'എൻ്റെ പ്രിയപ്പെട്ടവർ അവളുടേയും പ്രിയപ്പെട്ടവരാകുമ്പോൾ, ആരെയും ഭയക്കേണ്ട കമന്റ് ബോക്സ് ഓൺ ചെയ്തിട്ടോളൂ'
അഭിനയിക്കുമ്പോൾ കണ്ണുകളിലൂടെ കഥ പറഞ്ഞ് ആരാധക ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് കാവ്യ മാധവൻ. ഒരു കാലത്ത് മലയാളികളുടെ നായിക സങ്കൽപ്പം തന്നെ കാവ്യയായിരുന്നു. 1991ൽ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിൽ ഹരിശ്രീ കുറിച്ച കാവ്യ മാധവൻ 1999ൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നായികയായി അഭിനയിച്ച് തുടങ്ങിയത്. പിന്നീടങ്ങോട്ടുള്ള അഭിനയസപര്യയിൽ മലയാളത്തിന്റെ മുഖശ്രീയായി. മലയാളിത്തനിമയുള്ള നായിക സങ്കൽപ്പമായി മാറി.
25 വർഷം നീണ്ട കരിയറിൽ ഒട്ടനവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ഭാഗമായി. അതോടൊപ്പം മികച്ച നടിക്കുള്ള ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. മലയാളത്തിന്റെ പ്രിയ അഭിനേത്രി ദിലീപുമായുള്ള വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. കാവ്യയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് മലയാളികളും സിനിമാപ്രേമികളും ആഗ്രഹിക്കുന്നുണ്ടെങ്കിലും കുടുംബജീവിതത്തിനാണ് നടി ഇപ്പോൾ ഏറെയും പ്രധാന്യം നൽകുന്നത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലാണ് കാവ്യ സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. കാവ്യയുടെ ഇൻസ്റ്റഗ്രാം പേജിന് ഒരു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്. തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും പുത്തൻ വിശേഷങ്ങളുമെല്ലാം കാവ്യ ഈ പേജിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം ഏറ്റവും പുതിയതായി പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പൊന്നോമന മാമാട്ടിയെന്ന മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് കാവ്യ പങ്കുവെച്ചത്.
ഒപ്പം സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പമുള്ള തന്റെയും ഭർത്താവ് ദിലീപിന്റെയും ചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാളവിക ജയറാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് അവയെല്ലാം. മാമാട്ടിയെ കവിളിൽ ചേർത്ത് പിടിച്ച് ലാളിക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലുള്ളത്.
സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ.... അവർ കണ്ടുമുട്ടിയ വേളയിൽ തന്നെ ക്ലിക്കായി. എന്റെ പ്രിയപ്പെട്ടവർ മകളുടെയും പ്രിയപ്പെട്ടവരായി മാറുന്നതിലും വലിയ സന്തോഷം വേറെയില്ല... എന്നാണ് കാവ്യാ മാധവൻ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. സുരേഷേട്ടൻ മാമാട്ടിയെ കൊഞ്ചിക്കുന്നത് കൺനിറയെ കണ്ടുകൊണ്ട് കാവ്യയും അരികിൽ നിൽക്കുന്നുണ്ട്. കാവ്യയുടെ ബൊട്ടീക്കായ ലക്ഷ്യ ഡിസൈൻ ചെയ്ത പട്ടുപാവാടയായിരുന്നു മാമാട്ടി ധരിച്ചിരുന്നത്.
പെൺകുഞ്ഞുങ്ങളെന്നാൽ ജീവനാണ് സുരേഷ് ഗോപിക്ക്. അതുകൊണ്ട് തന്നെ തന്റെ എല്ലാ സ്നേഹവും സുരേഷ് ഗോപി മാമാട്ടിയോട് കാണിക്കുന്നുത് ഫോട്ടോയിൽ വ്യക്തമാണ്. സിനിമാക്കാരുടെ ഫങ്ഷനുകൾക്ക് പോകുമ്പോൾ കാവ്യയേയും മക്കളായ മീനാക്ഷിയേയും മഹാലക്ഷ്മിയേയും ഒപ്പം കൂട്ടാൻ ദിലീപ് ശ്രദ്ധിക്കാറുണ്ട്.

അടുത്തിടെ എം.എ യൂസഫ് അലിയുടെ കുടുംബത്തിലെ ഒരാളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കുടുംബസമേതം ദുബായിലെത്തിയപ്പോൾ മോഹൻലാലിനോട് കുശലം ചോദിച്ച് ഷേക്ക് ഹാന്റ് കൊടുക്കുന്ന മാമാട്ടിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് കാവ്യ തൃശൂർ വരെ പോയെങ്കിലും വേദിയിൽ ദിലീപും മൂത്തമകൾ മീനാക്ഷിയും മാത്രമെ പങ്കെടുത്തുള്ളൂ.
പക്ഷെ സുരേഷ് ഗോപിയുടെ വീട്ടിൽ ചെന്ന് ആശംസകൾ ഭാഗ്യയ്ക്ക് നേർന്നിരുന്നു കാവ്യ. സുരേഷ് ഗോപിയേയും കാവ്യ മാധവനേയും ഒരുമിച്ച് കാണുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്ന സിനിമ തെങ്കാശിപ്പട്ടണമാണ്. ചേട്ടനും അനിയത്തിയുമായി ഇരുവരും ജീവിക്കുകയായിരുന്നു. തെങ്കാശിപ്പട്ടണത്തിന് പുറമെ ക്രിസ്ത്യൻ ബ്രദേഴ്സ്, നാദിയ കൊല്ലപ്പെട്ട രാത്രി, ട്വന്റി ട്വന്റി തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് ലവ് ഇമോജിയുമായി എത്തിയത്. അതുപോലെ തന്നെ ആദ്യമായാണ് പോസ്റ്റ് പങ്കുവെച്ച ശേഷം കമന്റ് ബോക്സ് കാവ്യ ഓണാക്കിയിടുന്നത്. ആരെയും ഭയക്കേണ്ടതില്ല കമന്റ് ബോക്സ് ഓൺ ചെയ്തിട്ടോളൂ എന്നാണ് ആരാധകരിൽ ഏറെപ്പേരും കാവ്യയോടുള്ള സ്നേഹം അറിയിച്ച് കുറിച്ചത്.


Click it and Unblock the Notifications











