മണിയടിക്കാൻ ഞാൻ പോവാറില്ല, ദിലീപ് മോശമായി പെരുമാറി, മമ്മൂക്ക അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിക്കാറില്ല!
മനോരമ ന്യൂസ് ഇലക്ഷൻ സ്പെഷ്യൽ മന്ത്രിക്ക് മാർക്കെത്ര പ്രോഗ്രാമിൽ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയത് നടനും ഗതാഗത വകുപ്പ് മന്ത്രിയുമായ കെബി ഗണേഷ് കുമാർ ആയിരുന്നു. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സൂപ്പർ സ്റ്റാറുകളുമായുള്ള സൗഹൃദത്തെ കുറിച്ചും സിനിമയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ആഗ്രഹിച്ചതുപോലെ നല്ല വേഷങ്ങൾ സിനിമയിൽ കിട്ടിയില്ലെന്ന് ഗണേഷ് കുമാർ പറയുന്നു.
സിനിമ എന്ന പ്രൊഫഷൻ ഞാൻ മിസ് ചെയ്യുന്നുണ്ട്. മാത്രമല്ല സിനിമയിൽ വേണ്ടതുപോലെ നല്ല വേഷങ്ങൾ കിട്ടിയില്ലെന്ന ഒരു വേദന കൂടി എനിക്കുണ്ട്. ജോർജ് സാർ വിളിച്ചതുകൊണ്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. അല്ലാതെ ആഗ്രഹിച്ച് വന്നതല്ല. വന്നതിനുശേഷം പക്ഷെ എനിക്ക് ഇതൊരു പാഷനായി മാറി. നല്ല വേഷങ്ങൾ കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചു.

അതിൽ പ്രിയദർശൻ, രഞ്ജി പണിക്കർ, ഷാജി കൈലാസ് തുടങ്ങിയ അപൂർവം ആളുകൾ മാത്രമെ എനിക്ക് നല്ല വേഷങ്ങൾ തന്നുള്ളു. അവരോട് എനിക്ക് നന്ദിയും സ്നേഹവുമുണ്ട്. എനിക്ക് വേഷം തരാൻ പറ്റുന്ന പല സാഹചര്യങ്ങളും വെട്ടി കളഞ്ഞിട്ടുണ്ട്. മഹാന്മാരായ നടന്മാർ വരെ വെട്ടി കളഞ്ഞിട്ടുണ്ട്. അതെല്ലാം വേദനയുണ്ടാക്കിയ സംഭവങ്ങളുമാണ്.
എന്താണ് കാരണമെന്ന് അറിയില്ല. മന്ത്രിയുടെ മകനാണ് എന്നതെല്ലാമാകാം. പിന്നെ എനിക്ക് ഒരു സ്വഭാവമുണ്ട് കാല് പിടിച്ചുള്ള ഏർപ്പാടുകൾ ഇല്ല. ഇല്ലെങ്കിൽ ഇല്ല എന്നുള്ളതെ ഉള്ളൂ. മണിയടിക്കാനൊന്നും പോവാറില്ല. ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞ് പൊക്കി അടിക്കുകയൊക്കെ വേണം സിനിമയിൽ. അതൊക്കെ എനിക്ക് പ്രയാസമാണ്. ഉള്ളത് പറയാൻ ഞാൻ തയ്യാറാണ്. മഹത്തായ കാര്യങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യാം.
അല്ലാതെ പൊക്കിയടിച്ച് ഇരുപത്തിനാല് മണിക്കൂറും അസ്മാതിയായി നടക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല. എനിക്ക് മാത്രമല്ല സിനിമയിൽ പലർക്കും ഈ അനുഭവങ്ങളുണ്ട്. അർഹതപ്പെട്ട ആളുകൾക്ക് സിനിമയിൽ അവസരങ്ങൾ നിഷേധിക്കപ്പെടാറുണ്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി പ്രവർത്തിക്കുന്ന ആളുകൾക്ക് അതിൽ നല്ല റോളുണ്ട്. കപ്പിനും ചുണ്ടിനും ഇടയിൽ എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുമുണ്ട് അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയേയും ദിലീപിനേയും കുറിച്ചാണ് പിന്നീട് അദ്ദേഹം സംസാരിച്ചത്. മമ്മൂക്കയ്ക്കൊപ്പം കിങ് എന്ന സിനിമയിലാണ് ഞാൻ അവസാനമായി അഭിനയിച്ചത്. അതിനുശേഷം അഭിനയിച്ചിട്ടില്ല. സ്വഭാവികമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാണുമ്പോൾ വലിയ സ്നേഹമാണെങ്കിലും ഒരുമിച്ച് അഭിനയിക്കാറില്ല. എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അത് സ്വഭാവികമാണോ അല്ലയോ എന്നതും തിരിച്ചറിയാൻ പറ്റുന്നില്ല.

അദ്ദേഹം അദ്ദേഹത്തിന്റെ സിനിമകളിലേക്ക് എന്നെ വിളിക്കാറുമില്ല. ലാലേട്ടൻ അദ്ദേഹത്തിന്റെ പടങ്ങളിലേക്ക് എന്നെ വിളിക്കാറുണ്ട്. നേരിൽ അഭിനയിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. ആ സമയത്ത് നിയമസഭയുണ്ടായിരുന്നു. ലാലേട്ടൻ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് എനിക്ക് കൂടി ഭാഗമാകാൻ അവസരം ഒരുക്കി തന്നു. ഒരു ഘട്ടത്തിൽ ചില സിനിമകളിൽ അഭിനയിക്കാൻ പോയിട്ട് ഇൻസൾട്ടടായതുപോലെ തോന്നി. ബാന്ദ്ര എന്ന സിനിമയിൽ അഭിനയിച്ചത് വലിയൊരു അപമാനവും സങ്കടവുമായി മനസിലുണ്ട്.
ഇത്രയും പരിചയമുള്ള എന്നോട് ദിലീപ് അടക്കം മോശമായി പെരുമാറിയെന്ന് എനിക്ക് തോന്നി. ഞാൻ അഭിനയിക്കേണ്ട സീനുകളുടെ ഷൂട്ട് ഞാൻ ഇല്ലാതെ അവർ ഷൂട്ട് ചെയ്തു. അങ്ങനെ ചില മര്യാദ കേടുകൾ അവിടെ നടന്നു. അതിനുശേഷം സിനിമയിൽ അഭിനയിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയിരുന്നു. ശേഷമാണ് ജിത്തു നേരിന്റെ കഥ എന്നോട് പറഞ്ഞത്.
അങ്ങനെയാണ് വീണ്ടും അഭിനയിക്കാമെന്ന് തീരുമാനിച്ചത്. ബാന്ദ്രയുടെ സംവിധായകനും ആ സിനിമയുടെ സെറ്റപ്പുകളും ദിലീപും ഉൾപ്പടെ എന്നെ വേദനിപ്പിച്ചു. നല്ല റോളാണെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി. പക്ഷെ റോൾ മോശമായിരുന്നു. കോമ്പിനേഷൻ സീനുകളിൽ ഞാൻ ഇല്ലാതിരുന്നതിനെ കുറിച്ച് ദിലീപ് പോലും അന്വേഷിച്ചില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.


Click it and Unblock the Notifications
















