ഭർത്താവ് ഭിക്ഷക്കാർക്കൊപ്പം; പങ്കാളിയായ നിർമാതാവിന്റെ ഭാര്യയും മക്കളും കാണാൻ സമ്മതിച്ചില്ല; ആലപ്പി അഷ്റഫ്
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച കവിയൂർ പൊന്നമ്മ. ബിഗ് സ്ക്രീനിൽ സ്നേഹം നിറഞ്ഞ അമ്മ വേഷങ്ങൾ തുടരെ ചെയ്ത കവിയൂർ പൊന്നമ്മയ്ക്ക് ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. തകർന്ന വിവാഹ ബന്ധം, ഒരു ഘട്ടത്തിൽ മകളുമായുണ്ടായ അകൽച്ച തുടങ്ങിയവയെല്ലാം കവിയൂർ പൊന്നമ്മയെ ബാധിച്ചിരുന്നു. കവിയൂർ പൊന്നമ്മയുടെ ജീവിതത്തിലുണ്ടായ പ്രണയ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ.
സംവിധായകൻ ജെസി കുറ്റിക്കാട്, പഴയ കാല നിർമാതാവ് ബാപ്പുട്ടിക്ക എന്നിവരെക്കുറിച്ചാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. സംവിധായകൻ ജെസി കുറ്റിക്കാട് പൊന്നമ്മ ചേച്ചിയെ വിവാഹം ചെയ്യാൻ തീരുമാനമെടുത്തു. ഒരേയൊരു ഡിമാന്റേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. പൊന്നമ്മ ചേച്ചി ക്രിസ്ത്യാനി ആകണമെന്നായിരുന്നു. പക്ഷെ പൊന്നമ്മ ചേച്ചി അതിനെ എതിർത്തു.

അതോടെ ആ ബന്ധത്തിന് തിരശ്ശീല വീണു. പിന്നീടാണ് റോസി എന്ന ചിത്രത്തിന്റെ നിർമാതാവായ മണി സാമിയെ പൊന്നമ്മ ചേച്ചി വിവാഹം ചെയ്തു എന്നറിയുന്നത്. അവർക്ക് പെൺകുഞ്ഞ് പിറന്നെങ്കിലും ആ ബന്ധവും അധിക കാലം നീണ്ട് നിന്നില്ല. അദ്ദേഹത്തിന്റെ മദ്യപാനവും മാനസിക ശാരീരിക പീഡനങ്ങളും ചേച്ചിക്ക് അസഹീനയമായിരുന്നെന്ന് ആലപ്പി അഷ്റഫ് ഓർത്തു.
ഈ ബന്ധം അകന്ന ശേഷമാണ് ചേച്ചി ബാപ്പുട്ടിക്കയുമായുള്ള ബന്ധം സ്ഥാപിച്ചത്. ബാപ്പുട്ടിക്കയ്ക്ക് കോഴിക്കോട് ഭാര്യയും മക്കളുമുള്ള വിവരം അന്ന് എനിക്ക് അറിയില്ലായിരുന്നു. ഐവി ശശിയുടെ മുക്തി എന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുമ്പോൾ അവിടത്തെ ഹോട്ടലിലാണ് പൊന്നമ്മ ചേച്ചിയും ബാപ്പുട്ടിയും താമസിച്ചിരുന്നത്. പൊന്നമ്മ ചേച്ചി രാവിലെ ഷൂട്ടിംഗിന് പോയിക്കഴിഞ്ഞപ്പോൾ ബാപ്പുട്ടിക്കയ്ക്ക് പെട്ടെന്ന് ഹാർട്ട് അറ്റാക്ക് വന്നു. ഹോട്ടലുകാർ വീട്ടിലേക്ക് വിളിച്ചു.

വീട്ടുകാർ വന്ന് കൊണ്ട് പോയി. ആശുപത്രിയിൽ വെച്ച് അദ്ദേഹം മരിച്ചു. എന്നാൽ മരണ ശേഷം ബാപ്പുട്ടിക്കയെ കാണാൻ പൊന്നമ്മയ്ക്ക് കഴിഞ്ഞില്ലെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ലൊക്കേഷനിൽ നിന്നും പാഞ്ഞെത്തിയ പൊന്നമ്മ ചേച്ചിയെ ബാപ്പുട്ടിക്കയെ കാണാൻ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സമ്മതിച്ചില്ല. വിങ്ങുന്ന ഹൃദയത്തോടെയും കണ്ണീരോടെയും അവിടെ നിന്നും പൊന്നമ്മ ചേച്ചി തിരികെ വന്നെന്നും ആലപ്പി അഷ്റഫ് പറയുന്നു.
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന എന്റെ ഒരു സിനിമയിലേ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുള്ളൂ. ഷൂട്ടിംഗിന് വരുമ്പോൾ ചേച്ചിക്കൊപ്പമുണ്ടായിരുന്നത് ബാപ്പുട്ടിക്കയായിരുന്നു. അദ്ദേഹം പൊന്നമ്മ ചേച്ചിയുടെ ഭർത്താവാണെന്ന് അന്ന് ഞാൻ കരുതി. ചേച്ചി ഷൂട്ടിംഗിന് പോയിക്കഴിഞ്ഞാൽ അദ്ദേഹം ഹോട്ടൽമുറിയിൽ സുഹൃത്തുക്കളെ വിളിച്ച് മദ്യപാന ആഘോഷം നടത്തും. ചേച്ചിക്ക് അതൊരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്.
കവിയൂർ പൊന്നമ്മയുടെ ഭർത്താവ് മണി സാമി അവസാന കാലത്ത് നേരിട്ട ദുരിതങ്ങളെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്. തന്റെ മകളുടെ അച്ഛൻ ഗുരുവായൂർ അമ്പല നടയിൽ ഭിക്ഷക്കാരാേടൊപ്പം കഴിഞ്ഞ് കൂടുന്നു എന്ന വാർത്ത ചേച്ചി അറിഞ്ഞു. ഇതറിഞ്ഞ അവർക്ക് സഹിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ട് വന്ന് ശുശ്രൂഷിച്ചാലോ എന്ന് നടി ഉഷയോട് ചേച്ചി ചോദിച്ചു.
അതാണ് നല്ലതെന്ന് അവരും പറഞ്ഞു. അങ്ങനെ മണി സാമിയെ വീട്ടിലേക്ക് ചേച്ചി കൊണ്ട് വന്നു. അവസാനം വരെയും അവിടെയായിരുന്നു മണി സാമിയെന്നും ആലപ്പി അഷ്റഫ് പറയുന്നു. മണി സാമിയുടെ മരണ ശേഷം ദഹിപ്പിച്ചതും അവിടെയായിരുന്നെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











