് എന്ന് പറഞ്ഞ് ഗിയർ കയറ്റി വിട്ട പുള്ളി. പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ അവരുടെ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി?,' നിതിൻ രഞ്ജി പണിക്കർ കുറിച്ചതിങ്ങനെ.
2016 ൽ പുറത്തിറങ്ങിയ കസബയിലെ സ്ത്രീ വിരുദ്ധ രംഗങ്ങളെ വിമർശിച്ചവരിൽ ഒരാളാണ് ഗീതു മോഹൻദാസ്. ഒരു പൊതുവേദിയിൽ വെച്ച് താൻ കണ്ട സൂപ്പർതാര മലയാള ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെക്കുറിച്ച് പാർവതി സംസാരിക്കുകയുണ്ടായി. അന്ന് സിനിമയുടെ പേര് പറയാൻ പാർവതിയെ വേദിയിൽ ഒപ്പമിരുന്ന ഗീതു മോഹൻദാസും പ്രേരിപ്പിച്ചിരുന്നു. കസബയെന്ന് പാർവതി പറയുകയും ചെയ്തു.

പിന്നാലെ പാർവതിക്ക് നേരെ കടുത്ത സൈബറാക്രമണമുണ്ടായി. അന്ന് മലയാള സിനിമാ രംംഗത്തുണ്ടായ വിവാദങ്ങൾ ചെറുതല്ല. മമ്മൂട്ടി നായകനായെത്തിയ സിനിമയാണ് കസബ. മമ്മൂട്ടി ആരാധകരുടെ കടുത്ത അധിക്ഷേപങ്ങളിൽ നടൻ മൗനം പാലിച്ചു എന്ന് സംവിധായകൻ ആഷിഖ് അബു വിമർശിച്ചു. മമ്മൂട്ടിയെ പിന്തുണച്ചും സിനിമാ ലോകത്ത് അഭിപ്രായങ്ങൾ വന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് പാർവതി കസബയെ വിമർശിക്കുന്നത്. അധിക്ഷേപിച്ചവർക്കെതിരെ പാർവതി നിയമപരമായി മുന്നോട്ട് നീങ്ങി.
മൂത്തോൻ എന്ന സിനിമയ്ക്ക് ശേഷം ഗീതു മോഹൻദാസ് സംംവിധാനം ചെയ്യുന്ന സിനിമയാണ് ടോക്സിക്. നിവിൻ പോളിയായിരുന്നു മൂത്തോനിലെ നായകൻ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ടോക്സിക്കിലെ മറ്റ് കാസ്റ്റിംഗിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം നയൻതാര, കിയര അദ്വാനി എന്നിവർ ടോക്സിക്കിലുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടായേക്കും. ഡിസംബർ മാസമായിരിക്കും ടോക്സിക്കിന്റെ റിലീസെന്ന് സൂചനയുണ്ട്.


Click it and Unblock the Notifications