'ഈ പടത്തിന് വിളിച്ചോ, എനിക്ക് പകരം നീ ചെയ്താൽ നന്നാകും'; സ്നേഹിച്ച് കഴിഞ്ഞ പൊന്നമ്മയും കൂട്ടുകാരികളും
നടി കവിയൂർ പൊന്നമ്മയുടെ വിയോഗം സിനിമാ ലോകത്തെയും പ്രേക്ഷകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഒട്ടനവധി കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിക്ക് നിരവധി പേർ ഇതിനകം ആദരാഞ്ജലികൾ അർപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലയാള സിനിമയിൽ മാതൃത്വത്തിന്റെ മുഖമായാണ് കവിയൂർ പൊന്നമ്മ അറിയപ്പെട്ടത്. അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് സജീവമായിരുന്ന ഒട്ടുമിക്ക നടിമാരും ഇന്ന് വിട പറഞ്ഞു.
സുകുമാരി, കെപിഎസി ലളിത, മീന, ഫിലോമിന തുടങ്ങിയവരെല്ലാം ഒരേ കാലഘട്ടത്തിൽ കരിയറിൽ തിളങ്ങി നിന്നവരാണ്. കുടുംബ പ്രേക്ഷകർക്കിടയിൽ ഇവർക്കെല്ലാം വലിയ സ്ഥാനം നേടാൻ കഴിഞ്ഞു. ഇവർക്കിണങ്ങുന്ന കഥാപാത്രങ്ങൾ അക്കാലത്ത് തുടരെ ലഭിച്ചിരുന്നു. എന്നാൽ ഇവർക്കിടയിൽ മത്സരമോ മറ്റ് അസ്വാരസ്യങ്ങളോ ഉണ്ടായിരുന്നില്ല. പലരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ കവിയൂർ പൊന്നമ്മ തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഞങ്ങൾ കുറേ സിനിമകൾ ചെയ്തതാണ്. പക്ഷെ ഞങ്ങൾ ആരെയും വിഷമിപ്പിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ ഒരു ധാരണ ഉണ്ടായിരുന്നു. മീന എന്നെ വിളിച്ച് എടാ, ഇന്ന പടത്തിന് നിന്നെ വിളിച്ചോ എന്ന് ചോദിക്കും. വിളിച്ചു, പക്ഷെ ഞാൻ ചെയ്യുന്നില്ല. തനിക്ക് പറ്റിയ ക്യാരക്ടറല്ലേ താൻ ചെയ്താൽ മതിയെന്ന് ഞാൻ പറയും. ലളിതയാണെങ്കിലും ചേച്ചീ, ഇന്നയാൾ വിളിച്ചിരുന്നോ, അവര് ഈ സിനിമ ചെയ്യാൻ പറയുന്നല്ലോ എന്ന് ചോദിക്കും. നീ ചെയ്യ്, നന്നായിരിക്കുമെന്ന് ഞാൻ പറയും. ഇപ്പോഴൊന്നും അങ്ങനെയല്ല.
പരസ്പരം ഇഷ്ടവും ധാരണയുമൊക്കെ ഉണ്ടായിരുന്നു അന്നത്തെ കാലത്ത്. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. പല സെറ്റുകളിലും ആർട്ടിസ്റ്റുകളെ പരസ്പരം കാണാറില്ലെന്നും കവിയൂർ പൊന്നമ്മ ചൂണ്ടിക്കാട്ടി. ഉദ്ഘാടനങ്ങളും അമ്പലങ്ങളിലെ പരിപാടികളും ഉള്ളതിനാൽ സിനിമകൾ ചെയ്യാത്തപ്പോഴും താൻ തിരക്കിലായിരുന്നെന്നും കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞു.

പുതിയ കാലത്തെ സിനിമകളിൽ അമ്മ വേഷങ്ങളില്ലാത്തതിന്റെ വിമർശനവും അന്ന് കവിയൂർ പൊന്നമ്മ അന്ന് പങ്കുവെച്ചു. ന്യൂ ജനറേഷൻ വന്നപ്പോൾ അവർക്കാർക്കും അച്ഛനെയും അമ്മയെയും വേണ്ട. മാക്ടയുടെ മീറ്റിംഗിന് ന്യൂ ജനറേഷൻ പിള്ളേർക്ക് തന്തയും തള്ളയും ഇല്ലെന്ന് ഞാൻ പറഞ്ഞു. അത് ഭയങ്കര പ്രശ്നമായി. തന്തയും തള്ളയും വേണ്ട എന്ന് പറയണമെന്നാണ് വിചാരിച്ചത്. പക്ഷെ വായിൽ അങ്ങനെ വന്ന് പോയി. അടുത്തയായി സംസാരിക്കാൻ കയറിയത് ലളിതയും ചേച്ചി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞു.
തന്റെ പരാമർശം അന്ന് പ്രശ്നമായെന്നും കവിയൂർ പൊന്നമ്മ അന്ന് ഓർത്തു. ഇപ്പോഴത്തെ സിനിമകളിൽ അച്ഛനെയും അമ്മയെയും കുറിച്ച് ചിന്തിക്കുന്നില്ല. അവർക്ക് വേണ്ട. മോഹൻലാൽ, മമ്മൂട്ടി, പൃഥിരാജ് എന്നിവരെയൊക്കെ മനസിൽ കണ്ടാണ് കഥയെഴുതുന്നത്. അപ്പോൾ അമ്മ, അച്ഛൻ വേഷങ്ങൾ ഉണ്ടാകുന്നില്ലെന്നും കവിയൂർ പൊന്നമ്മ അഭിപ്രായപ്പെട്ടു.
79ാം വയസിലാണ് കവിയൂർ പൊന്നമ്മയുടെ വിയോഗം. കഴിഞ്ഞ മെയ് മാസത്തിൽ കാൻസർ സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു കവിയൂർ പൊന്നമ്മ. ആറ് പതിറ്റാണ്ട് അഭിനയ രംഗത്ത് തുടർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications