നടിയായപ്പോൾ അമ്മ നൽകിയ ഉപദേശമെന്തെന്ന് കീർത്തി; അന്ന് ഒരു കസേര ഇടാത്തതിന് മേനക യൂണിറ്റിൽ പറഞ്ഞത്
തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ്. നിരവധി ഹിറ്റ് സിനിമകളിൽ നായികയായ കീർത്തിക്ക് ആരാധകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ലഭിക്കുന്നു. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. അധികം വൈകാതെ തമിഴകത്തേക്ക് കടന്ന് താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു. തെലുങ്ക് ചിത്രം മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സുരേഷ് നേടി.
ഇടയ്ക്ക് ഗ്രാഫിൽ ചെറിയ താഴ്ച വന്നെങ്കിലും മികച്ച സിനിമകളുമായി വീണ്ടും സജീവമാവുകയാണ് കീർത്തി സുരേഷ്. കരിയറിൽ തന്റെ അമ്മ മേനക സുരേഷ് നൽകിയ ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തിയിപ്പോൾ. ഗീതാഞ്ജലിയുടെ ആദ്യത്തെ ദിവസത്തെ ഷൂട്ടിന് പോകുമ്പോൾ അമ്മ രണ്ട് കാര്യങ്ങൾ പറഞ്ഞു.

കൃത്യനിഷ്ഠ വേണം. അവർ ഇപ്പോഴും 9 മണിയെന്ന് പറഞ്ഞാൽ 8.55 ന് പോയി നിൽക്കുന്നവരാണ്. മറ്റൊന്ന് ഒരു യൂണിറ്റിലുള്ള പയ്യൻ മുതൽ സംവിധായകൻ വരെയുള്ളവരെ ഒരേ പോലെ കാണണം. ഒരേ ബഹുമാനം അവർക്ക് കൊടുക്കണം. ഈ രണ്ട് കാര്യങ്ങളാണ് അമ്മ തനിക്ക് തന്ന ഉപദേശമെന്ന് കീർത്തി സുരേഷ് വ്യക്തമാക്കി. സിനിമ വികടനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
നിർമാതാക്കൾക്ക് സെറ്റിൽ ബഹുമാനം ലഭിക്കാത്തതിനെക്കുറിച്ച് മുമ്പൊരിക്കൽ മേനക സുരേഷ് പറഞ്ഞ കാര്യങ്ങൾ ഈ പശ്ചാത്തലത്തിൽ ശ്രദ്ധ നേടുകയാണ്. പ്രൊഡ്യൂസർക്ക് ഇപ്പോൾ ബഹുമാനം ഇല്ല. ആരാണ് പ്രൊഡ്യൂസറെന്ന് പോലും ഇപ്പോൾ അറിയില്ല. സീത കല്യാണം എന്ന സിനിമയുടെ സെറ്റിൽ ഞാനും സുരേഷേട്ടനും പോയി. ഗീതു മോഹൻദാസും ജ്യോതികയും സംസാരിച്ച് കൊണ്ടിരിക്കുകയാണ്.

ഞാൻ അന്നാണ് ജ്യോതികയെ ആദ്യമായി കാണുന്നത്. ജ്യോതികയ്ക്കും എന്നെ അറിയാൻ വഴിയില്ല. മലയാളത്തിൽ ഇങ്ങനെയൊരു വലിയ ആർട്ടിസ്റ്റ് ഉണ്ടായിരുന്നെന്ന് അറിയാൻ വഴിയില്ല. ഹായ് സുരേഷേട്ടാ, ഹായ് ചേച്ചീ എന്ന് ഗീതു. ഞങ്ങൾ അകത്തേക്ക് പോയി. സുകുമാരി ചേച്ചിയും മനോരമ ആച്ചിയും സംസാരിക്കുന്നു. അവരെ കാണാനാണ് ഞാൻ പോയത്. അല്ലെങ്കിൽ ഞാൻ സെറ്റിൽ പോകാറില്ല.
ഞാൻ പുറത്തേക്ക് പോയി അവിടെ ഇരുന്നു. സുരേഷേട്ടൻ അവിടെ നിൽക്കുകയാണ്. പ്രൊഡക്ഷൻ ബോയിയോട് എത്ര നേരമായി നിൽക്കുന്നു, ഒരു കസേര കൊണ്ട് നിനക്ക് ഇടാൻ അറിഞ്ഞ് കൂടേയെന്ന് ഞാൻ പറഞ്ഞു. കണ്ടില്ല ചേച്ചി എന്ന് പറഞ്ഞ് ഒരു കസേരയും കൊണ്ട് വന്നു. അഞ്ത് മിനുട്ട് കഴിഞ്ഞപ്പോൾ ജ്യോതിക ഓടി വന്നു. സോറി മാം ആരാണെന്ന് എനിക്കറിയില്ലായിരുന്നു.
അകത്ത് ഡ്രസ് മാറാൻ പോയപ്പോൾ സുകുമാരി ചേച്ചിയാണ് ആരാണെന്ന് പറഞ്ഞത് ക്ഷമിക്കണം എന്ന് പറഞ്ഞു. രണ്ട് കാര്യങ്ങളാണ് സുകുമാരി ചേച്ചി ചെയ്തത്. എനിക്ക് കിട്ടേണ്ട ബഹുമാനം വാങ്ങി തന്നു. ജ്യോതികയ്ക്ക് എന്താണ് കാര്യമെന്ന് പറഞ്ഞ് മനസിലാക്കുകയും ചെയ്തെന്നും മേനക സുരേഷ് അന്ന് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications