'പ്രതീക്ഷിക്കാത്ത കാര്യങ്ങളല്ലേ സംഭവിച്ചത്, അവർ ചിന്തിക്കാതെ സംസാരിക്കുകയാണ്'; ഗോപികയെ വിമർശിച്ചവരോട് കീർത്തന
കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം മലയാളത്തിലെ ജനപ്രിയ സീരിയലായ സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളുടെ സംവിധായകനായും ആദിത്യൻ പ്രവർത്തിച്ചിട്ടുണ്ട്. ആദിത്യന്റെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു.
തലേദിവസം പോലും കണ്ട് സംസാരിച്ച് ഒരുമിച്ച് സമയം ചിലവിട്ട സഹപ്രവർത്തകരെല്ലാം മരണവാർത്തയറിഞ്ഞ് തരിച്ച് ഇരിക്കുകയാണ് ചെയ്തത്. സാന്ത്വനം സീരിയൽ ഇത്രയും വലിയ വിജയമായതിന് പ്രധാന കാരണവും ആദിത്യന്റെ സംവിധാന മികവ് തന്നെയായിരുന്നു.

തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ റീമേക്ക് ആണെങ്കിലും ചെറിയ സർപ്രൈസുകളും സന്തോഷ നിമിഷങ്ങളും എല്ലാം നിറച്ച് വളരെ റിയലിസ്റ്റിക്കായാണ് സാന്ത്വനത്തെ ആദിത്യൻ ഒരുക്കിയിരുന്നത്. തങ്ങൾ അനാഥരായി എന്നാണ് സാന്ത്വനത്തിലെ അഭിനേതാക്കൾ ആദിത്യന്റെ മരണശേഷം പറഞ്ഞത്.
നിരവധി സിനിമ, സീരിയല്‍ പ്രവര്‍ത്തകര്‍ സഹതാരത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച്എത്തിയിരുന്നു. സാന്ത്വനത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് നടി ഗോപിക അനിലാണ്. നായികയായി വീണ്ടും സീരിയലുകളിലേക്ക് ഗോപിക തിരിച്ചെത്തിയപ്പോൾ ആദിത്യനാണ് അഞ്ജലി എന്ന കഥാപാത്രത്തെ താരത്തിന് നൽകി മിനിസ്ക്രീനിൽ നടിക്ക് ബ്രേക്ക് നൽകിയത്.
സാന്ത്വനമാണ് ഗോപികയെ മലയാളികൾ സനേഹിക്കാൻ കാരണമായത്. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഗോപിക ഏറെയും പറയാറുണ്ടായിരുന്നതും സംവിധായകൻ ആദിത്യനെ കുറിച്ച് തന്നെയായിരുന്നു. അതേസമയം ആദിത്യന്റെ മരണം സംഭവിച്ച് അടുത്ത ദിവസം തന്നെയായിരുന്നു ഗോപികയും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹനിശ്ചയം കോഴിക്കോട് വെച്ച് നടന്നത്.
ആർഭാടമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോൾ ആശംസകൾക്കൊപ്പം ചില വിമർശനങ്ങളും ഗോപികയ്ക്ക് നേരിടേണ്ടി വന്നു. ഒരു മരണത്തിന് ശേഷം അധിക ദിവസമാകുന്നതിന് മുമ്പ് ഇത്ര ചിരി ഒഴിവാക്കാമായിരുന്നു. മരിച്ചയാളോടുള്ള ആദരം ചടങ്ങില്‍ മെന്‍ഷന്‍ ചെയ്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇന്നലെ അല്ലേ ഇവരെ രണ്ടിനേയും ഒരു മരണ വീട്ടില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നതായി കണ്ടത് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ ഗോപികയെ വിമർശിച്ച് കുറിച്ചത്. ഇപ്പോഴിതാ ആദിത്യന്റെ മരണം സംഭവിച്ചിട്ടും ചടങ്ങ് നടത്തിയതിന് പിന്നിലെ കാരണവും വിമർശിച്ചവർക്കുള്ള മറുപടിയും നൽകിയിരിക്കുകയാണ് ഗോപികയുടെ സഹോദരി കീർത്തന.
വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കീർത്തനയുടെ പ്രതികരണം. 'പലരും ചിന്തിക്കാതെ സംസാരിക്കുകയാണെന്നാണ് കീർത്തന പറയുന്നത്. പ്രതീക്ഷിക്കാത്ത കാര്യങ്ങളല്ലേ സംഭവിച്ചത്. നമുക്ക് ഇതൊന്നും അറിയില്ലല്ലോ. അതിനാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.'
'പിന്നെ വിമർശിക്കുന്നവർ ചിന്തിക്കാതെ സംസാരിക്കുകയാണ്. ഒരു ഫങ്ഷൻ നടത്തുന്നതിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഇല്ലേ. ഹാൾ, ഫുഡ്, ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാവരും ചടങ്ങിൽ പങ്കെടുക്കാൻ വരികയും ചെയ്തിരുന്നു. ഫങ്ഷൻ മാറ്റിവെക്കുക എന്നത് പ്രാക്ടിക്കലായിരുന്നില്ലെന്നും', കീർത്തന പറയുന്നു. 'ഇനി സാന്ത്വനം സീരിയൽ എന്താകുമെന്ന് അറിയില്ല. നിർമാതാക്കളും സാന്ത്വനം ടീമുമാണ് തീരുമാനം എടുക്കുന്നത്. നേരത്തെ എടുത്ത് വെച്ച എപ്പിസോഡുകൾ ഉണ്ടെന്നാണ് തോന്നുന്നതെന്നും', കീർത്തന കൂട്ടിച്ചേർത്തു.


Click it and Unblock the Notifications