എനിക്ക് പകരം ആ നടി, അന്നെടുത്ത തീരുമാനം; ഇനിയാരും വിളിച്ചില്ലെങ്കിലും കുഴപ്പമില്ല: കാവ്യ മാധവന്റെ വാക്കുകൾ
അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണെങ്കിലും കാവ്യ മാധവനെ പ്രേക്ഷകർ മറന്നിട്ടില്ല. മലയാളത്തിലെ മുൻനിര നായിക നടിയായിരുന്ന കാവ്യക്ക് ഹിറ്റുകൾ ഏറെയാണ്. മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്കും കാവ്യ ശ്രദ്ധ കൊടുത്തിരുന്നില്ല. മലയാള സിനിമാ ലോകത്തെ സ്വന്തം കുടുംബം പോലെയാണ് കാവ്യ കണ്ടത്. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന നടിയോട് പ്രത്യേക മമത സഹപ്രവർത്തകർക്കും പ്രേക്ഷകർക്കുമുണ്ടായിരുന്നു. അതേസമയം കരിയറിൽ വിഷമിപ്പിച്ച തില അനുഭവങ്ങളും കാവ്യക്കുണ്ടായിട്ടുണ്ട്.
2007 ലാണ് നസ്രാണി എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുന്നത്. വിമല രാമന് പകരം കാവ്യയെയാണ് ആദ്യം ഈ സിനിമയിലേക്ക് നായികയായി തീരുമാനിച്ചത്. എന്നാൽ അവസാന ഘട്ടത്തിൽ മാറ്റം വന്നു. ഇതേക്കുറിച്ച് ഒരിക്കൽ കാവ്യ മാധവൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നെ നന്നായിട്ട് വിഷമിപ്പിച്ച കാര്യം തന്നെയായിരുന്നു അത്. ഒരുപക്ഷെ സിനിമയിൽ വന്നിട്ട് ഒരു സിനിമ വേണ്ടെന്ന് വെക്കുന്നതിലോ നഷ്ടപ്പെടുന്നതിലോ കരഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ ആ ഒരു സിനിമയ്ക്ക് മാത്രമായിരിക്കും.

നന്നായിട്ട് വിഷമമുണ്ടായിരുന്നു. അതിൽ ആരെയും കുറ്റം പറയുന്നില്ല. ജോഷി സാറിന്റെ രണ്ട് സിനിമകളിൽ മുമ്പ് വർക്ക് ചെയ്തിട്ടുണ്ട്. രണ്ടും ഹിറ്റായ സിനിമകളാണ്. രഞ്ജിത്തേട്ടൻ എന്നു ഓർക്കുന്ന തരത്തിലുള്ള നല്ല കഥാപാത്രം തന്നയാളാണ്. പക്ഷെ ഒരു ക്യാരക്ടർ തന്നിട്ട് അത് മാറ്റുകയാണെങ്കിൽ ജസ്റ്റ് പറയണം. മറ്റുള്ളവർ പറഞ്ഞ് അറിയുക, പിന്നെ അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു. ജോഷി സാറുടെ പോലൊരു സിനിമയിൽ നിന്ന് മാറുക, രഞ്ജിത്തേട്ടനെന്ന സ്ക്രിപ്റ്റ് റെെറ്ററുടെ ക്യാരക്ടറും.
അത് ശരിയാണോ എന്ന് പലരും ചോദിച്ചു. പണ്ടത്തെ സ്വഭാവം വെച്ചാണെങ്കിൽ സിനിമ ചിലപ്പോൾ ചെയ്യും. പക്ഷെ ഞാനിത്തിരിയൊക്കെ മാറിയില്ലെങ്കിൽ എനിക്ക് തന്നെയാണ് ദോഷമെന്ന് മനസിലാക്കിയത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അതിന്റെ പേരിൽ എന്നെ ആര് സിനിമയിൽ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അച്ഛനോ അമ്മയോ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ പോലും വന്നിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി.

മലയാളി നടിമാരേക്കാളും മറ്റ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വരുന്ന നടിമാർക്ക് പരിഗണന ലഭിക്കുന്നതിനെക്കുറിച്ചും കാവ്യ മാധവൻ അന്ന് സംസാരിക്കുകയുണ്ടായി. അന്യഭാഷയിൽ നിന്ന് വരുന്ന നായികമാർക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നുണ്ട്. നമുക്ക് തന്നെ ചിലപ്പോൾ വിഷമം തോന്നിയിട്ടുണ്ട്. അവരെ ചിലപ്പോൾ ഇവിടെയുള്ള പ്രേക്ഷകർക്ക് അറിയില്ലായിരിക്കും. ഹിന്ദിയിലും തമിഴിലും ഹിറ്റ് സിനിമകൾ ചെയ്തിട്ടുള്ള ആൾക്കാരായിരിക്കും. അവർ എത്ര ലക്ഷം രൂപ ചോദിച്ചാലും കൊടുക്കാനും തയ്യാറാണ്.
അഞ്ചോ ആറോ അസിസ്റ്റന്റ്സ് അവർക്കുണ്ടെങ്കിൽ അതും പ്രശ്നമല്ല. ഫെെവ് സ്റ്റാർ ഹോട്ടലിൽ താമസം, തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്യും. അപ്പോഴൊക്കെ ഇവർ അവർക്കുള്ള വില കൂട്ടുകയാണ് ചെയ്യുന്നത്. കറക്ട് സമയത്ത് ചെല്ലുന്നതും അവർ പൊയ്ക്കോ എന്ന് പറയുമ്പോൾ പോകുന്നതുമാണ് ഏറ്റവും വലിയ തെറ്റ്. ആ കുട്ടിക്ക് എട്ട് മണിക്കൊന്നും വരാൻ പറ്റില്ല പത്ത് മണിയാകും എന്ന് പറയും. കാവ്യയോ എന്ന് ചോദിക്കുമ്പോൾ കാവ്യയോട് ഏഴ് മണിക്ക് വരാൻ പറ എന്ന് പറയും. എന്താണ് ആ വ്യത്യാസം എന്നെനിക്ക് അറിയില്ലെന്നും കാവ്യ മാധവൻ അന്ന് പറഞ്ഞു.


Click it and Unblock the Notifications