ലോകം മകളെ ഒറ്റപ്പെടുത്തിയപ്പോഴും ചേർത്ത് പിടിച്ചു, രാവും പകലും കാവലിരുന്നു, കാവ്യയുടെ ഐശ്വര്യമായിരുന്ന അച്ഛൻ!
കാവ്യയെന്ന് അല്ല കാവ്യ മാധവൻ എന്ന് ചേർത്ത് മാത്രമെ മലയാളികൾ എന്നും പറയാറുള്ളു. അതുകൊണ്ട് തന്നെ കാവ്യയെപ്പോെല സുപരിചിതനായിരുന്നു മലയാളികൾക്ക് നടിയുടെ പിതാവ് മാധവനും. നീലേശ്വര്യം പോലുള്ള ഒരു കൊച്ചുഗ്രാമത്തിൽ നിന്നും വന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിന് പിന്നിലും അച്ഛന്റെ ത്യാഗങ്ങളാണ് കൂടുതൽ. മകൾ കുടുംബിനിയായിട്ടും എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരുന്നു മാധവൻ.
അച്ഛന്റെ മരണത്തോടെ കാവ്യയ്ക്കുണ്ടായിരുന്ന തണലാണ് നഷ്ടമാകുന്നത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവന്റെ വിയോഗ വാർത്ത ഇന്ന് പുലർച്ചയോടെയാണ് പുറത്ത് വന്നത്. എഴുപത്തിയഞ്ച് വയസായിരുന്നു. മരണ കാരണം വ്യക്തമല്ല. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

സംസ്കാരം പിന്നീട് കൊച്ചിയിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ശ്യാമളയാണ് ഭാര്യ. മകൻ മിഥുനും ഭാര്യ റിയയും മക്കളും വിദേശത്ത് നിന്നും വരാൻ വേണ്ടിയാണ് സംസ്കാരം നീട്ടിവെച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ ചെന്നൈയിലേക്ക് താമസം മാറിയത്. ഒപ്പം അച്ഛനേയും അമ്മയേയും കാവ്യ കൂട്ടിയിരുന്നു.
മഹാലക്ഷ്മിക്ക് ഏറെ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ കൂടിയായിരുന്നു മുത്തച്ഛൻ മാധവൻ. കാവ്യ സിനിമയിൽ ചുവടുറപ്പിക്കും മുമ്പ് വരെ ബിസിനസിൽ സജീവമായിരുന്നു മാധവൻ. അങ്ങനെയാണ് ടെക്സ്റ്റൈൽസ് മേഖലയിൽ പ്രശസ്തനായത്. അച്ഛന്റെ ബിസിനസ് താൽപര്യം കാവ്യയ്ക്കുമുണ്ട്. ലക്ഷ്യയ്ക്ക് തുടക്കം കുറിക്കാൻ കാവ്യയ്ക്ക് കരുത്തായതും അച്ഛന് ബിസിനസിലുള്ള പരിചയം തന്നെയായിരുന്നു.
ചെറുപ്പം മുതൽ രണ്ട് മക്കളിലും കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ മാധവനും ശ്യാമളയും ശ്രമിച്ചിരുന്നു. അങ്ങനെയാണ് കാവ്യയെ നൃത്തവും സംഗീതവും പഠിപ്പിക്കുന്നത്. സ്കൂൾ കാലത്ത് കലോത്സവ വേദികളിൽ കാവ്യ സജീവമായിരുന്നു. അക്കാലത്ത് എല്ലാ തിരക്കും മാറ്റിവെച്ച് ഊണും ഉറക്കവും കളഞ്ഞ് മകൾക്കൊപ്പം കൂട്ടായി നിന്നിരുന്നതെല്ലാം മാധവനായിരുന്നു.
പിന്നീട് മകൾ മലയാളത്തിലെ മുൻനിര നായികയായപ്പോഴും അച്ഛൻ മാധവൻ തന്നെയായിരുന്നു മാനേജറും ബോഡി ഗാർഡുമെല്ലാം. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ചാണ് കാവ്യ നീങ്ങിയിരുന്നതും. ആദ്യ വിവാഹ ജീവിതം പരാജയപ്പെട്ടപ്പോഴും മകളെ കുറ്റപ്പെടുത്താതെ ചേർത്ത് പിടിച്ച് അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നതിലും മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്.

ദീലിപുമായുള്ള വിവാഹശേഷം വിവാദങ്ങളും വിമർശനങ്ങളും ഒറ്റപെടുത്തലുകളും കാവ്യയ്ക്ക് അനുഭവിക്കേണ്ടി വന്നപ്പോഴും കുടുംബം നടിയെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. കാവ്യ മാത്രമല്ല ആ സമയത്ത് മാതാപിതാക്കളും ക്രൂരമായ സൈബർ ആക്രമണത്തിന് ഇരകളായിരുന്നു.
എല്ലാവരോടും സ്നേഹത്തിൽ പെരുമാറാൻ മാത്രമെ തങ്ങൾ ശ്രമിക്കാറുള്ളുവെന്നും അതുകൊണ്ട് തന്നെ ആളുകൾ വഞ്ചിക്കുകയും ചെയ്യാറുണ്ടെന്നും മുമ്പൊരിക്കൽ കാവ്യ പറഞ്ഞിരുന്നു. മകൾ വലിയ താരമാണെങ്കിലും ആ പ്രശസ്തി ഉപയോഗിക്കാൻ നടിയുടെ മാതാപിതാക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. വളരെ വിരളമായി മാത്രമെ ഇരുവരും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. എന്റെ കുട്ടിക്കാലം തൊട്ട് അമ്മയെയും അച്ഛനെയും ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. പിന്നെ എനിക്ക് ചുറ്റിലും നില്‍ക്കുന്നവരുമായും ഞാന്‍ വേഗം ഡിപ്പെന്റഡാകും.
സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല എന്നാണ് മുമ്പൊരിക്കൽ മാതാപിതാക്കളെ കുറിച്ച് സംസാരിക്കവെ നടി പറഞ്ഞത്. നടിയുടെ സഹോദരൻ മിഥുനും കുടുംബവും ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്. മകള്‍ക്ക് സ്‌കൂള്‍ അവധി തുടങ്ങുമ്പോൾ ചേട്ടനും കുടുംബത്തിനും ഒപ്പം സമയം ചിലവഴിക്കാൻ കാവ്യ ഓസ്ട്രേലിയയ്ക്ക് പറക്കാറുണ്ട്.
മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നൈയിൽ പഠിക്കാൻ തുടങ്ങിയതോടെയാണ് ദിലീപും കാവ്യയും ചെന്നൈയിൽ സ്ഥിര താമസമായത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന നടി ക്ലോത്തിങ് ബ്രാന്റ് ബിസിനസും മോഡലിങ്ങും മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.


Click it and Unblock the Notifications











