മികച്ച അവസരം വേണ്ടെന്ന് വെച്ചു, ചെയ്തത് ഗീതാഞ്ജലി; പ്രിയദർശൻ പ്രിയാമണിയുടെ സിനിമ കോപ്പി അടിച്ചതോ?
തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കീർത്തി സുരേഷിന് സാധിച്ചിട്ടുണ്ട്. ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും മലയാളത്തിൽ കീർത്തി സുരേഷ് സജീവമായില്ല. വളരെ പെട്ടെന്ന് തമിഴകത്തേക്ക് കടന്നു. ഹിറ്റുകൾ തമിഴിൽ നിന്നും കീർത്തിക്ക് തുടരെ ലഭിച്ചു. ചെറുപ്പകാലം മുതൽ സിനിമാ ലോകത്തെ അടുത്ത് നിന്ന് കാണുന്നയാളാണ് കീർത്തി. നിർമാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും മകൾ.
കുട്ടിക്കാലം മുതലേ അഭിനയ രംഗത്തോട് കീർത്തിക്ക് താൽപര്യമുണ്ട്. ബാല നടിയായി അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ മുതിർന്നപ്പോൾ കീർത്തിയെ നായിക നടിയാക്കുന്നതിൽ പിതാവ് സുരേഷ് കുമാറിന് വലിയ താൽപര്യമില്ലായിരുന്നു. നിരവധി അവസരങ്ങൾ കീർത്തിക്ക് ഗീതാഞ്ജലിക്ക് മുമ്പ് വന്നതാണ്. എന്നാൽ സുരേഷ് കുമാറിന്റെ സമ്മതമില്ലാത്തത് കൊണ്ട് കീർത്തി അഭിനയിച്ചില്ല. ഇതേക്കുറിച്ച് ഒരിക്കൽ മേനക സുരേഷ് തുറന്ന് സംസാരിച്ചിട്ടുണ്ട്.

നീലത്താമരയെന്ന പടം എടുക്കുമ്പോൾ സുരേഷേട്ടനോട് പലരും പറഞ്ഞിരുന്നു. വീട്ടിൽ തന്നെ ഒരു താമരയുണ്ടല്ലോ എന്തിനാണ് നമ്മൾ വെളിയിൽ അന്വേഷിക്കുന്നതെന്ന് ലാൽ ജോസ് ചോദിച്ചു. ഇതൊക്കെ പിന്നെയാണ് ഞാൻ അറിയുന്നത്. ഞാൻ ഓപ്പോളിൽ എംടി സാറിന്റെ സ്ക്രിപ്റ്റിൽ അല്ലേ വന്നത്. കീർത്തിയും എംടി സാറിന്റെ സ്ക്രിപ്റ്റായ നീലത്താമരയിലൂടെ വന്നാൽ എന്തായെന്ന് ഞാൻ ചോദിച്ചു. ഇല്ല പപ്പീ, റിസ്ക് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അഭിനയിക്കണമെന്ന ആഗ്രഹം അവൾക്ക് ഭയങ്കരമായി ഉണ്ടായിരുന്നു.
താേൽവി വന്നാൽ എങ്ങനെ അവൾ ഫേസ് ചെയ്യും എന്ന പേടിയാണെന്ന് സുരേഷേട്ടൻ പറഞ്ഞു. ആര് വന്ന് ചോദിച്ചാലും പറ്റില്ലെന്ന് പറഞ്ഞിരുന്ന സുരേഷേട്ടൻ ഗീതാഞ്ജലിയിൽ മകളെ അഭിനയിപ്പിക്കാൻ സമ്മതം പറഞ്ഞെന്നും അന്ന് മേനക സുരേഷ് ചൂണ്ടിക്കാട്ടി. പ്രിയനും സുരേഷേട്ടനും സുഹൃത്തുക്കളുമിരിക്കുമ്പോൾ സിനിമയുടെ ചർച്ച വന്നു. നിന്റെ പടത്തിന് ഹീറോയിനായോ എന്ന് അദ്ദേഹം ചോദിച്ചു.

ഒരു പെണ്ണുണ്ട്, നല്ല കുട്ടിയാണ്, പക്ഷെ അവളുടെ തന്തപ്പടി വലിയ പ്രശ്നമാണെന്ന് പറഞ്ഞു. ആരാണ്, നീ എന്നോട് പറ, ഞാൻ ശരിയാക്കി തരാമെന്ന് സുരേഷേട്ടൻ. നീ തന്നെയാണെന്ന് പ്രിയൻ പറഞ്ഞപ്പോൾ ചേട്ടൻ ലോക്കായി. അങ്ങനെ സമ്മതം പറയുകയായിരുന്നെന്നും മേനക സുരേഷ് ഓർത്തു.
എത്രയോ പേർ ചോദിച്ചെങ്കിലും പ്രിയന് ആദ്യമായി ഡയരക്ഷൻ കൊടുക്കുന്നത് ഞാനാണ്. അപ്പോൾ എന്റെ മകൾ അവന്റെ ഡയരക്ഷനിൽ വരട്ടെയെന്ന് സുരേഷേട്ടൻ പറഞ്ഞു. നന്നായി വന്നാൽ വരട്ടെ, വന്നില്ലെങ്കിൽ ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഒരെണ്ണം ചെയ്തെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്ന എഎൽ വിജയുടെ പടത്തിലൂടെ തമിഴകത്തേക്കും കീർത്തി കടന്നെന്ന് മേനക സുരേഷ് പറഞ്ഞു. നീലത്താമരയ്ക്ക് പുറമെ നോട്ട്ബുക്ക് എന്ന സിനിമയിലും കീർത്തിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്.
എന്നാൽ പ്രിയദർശന്റെ ഗീതാഞ്ജലിയാണ് കീർത്തിയുടെ അരങ്ങേറ്റ സിനിമയായത്. ഗീതാഞ്ജലി ശ്രദ്ധിക്കപ്പെട്ടെങ്കിലും കോപ്പിയടി ആരോപണം ഈ സിനിമ നേരിട്ടു. കന്നഡ ചിത്രം ചാരുലതയുടെ സമാന കഥയായിരുന്നു ഗീതാഞ്ജലിയിലും. പ്രിയാമണിയാണ് ഈ ചിത്രത്തിൽ നായികയായെത്തിയത്. എന്നാൽ കോപ്പിയടി ആരോപണത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. തായ് ചിത്രം അലോണിന്റെ അഡാപ്റ്റേഷനായിരുന്നു ഗീതാഞ്ജലിയും ചാരുലതയും. എന്നാൽ ഗീതാഞ്ജലിയേക്കാൾ ശ്രദ്ധ ലഭിച്ച മലയാള സിനിമകളാണ് നീലത്താമരയും നോട്ട്ബുക്കും. മലയാളത്തിൽ എന്നും ഓർക്കപ്പെടുന്ന രണ്ട് കഥാപാത്രങ്ങൾ കീർത്തിക്ക് ലഭിച്ചേനെ. അതേസമയം മറ്റ് ഭാഷകളിൽ ശ്രദ്ധേയ റോളുകൾ കീർത്തിക്ക് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











