മോഹൻലാലിന്റെ നിർദ്ദേശമൊന്നും കവിയൂർ പൊന്നമ്മ സ്വീകരിച്ചില്ല, കരച്ചിൽ മാത്രം; അനുജത്തി മരിച്ചപ്പോൾ...
അന്തരിച്ച നടി കവിയൂർ പൊന്നമ്മയെ മറക്കാൻ മലയാളികൾക്കായിട്ടില്ല. ഒട്ടനവധി അമ്മ വേഷങ്ങളിലൂടെ മലയാള സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു കവിയൂർ പൊന്നമ്മ. നടി കവിയൂർ രേണുക പൊന്നമ്മയുടെ അനുജത്തിയാണ്. ഇരുവരെക്കുറിച്ചും സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വടക്കുംനാഥനിൽ അഭിനയിക്കാൻ മോഹൻലാലിനൊപ്പം കവിയൂർ പൊന്നമ്മ വാരണാസിയിലേക്ക് പോയി. ആ സിനിമയിൽ അഭിനയിക്കുമ്പോഴാണ് ആ വാർത്ത പൊന്നമ്മാമ്മയെ തേടി വരുന്നത്. സ്വന്തം അനുജത്തി കവിയൂർ രേണുക തിരുവനന്തപുരത്ത് മരിച്ചു. ഒരുപാട് ചെക്കപ്പുകൾ നടത്തിയിട്ടും എന്താണ് അസുഖമെന്ന് കണ്ടെത്താനാകാതെ പോയ അസുഖമായിരുന്നു അവർക്ക്. ആഹാരം ഒട്ടും കഴിക്കാനാകില്ല. കൂടെയുള്ളത് ഏക മകൾ മാത്രം. മരണ വിവരമറിഞ്ഞ് ഞാൻ ശാസ്തമംഗലത്തെ വീട്ടിൽ പോയപ്പോഴാണ് കവിയൂർ പൊന്നമ്മ വാരണാസിയിലാണെന്ന് അറിയുന്നത്.

വാർത്തയറിഞ്ഞ് ചേച്ചി അവിടെ വലിയ പുകിലുണ്ടാക്കി. ഫ്ലെെറ്റിൽ ഒരാളെക്കൂടി കയറ്റി വിടാം എന്ന മോഹൻലാലിന്റെ നിർദ്ദേശമൊന്നും അവർ സ്വീകരിച്ചില്ല. കരച്ചിൽ മാത്രം. അവർ നാട്ടിലേക്ക് വന്നില്ല. അവിടെ നിന്ന് വടക്കുംനാഥൻ അഭിനയിച്ച് തീർത്തു. ആരും ഒന്നും അവരോട് ചോദിച്ചതേയില്ല. ചോദിച്ചാൽ പൊട്ടി പൊട്ടി കരയുമായിരുന്നു. ഇവിടെ വന്ന ശേഷം കവിയൂർ രേണുകയുടെ മകളെ പൊന്നമ്മ എടുത്ത് വളർത്തി. നല്ല നിലയിൽ പഠിപ്പിച്ച് കല്യാണം കഴിപ്പിച്ച് അയച്ചു എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
2024 സെപ്റ്റംബർ 20 നാണ് കവിയൂർ പൊന്നമ്മ മരിച്ചത്. കാൻസർ ബാധിച്ച നടി ഏറെ നാൾ ചികിത്സയിലായിരുന്നു. 79ാം വയസിലായിരുന്നു അന്ത്യം. 1945 സെപ്റ്റംബർ 10 ന് പത്തനംതിട്ട ജില്ലയിലെ കവിയൂരിലാണ് പൊന്നമ്മ ജനിക്കുന്നത്. ആറ് പതിറ്റാണ്ടിലധികം നീണ്ട അഭിനയ ജീവിതത്തിൽ ആയിരത്തോളം സിനിമകളിൽ നടി അഭിനയിച്ചു. സത്യൻ, മധു, പ്രേം നസീർ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ അമ്മ വേഷങ്ങളിലൂടെ കവിയൂർ പൊന്നമ്മ കയ്യടി നേടി. 2011 ലാണ് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് മണി സ്വാമി മരിച്ചത്.


Click it and Unblock the Notifications
