ഉണ്ണി കണ്ണന്റെ വേഷത്തിൽ മാമാട്ടി... മകളെ കൊഞ്ചിച്ച് ദിലീപ്..., ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി കാവ്യ മാധവൻ!
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ നിറവിലാണ് നാടെങ്ങും. മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഐതിഹ്യങ്ങൾ പറയുന്നത് അനുസരിച്ച് ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചത് എന്നാണ്. രാജ്യമെമ്പാടുമുള്ള നിരവധി ഭക്തർ ശ്രീകൃഷ്ണനെ ഈ ദിവസം ആരാധിക്കുകയും പ്രത്യേകവ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഈ ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ നിരവധി താരങ്ങൾ ആരാധകർക്ക് ആശംസകളുമായി എത്തിയിരുന്നു. നടി കാവ്യ മാധവനും ആശംസകൾ നേർന്ന് എത്തി.
മകൾ മഹാലക്ഷ്മിയുടെ ഉണ്ണി കണ്ണന്റെ വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് കാവ്യ മാധവൻ ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്നത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനൂപ് ഉപാസനയാണ് മാമാട്ടി എന്ന മഹാലക്ഷ്മിയുടെ ക്യൂട്ട് ചിത്രങ്ങൾ പകർത്തിയത്.

ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ കുസൃതി കാട്ടി നിൽക്കുന്ന മകൾക്കൊപ്പം കളിക്കുന്ന ദിലീപിനെയും കാവ്യ പങ്കുവെച്ച വീഡിയോയിൽ കാണാം. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് വൈറലായത്. മഹാലക്ഷ്മിയാണ് ഫോട്ടോയിലുള്ളതെന്ന് മനസിലാക്കിയെടുക്കാൻ സമയമെടുത്തുവെന്നാണ് ആരാധകർ കമന്റ് ചെയ്തത്.
ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യ മാധവൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. ഇതുവരെ എട്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്. തന്റെ സ്വന്തം ബ്രാന്റായ ലക്ഷ്യയിൽ നിന്നുള്ള കസവ് സാരിയിൽ സുന്ദരിയായി നിൽക്കുന്ന ഫോട്ടോയായിരുന്നു ആദ്യ പോസ്റ്റ്.
പിന്നീട് തിരുവോണ ദിവസം ദിലീപിനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണാശംസ നേരുന്ന ചിത്രമാണ് കാവ്യ പങ്കിട്ടത്. കൂടാതെ ദിലീപിനൊപ്പമുള്ള കപ്പിൾ ഫോട്ടോയും താരം പങ്കിട്ടിരുന്നു. അമ്പതിനായിരത്തിനോട് അടുത്ത് ആളുകളാണ് കാവ്യയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. മൂന്ന് പേരെ മാത്രമാണ് താരം തിരിച്ച് ഫോളോ ചെയ്യുന്നത്.
അത് ദിലീപും മീനാക്ഷിയും ലക്ഷ്യ ബൊട്ടീക്കിന്റെ സോഷ്യൽമീഡിയ പേജുമാണ്. കാവ്യയുടെ മകൾ മഹാലക്ഷ്മി ഇപ്പോൾ സ്കൂൾ കുട്ടിയുടെ പ്രായമെത്തി. യുകെജിയിലാണ് മകൾ പഠിക്കുന്നതെന്ന് ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.

ദിലീപിനും കാവ്യയ്ക്കുമൊപ്പം എപ്പോഴും യാത്രകളിൽ മഹാലക്ഷ്മിയും ഉണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മഹാലക്ഷ്മിക്ക് നാല് വയസ് പൂർത്തിയായി. ഇപ്പോഴും ഒക്കത്ത് കേറിയിരുന്നു കൊഞ്ചലും ലാളനയും നൽകുന്ന ചേച്ചി സ്കൂളിൽ പോകുമ്പോൾ കൂടെ ഇല്ലെങ്കിലും ആദ്യാക്ഷരം കുറിക്കാൻ നേരം മൂഡ് ഓഫ് ആയ മഹാലക്ഷ്മിയെ കയ്യിലെടുത്ത് സമാധാനിപ്പിക്കാൻ മീനാക്ഷി ചേച്ചി എത്തിയതിന്റെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു.
മഹാലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ചേച്ചി മീനാക്ഷി തന്നെയാണ്. മീനാക്ഷിയുടെ സോഷ്യൽമീഡിയ പേജിൽ നിറഞ്ഞ് നിൽക്കുന്നതും മഹാലക്ഷ്മിയാണ്.
കഴിഞ്ഞ ദിവസം ദിലീപും കാവ്യയും വിദേശത്ത് പോയപ്പോഴും ഒപ്പം മഹാലക്ഷ്മിയും മീനാക്ഷിയുമുണ്ടായിരുന്നു. ദിലീപ് കുടുംബസമേതം ചെന്നൈയിലാണ് സെറ്റിൽഡായിരിക്കുന്നത്. 'എന്റെ അച്ഛൻ കോമഡി ഒക്കെ ചെയ്യുന്ന ആളാണ് അറിയാമോ എന്നാണ് അവൾ ആളുകളോട് ചോദിക്കുന്നത്. ഭയങ്കര കാന്താരിയാണ്.'
'അവൾ തന്നെയാണ് മാമാട്ടി എന്ന പേരിട്ടത്. മഹാലക്ഷ്മി എന്ന പേര് അവൾക്ക് പറയാൻ അറിയാത്തതുകൊണ്ട്.... എന്തുപേര് വീട്ടിൽ വിളിക്കും എന്ന കൺഫ്യൂഷൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്ന് ചോദിക്കുമ്പോൾ മഹാലക്ഷ്മി എന്ന് പറയണം എന്നും പഠിപ്പിച്ചുകൊടുത്തു. മഹാലക്ഷ്മി എന്ന പേര് അവൾ എല്ലാരോടും മാമാച്ചി എന്നാണ് പറഞ്ഞത്. പിന്നെ എല്ലാരും മാമാട്ടി എന്ന് വിളിക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാവരും മാമാട്ടി എന്നാണ് വിളിക്കുന്നത്. മീനൂട്ടിയും മാമാട്ടിയും തമ്മിൽ നല്ല ബോണ്ടാണ്', എന്നാണ് മക്കളെ കുറിച്ച് സംസാരിച്ച് അടുത്തിടെ ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications