വേറെ ആരെയും നായികയായി കിട്ടിയില്ലേ? പത്മപ്രിയയെ ആദ്യമായി കണ്ടപ്പോൾ ചോദിച്ചതെന്തെന്ന് നിർമാതാവ്
പ്രേക്ഷകർക്ക് ഇന്നും മനസ്സിൽ നിന്ന് മായാത്ത ഒരു സിനിമയാണ് കാഴ്ച. മമ്മൂട്ടി നായകനായെത്തിയ ബ്ലെസി ചിത്രത്തിലെ പല രംഗങ്ങളും വൈകാരിക തലത്തിൽ പ്രേക്ഷകന് വിങ്ങലുണ്ടാക്കുന്നവയായിരുന്നു. 2004 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.
ഗുജറാത്ത് ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തുന്ന ഒരു ബാലന്റെ കഥയായിരുന്നു സിനിമ. മമ്മൂട്ടി, പത്മപ്രിയ, യാഷ് ഗ്വാലി, സനുഷ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. നടി പത്മപ്രിയയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റവും കാഴ്ച എന്ന സിനിമയിലൂടെ ആയിരുന്നു.

ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് സേവി മനോ മാത്യു. ബ്ലെസി പറഞ്ഞ രണ്ട് കഥകളിൽ തനിക്ക് ഇഷ്ടമായത് കാഴ്ച ആയിരുന്നെന്നും അങ്ങനെ കാഴ്ച എന്ന സിനിമ നിർമ്മിക്കുകയായിരുന്നെന്നും ഇദ്ദേഹം പറയുന്നു. മോഹൻലാൽ ചിത്രം തൻമാത്ര ആയിരുന്നു ബ്ലെസി ആദ്യം പറഞ്ഞ കഥ. കാഴ്ചയിൽ പത്മപ്രിയ നായിക ആയെത്തിയതിനെക്കുറിച്ചും സേവി മനോ മാത്യു സംസാരിച്ചു. മാസ്റ്റർ ബിൻ .യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

'ബ്ലെസി, എനിക്ക് നല്ലൊരു സിനിമ ചെയ്യണം, വാണിജ്യ സിനിമ ആയിരിക്കേണ്ട നല്ലൊരു പടം ആയിരിക്കണമെന്ന് ഞാൻ പറഞ്ഞു. എന്റെയടുത്ത് രണ്ട് സബ്ജകട് ഉണ്ടെന്ന് പുള്ളി പറഞ്ഞു. പദ്മരാജന്റെ ചെറുകഥയായ ഓർമ്മയുടെ കഥ എന്നോട് പറഞ്ഞു. ഒരാൾക്ക് അൾഷിമേഴ്സ് ബാധിച്ച കഥ. വേറെ കഥ നോക്കാൻ ഞാൻ പറഞ്ഞു. ഗുജറാത്തിൽ ഭൂകമ്പം നടന്ന കാലഘട്ടമാണ്'
'ഗുജറാത്തിൽ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട പയ്യൻ കേരളത്തിൽ വന്ന കഥ പറയുന്നു. ഇത് കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി. ഇത് മതിയെന്ന് പറഞ്ഞു. മാറ്റി വെച്ച കഥയാണ് പിന്നീട് ബ്ലെസി തൻമാത്ര എന്ന സിനിമയാക്കിയത്'

'കാഴ്ച ഹിറ്റായി. ഗുജറാത്തിലെ പയ്യനെ വേണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എറണാകുളത്ത് അന്വേഷിച്ചു. മട്ടാഞ്ചേരിയിൽ ഗുജറാത്തികളുടെ അസോസിയേഷൻ ഉണ്ട്. പുതിയ ഒരു ഫാമിലി വന്നിട്ടുണ്ട്, അവിടത്തെ പയ്യനോട് വരാൻ പറയാം എന്ന് പറഞ്ഞു. ബ്ലെസി കണ്ടപ്പോഴേ കറക്ട് ആണെന്ന് പറഞ്ഞു. ഓഡിഷനൊന്നും ഞാൻ പോയിരുന്നില്ല, ചങ്ങനാശേരി മാർക്കറ്റിലായിരുന്നു ഷൂട്ട്. ഞാൻ ചെന്നപ്പോൾ പത്മപ്രിയ അപ്പുറത്ത് കസേരയിട്ട് ഇരിക്കുന്നു. എനിക്ക് അവർ ഒരു നടി ആണെന്നേ തോന്നിയില്ല'

'നായിക ഇതുവരെ വന്നില്ലേയെന്ന് ഞാൻ ചോദിച്ചു. ഇതാ ഇരിക്കുന്നു നായികയെന്ന് അവർ പറഞ്ഞു. ഇതാണോ നായിക, പത്തിരുപത് ദിവസം ബാംഗ്ലൂരൊക്കെ കറങ്ങിയിട്ട് ഇതിനെയാണോ കിട്ടിയത് എന്ന് ഞാൻ ചോദിച്ചു. പത്മപ്രിയ അങ്ങനെയാണ്. അങ്ങനെ മേക്കപ്പ് ഒന്നും ചെയ്ത് നടക്കുന്ന ആളല്ല. ആർട്ടിസ്റ്റ് ആണെന്ന് തോന്നുകയേ ഇല്ല അവരെ കണ്ടാൽ,' സേവി മനോ മാത്യു പറഞ്ഞു.
സിനിമകളിൽ നിന്ന് കുറച്ച് വർഷങ്ങളായി മാറി നിന്ന പത്മപ്രിയ അടുത്തിടെ പുറത്തിറങ്ങിയ തെക്കൻ തല്ല് കേസ് എന്ന സിനിമയിലൂടെ ആണ് വീണ്ടും മലയാളത്തിലേക്ക് എത്തിയത്.


Click it and Unblock the Notifications