എല്ലാവരുടെ ഡാൻസും തെറ്റി, സംവിധായകൻ ദേഷ്യപ്പെട്ടു; പക്ഷെ കാവ്യയുടെ സംശയം; തെങ്കാശിപ്പട്ടണത്തിൽ സംഭവിച്ചത്
ബാലതാരത്തിൽ നിന്നും മലയാളത്തിലെ താരറാണിയായുള്ള കാവ്യ മാധവന്റെ വളർച്ച സിനിമാ പ്രേക്ഷകർ കണ്ടതാണ്. മലയാളത്തിന്റെ മുഖശ്രീയായി ഒരു കാലത്ത് അറിയപ്പെട്ട കാവ്യ മാധവൻ ഇന്ന് സിനിമാ രംഗത്ത് നിന്നും മാറിനിൽക്കുകയാണ്. കാവ്യയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മടങ്ങിവരവിന് നടി തയ്യാറായിട്ടില്ല. കാവ്യയുടെ പഴയ സിനിമകളും ഗാനരംഗങ്ങളുമെല്ലാം ആരാധകർക്കിടയിൽ ഇന്നും ചർച്ചയാണ്. അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും മനോഹരമായ ഗാനരംഗങ്ങൾ കാവ്യക്ക് ലഭിച്ചിട്ടുണ്ട്.
മീശമാധവൻ, തിളക്കം, കൊച്ചിരാജാവ്, ദോസ്ത്, പുലിവാൽ കല്യാണം, അനന്തഭദ്രം തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കാവ്യയുടെ ഹിറ്റ് സിനിമകളിൽ ഒന്നാണ് 2000 ൽ പുറത്തിറങ്ങിയ തെങ്കാശിപട്ടണം. സുരേഷ് ഗോപിയും ലാലും പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയിൽ ഇവരുടെ സഹോദരിയായാണ് കാവ്യ എത്തിയത്. ദിലീപും കാവ്യയും ഒരുമിച്ചുള്ള സിനിമയിലെ കോമഡി, റൊമാന്റിക് രംഗങ്ങൾ ഇന്നും ജനപ്രിയമാണ്.

തെങ്കാശിപട്ടണത്തിന്റെ സെറ്റിലുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് സിനിമയൊരുക്കിയ ഫിലിം മേക്കർ റാഫി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യ ചുവട് വെച്ച സിനിമയിലെ ഒരു ഗാനരംഗത്തക്കുറിച്ചാണ് റാഫി സംസാരിച്ചത്. തെങ്കാശി പട്ടണത്തിന്റെ ഷൂട്ടിംഗ്. മൂന്ന് നായകൻമാരും മൂന്ന് നായികമാരും ഉൾപ്പെടെ ആറ് ആർട്ടിസ്റ്റുകൾ. സുരേഷ് ഗോപി, ലാൽ, ദിലീപ് എന്നിവരും സംയുക്ത, ഗീതു മോഹൻദാസ്, കാവ്യ എന്നിവരുമാണ് പാട്ടിലുള്ളത്. ഒരു ആക്ഷൻ സോങ് പോലെയാണ് ഡാൻസ്.
എല്ലാവർക്കും ചുവടുകൾ തെറ്റാൻ തുടങ്ങി. അന്ന് ഡിജിറ്റൽ അല്ല, ഫിലിം ആണ്. ടേക്ക് എടുക്കുന്നതും തെറ്റുന്നതും പതിവായി. കുറേക്കഴിഞ്ഞപ്പോൾ ഞാൻ വയലന്റായി. നിങ്ങൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കണം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കണം, അല്ലാതെ ഷോട്ടിനിടയിൽ തെറ്റിക്കരുതെന്ന് പറഞ്ഞു. പാട്ട് തുടങ്ങാറായപ്പോൾ നിർത്ത്, നിർത്ത് എനിക്കൊരു സംശയമുണ്ടെന്ന് കാവ്യ.

കാവ്യ ട്രോളിയൊക്കെ ചാടി വന്നു. കൊച്ചിയും എറണാകുളവും ഒന്നാണോ അതോ രണ്ടാണോ എന്നാണ് കാവ്യ ചോദിച്ചത്. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് ലൊക്കേഷൻ മാറുകയായിരുന്നു. അപ്പോൾ എറണാകുളത്തേക്കാണോ കൊച്ചിയിലേക്കാണോ പോകുന്നതെന്ന് പലരും ചോദിച്ചു. അതാണ് കാവ്യയുടെ ചോദ്യത്തിന് കാരണമായതെന്നും റാഫി ചിരിച്ച് കൊണ്ട് പറഞ്ഞു.
കാവ്യയുടെ നിഷ്കളങ്കതയെക്കുറിച്ച് നേരത്തെ ലാൽ ജോസും സംസാരിച്ചിരുന്നു. കാവ്യ ആദ്യമായി നായികയായെത്തുന്നത് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ്. അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് കാവ്യ. ചെറിയ കുട്ടിയായ കാവ്യയെ നായികയാക്കിയപ്പോഴുണ്ടായ രസകരമായ നിമിഷങ്ങളാണ് ലാൽ ജോസ് പങ്കുവെച്ചത്. ഷൂട്ടിനിടെ ഒപ്പമുള്ള കുട്ടികളോടൊപ്പം കാവ്യ കളിക്കാൻ പോകുമായിരുന്നു.
സ്ഥിരമായി ചെവിക്ക് പിടിച്ച് കൊണ്ട് വരണമായിരുന്നു. നീ വെയിലത്ത് പോകരുത്, സ്കിൻ മോശമാകുമെന്ന് പറഞ്ഞാൽ അപ്പോൾ ആ കുട്ടികൾ കളിക്കുന്നതോ എന്ന് കാവ്യ ചോദിക്കുമായിരുന്നെന്നും ലാൽ ജോസ് ഓർത്തു.
2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ ദിലീപാണ് നായകനായെത്തിയത്.
സിനിമയിലെ കാവ്യയുടെ പ്രകടനത്തെ പ്രശംസിച്ച് അടൂർ ഗോപാലകൃഷ്ണൻ അടുത്തിടെ സംസാരിച്ചിരുന്നു. അടുത്തിടെയാണ് കാവ്യ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. പൊതുവേദികളിലും കാവ്യയെ ഇപ്പോൾ കൂടുതലായി കാണുന്നുണ്ട്. അഭിനയ രംഗത്ത് നിന്നും പിന്മാറിയ ശേഷം അഭിമുഖങ്ങളിൽ പോലും കാവ്യ മാധവൻ മുഖം കാണിച്ചിട്ടില്ല.


Click it and Unblock the Notifications