വിഷമമുണ്ട് പക്ഷെ ആരോട് പരാതി പറയാൻ?, തലവിധിയായി കരുതി, ദിലീപേട്ടന്റെ ഒറ്റ നിർബന്ധമായിരുന്നു; കാവ്യ പറഞ്ഞത്!
നായികമാർക്ക് വെള്ളിത്തിരയിൽ ദീർഘായുസ്സ് ലഭിക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. ഒരോ മാസവും നിരവധി പുതുമുഖങ്ങളാണ് സിനിമ ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. എന്നാൽ ചിലർക്ക് ആരൊക്കെ വന്നാലും നഷ്ടമാകാത്ത സ്ഥാനം ചുരുങ്ങിയ കാലയളവിൽ ലഭിക്കും. അക്കൂട്ടത്തിൽ ഒരാളാണ് കാവ്യ മാധവൻ. മുപ്പത്തിയഞ്ച് വർഷമായി മലയാള സിനിമയുടെ ഭാഗമാണ് താരം. വിവാഹശേഷവും കരിയറിന് പ്രധാന്യം കൊടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിൽ നല്ല സിനിമകളും കഥാപാത്രങ്ങളും കാവ്യയുടെ സിനിമാ ജീവിതത്തിൽ ഉണ്ടായേനെ.
വിവാഹത്തോടെ അഭിനയത്തിന് ഫുൾസ്റ്റോപ്പിട്ടുവെങ്കിലും സിനിമയിൽ തുടരുക, നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്ന ആഗ്രഹം കാവ്യയുടെ മനസിലുണ്ട്. പഴയ ചില അഭിമുഖങ്ങളിൽ നടി അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ നടി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

സീൻ എന്താണെന്നോ കഥ എന്താണെന്നോ അറിയാതെയാണ് പലപ്പോഴും ക്യാമറയ്ക്ക് മുന്നിൽ പോയി നിന്നിട്ടുള്ളതെന്ന് നടി പറയുന്നു. ജനിച്ചപ്പോഴെ സിനിമയിലേക്ക് വന്നുവെന്നാണ് എന്നെ കുറിച്ച് എല്ലാവരും പറയാറ്. അതിനാലാകും കാവ്യയുടെ ജീവിതം എല്ലാവർക്കും അറിയാമെന്ന് പറയുന്നത്. ചെറിയ പ്രായം മുതൽ അവർ എന്നെ കാണുന്നതാണല്ലോ. എന്റെ പ്രായത്തിന്റെ വളർച്ചയും സിനിമയിലുണ്ടായ വളർച്ചയും പ്രേക്ഷകർ കണ്ടിട്ടുണ്ട്. അവരുടെ കൺമുന്നിലാണ് വളർന്നത്.
അഞ്ച് വയസിലാണ് സിനിമയിലേക്ക് വന്നത്. ഞാൻ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചത് അച്ഛനായിരുന്നു. മാളൂട്ടി പോലുള്ള സിനിമ കണ്ടാണ് അച്ഛന് ആ ആഗ്രഹം വന്നത്. പക്ഷെ സിനിമയിലേക്ക് എത്തിപ്പെടാൻ നീലേശ്വരം പോലൊരു ഗ്രാമത്തിൽ കഴിയുന്ന ഞങ്ങൾക്ക് സാധ്യതകളുണ്ടായിരുന്നില്ല. പിന്നീട് ഒരു പത്ര പരസ്യം കണ്ടാണ് അഭിനയിക്കാൻ ചെന്നതും അവസരം ലഭിച്ചതും. സിനിമ ഒരിക്കലും എന്റെ പാഷനായിരുന്നില്ല.
പൂക്കാലം വരവായിലൂടെയാണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ആളുകൾ എന്നെ തിരിച്ച് അറിഞ്ഞ് തുടങ്ങിയത് അഴകിയ രാവണന്റെ റിലീസിനുശേഷമാണ്. അതോടെ ഞാൻ നീലേശ്വരത്തെ സൂപ്പർസ്റ്റാറായി. ആ സമയത്ത് വിവാഹങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ എനിക്ക് വേണ്ടി മാത്രം പ്രത്യേകം ഫോട്ടോ സെഷനൊക്കെ ഉണ്ടാകുമായിരുന്നു. കാസർഗോഡ് ജില്ല മുഴുവനും കണ്ണൂരിന്റെ പകുതി വരെയും ആ സമയത്ത് ഞാൻ സിനിമാ താരമായി അറിയപ്പെട്ടു.
വെണ്ണിലാചന്ദനകിണ്ണം എന്ന പാട്ടാണ് എന്നെ ഫെയ്മസാക്കിയത്. അഴകിയ രാവണന്റെ ഷൂട്ടിന്റെ സമയത്ത് മമ്മൂക്കയെ കണ്ടിട്ടില്ല. പക്ഷെ നാട്ടിൽ എല്ലാവരോടും പറഞ്ഞത് മമ്മൂക്കയെ കണ്ടു അദ്ദേഹം പേര് ചോദിച്ചു. അടുത്ത് വന്ന് സംസാരിച്ചു എന്നൊക്കെ നുണ പറഞ്ഞു. രാക്ഷസ രാജാവിന്റെ സമയത്താണ് ആദ്യമായി കാണുന്നത്. ദിലീപിന്റെ നായികയായിട്ടാണ് വന്നത് എന്നൊന്നും ആരോടും പറയണ്ട. മമ്മൂക്കയുടെ നായികയായിട്ടാണ് വന്നതെന്ന് പറഞ്ഞാൽ മതി എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ അഭിനയിക്കുന്നത്. ലാൽ ജോസ് സാർ എന്നെ എങ്ങനെ നായികയായി സെലക്ട് ചെയ്തുവെന്നത‍് ഇപ്പോഴും അത്ഭുതമാണ്. ശാലിനി ചേച്ചി ചെയ്യേണ്ട റോളായിരുന്നു. മാഗസീനിലും വന്നിരുന്നു. പക്ഷെ ചേച്ചിക്ക് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് പുതിയ നായികയെ അവർ തേടി തുടങ്ങിയത്. ദിലീപേട്ടനും എന്നെ അറിയാം ലാലു ചേട്ടനും എന്നെ അറിയാം. പക്ഷെ ഞാൻ നായികയാകുന്നതിനോട് നിർമാതാക്കൾക്ക് താൽപര്യമില്ലായിരുന്നു.
സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ്. ദിലീപേട്ടനും സിനിമകൾ ചെയ്ത് തുടങ്ങിയിട്ടേയുള്ളു. അതിനാലാണ് നായികയും പുതിയ ആളായാൽ ശരിയാവില്ലെന്ന് നിർമാതാക്കൾ പറഞ്ഞത്. ദിലീപേട്ടന്റെയും ലാലു ചേട്ടന്റെയും ഒറ്റ നിർബന്ധപ്രകാരമാണ് ഞാൻ അഭിനയിക്കുന്നത്. ഞാൻ നായികയായി അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. ലാലു ചേട്ടൻ നിർബന്ധിച്ചപ്പോൾ അമ്മയ്ക്ക് എതിർക്കാൻ പറ്റിയില്ല.
നായകനും നായികയ്ക്കും ഒരേപോലെ പ്രധാന്യമുള്ള സിനിമകൾ അധികം ലഭിച്ചില്ലെന്നതിൽ വിഷമമുണ്ട്. പക്ഷെ ആരോട് പരാതി പറയാനാണ്?. പരാതി പറഞ്ഞിട്ടും കാര്യമില്ല. എന്റെ തലവിധിയാണ്. മനപൂർവം എനിക്ക് തരത്തതാണെന്നും വിശ്വസിക്കുന്നില്ല.
അങ്ങനൊരു കഥാപാത്രം വന്നാൽ ഒന്നുകിൽ ആർക്കെങ്കിലും കൊടുക്കും അല്ലെങ്കിൽ പുറത്ത് നിന്ന് ആരെങ്കിലും വന്ന് ചെയ്യും. എന്നെ ചിലപ്പോൾ അവർ ഓർക്കുകയില്ല. സീൻ എന്താണെന്നോ കഥ എന്താണെന്നോ അറിയാതെയാണ് പലപ്പോഴും ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ടുള്ളത്. അവർ കരയാൻ പറഞ്ഞാൽ കരയും ചിരിക്കാൻ പറഞ്ഞാൽ ചിരിക്കും എന്നും കാവ്യ മാധവൻ പറയുന്നു.


Click it and Unblock the Notifications


