അന്ന് വഴക്ക് പറയേണ്ടി വന്നു, പിന്നീടറിഞ്ഞത് മരണ വാർത്ത; അനുജത്തിയുടെ മകളെ സ്വന്തം മകളായി വളർത്തിയ 'പൊന്നമ്മ'
മലയാളികളുടെ പ്രിയ നടി കവിയൂർ പൊന്നമ്മ 79ാം വയസിൽ വിട വാങ്ങി. മാതൃത്വത്തിന്റെ പ്രതിരൂപമായി എപ്പോഴും ബിഗ് സ്ക്രീനിൽ പ്രേക്ഷകർ കണ്ടത് കവിയൂർ പൊന്നമ്മയെയാണ്. നിരവധി സിനിമകളിൽ അമ്മ വേഷങ്ങൾ കവിയൂർ പൊന്നമ്മ ചെയ്തു. കെപിഎസിയുടെ നാടകങ്ങളിൽ അഭിനയിച്ച് അഭിനയ രംഗത്ത് തുടക്കം കുറിച്ച കവിയൂർ പൊന്നമ്മ നാനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കവിയൂർ പൊന്നമ്മയുടെ അനുജത്തി അന്തരിച്ച കവിയൂർ രേണുകയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് കവിയൂർ രേണുക മരിച്ചത്. സഹോദരിയുടെ മരണം കവിയൂർ പൊന്നമ്മയെ ഏറെ വിഷമിപ്പിച്ചു. ഇതേക്കുറിച്ച് നടി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് കണ്ടപ്പോൾ രേണുകയോട് തനിക്ക് ദേഷ്യപ്പെടേണ്ടി വന്നെന്ന് അന്ന് കവിയൂർ പൊന്നമ്മ ഓർത്തു.

ഒരു അസുഖവും ഉണ്ടായിരുന്നില്ല. എല്ലാ ചെക്കപ്പും നടത്തി. ഇനി ചെയ്യാനൊന്നുമില്ല. അസുഖമെന്നുമില്ല. പക്ഷെ പുള്ളക്കാരി ആഹാരം കഴിക്കില്ലായിരുന്നു. നാല് മാസമൊക്കെ ആഹാരം കഴിക്കാതിരുന്നത് എന്തിനാമെന്ന് എനിക്കറിയില്ല. എന്നോട് പറഞ്ഞിട്ടില്ല. മരണ സമയത്ത് ഞാൻ വടക്കുംനാഥന്റെ ഷൂട്ടിംഗിന് ഋഷികേശിലായിരുന്നു.
തലേന്നതിന്റെ തലേദിവസം അവളെ കണ്ട് കുറേ ചീത്ത വിളിച്ചിട്ടാണ് ഞാൻ പോയത്. പിന്നെ അത് ആലോചിച്ചിട്ടായി വിഷമം. അവൾ അത് പറഞ്ഞ് കരഞ്ഞെന്ന് ഞാനറിഞ്ഞു. ചേച്ചി എന്നെ വഴക്ക് പറഞ്ഞു, എന്റെ അടുത്തിരുന്നില്ല. ടെൻഷനായത് കാരണം എന്താ ഇങ്ങനെ കാണിക്കുന്നത്, കൊച്ചിനെ ഓർക്കണ്ടേ എന്നൊക്കെ ചോദിച്ച് താൻ ദേഷ്യപ്പെട്ടിരുന്നെന്നും കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞു.

കവിയൂർ രേണുകയുടെ മകളെ പിന്നീട് വളർത്തിയത് കവിയൂർ പൊന്നമ്മയാണ്. നിധി എന്നാണ് കവിയൂർ രേണുകയുടെ മകളുടെ പേര്. അന്ന് കവിയൂർ പൊന്നമ്മയെക്കുറിച്ച് നിധിയും അന്ന് സംസാരിച്ചു. വല്ല്യമ്മയുടെ കൂടെയാണ് ഞാൻ താമസിക്കുന്നത്. എന്റെ അമ്മ മരിച്ച ദുഖം കുറച്ചെങ്കിലും മറക്കാനും സഹിക്കാനും പറ്റുന്നത് വല്ല്യമ്മ ഒപ്പമുള്ളത് കൊണ്ടാണ്. ഒരുപാട് സ്നേഹം തനിക്ക് വല്ല്യമ്മ തരുന്നുണ്ടെന്നും അന്ന് നിധി പറഞ്ഞു. കവിയൂർ രേണുക ഉൾപ്പെടെ ആറ് സഹോദരങ്ങളാണ് കവിയൂർ പൊന്നമ്മയ്ക്കുണ്ടായിരുന്നത്. മൂത്തയാളായിരുന്നു കവിയൂർ പൊന്നമ്മ.
കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളെല്ലാം നിറവേറ്റേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നെന്ന് കവിയൂർ പൊന്നമ്മ നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് കവിയൂർ പൊന്നമ്മ ജനിച്ചത്. ടിപി ദാമോദരൻ, ഗൗരി എന്നിവരാണ് മാതാപിതാക്കൾ. നാടകങ്ങളിൽ ഗായികയായി തുടക്കം കുറിച്ച കവിയൂർ പൊന്നമ്മ തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയത്തിലേക്ക് കടന്നു. 1962 ൽ ശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നു.


Click it and Unblock the Notifications











