'രാശിയില്ലാത്തവരുടെ ബ്രാന്റ് അംബാസിഡറായിരുന്നു ഒരു കാലത്ത്, ഏത് സിനിമ ചെയ്താലും പാതി വഴിയിൽ മുടങ്ങും'; കീർത്തി
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്‍റേതായ സ്ഥാനം ഉറപ്പിച്ച ആളാണ് നടി കീർത്തി സുരേഷ്. നിർമാതാവായ സുരേഷ് കുമാറിന്‍റേയും നടി മേനകയുടേയും മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേക്കെത്തുന്നത്. മലയാളിയാണെങ്കിലും കോളിവുഡിലൂടെയാണ് കീർത്തി പ്രേക്ഷക ശ്രദ്ധ നേടുന്നത്.
വിക്രം ഉള്‍പ്പടെയുള്ള മുൻനിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് കയ്യടി നേടിയ കീർത്തിയെക്കുറിച്ച് നിർമാതാവ് ബോണി കപൂർ അടുത്തിടെ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. തന്‍റെ ഭാര്യയും നടിയുമായ ശ്രീദേവിയുമായി ബന്ധപ്പെടുത്തിയായിരുന്നു ബോണി കപൂറിന്‍റെ പരാമർശം.
തന്‍റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യവും കഴിവുമുള്ള നടിയാണ് കീർത്തി സുരേഷ് എന്നായിരുന്നു ബോണി കപൂർ പറഞ്ഞത്. മാമന്നൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ബോണി കപൂർ ഇത്തരമൊരു പരാമർശം നടത്തിയത്. ബോണി കപൂറിനെപ്പോലെ സിനിമയുമായി വളരെ അടുത്ത് നിൽക്കുന്ന വ്യക്തിയിൽ നിന്നും ഇത്തരമൊരു പ്രശംസ ലഭിച്ചത് ഒരു പുരസ്കാരം ലഭിച്ചതിന് തുല്യമായിരുന്നു കീർത്തിക്ക്.

എന്നാൽ സിനിമാ ജീവിതം ആരംഭിച്ചപ്പോൾ താൻ ഏറ്റവും കൂടുതൽ കേട്ടൊരു വിമർശനത്തെ കുറിച്ച് കീർത്തി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രാശി ഇല്ലാത്ത നടി എന്ന വിളിപ്പേര് തനിക്ക് ഒരു കാലത്ത് ഉണ്ടായിരുന്നുവെന്നാണ് താരം ഒരിക്കൽ വെളിപ്പെടുത്തിയത്. 'അഭിനയിച്ച് തുടങ്ങിയപ്പോൾ ഞാൻ ഒരു രാശിയില്ലാത്ത നടിയായി മുദ്രകുത്തപ്പെട്ടിരുന്നു.'
'ഞാൻ അഭിനയിച്ചാൽ സിനിമ പാതിവഴിയിൽ മുടങ്ങുമായിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് ഞാൻ ഇതെല്ലാം കടന്നുവന്നത്', എന്നാണ് താരം പറഞ്ഞത്. ഇത്തരം വിശ്വാസങ്ങൾക്ക് സിനിമ മേഖലയിൽ വളരെ അധികം പ്രാധാന്യം കൊടുക്കാറുണ്ട്.
സിനിമയുടെ പൂജ, റിലീസ് തുടങ്ങിയ വരുമ്പോൾ പോലും പ്രാർത്ഥന, ജ്യോത്സ്യം എന്നിവയ്ക്ക് സിനിമാ പ്രവർത്തകർ പ്രാധാന്യം നൽകാറുണ്ട്. പേര് രാശിയല്ലെന്ന് കണ്ടാൽ സംഖ്യാശാസ്ത്രത്തിൽ വിശ്വസിച്ച് അതിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നവർ വരെയുണ്ട്. ദിലീപ്, ലെന തുടങ്ങിയ താരങ്ങൾ അത്തരത്തിൽ പേര് മാറ്റിയവരാണ്.
കീർത്തിക്ക് ഇപ്പോൾ നല്ല കാലമാണ്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന നടി കീർത്തിയാണ്. താരങ്ങൾ പ്രതിഫലം കൂട്ടുന്നുവെന്നതിനെ ചൊല്ലി നിർമാതാവ് കൂടിയായ കീർത്തിയുടെ അച്ഛൻ സുരേഷ് വിമർശനം നടത്തുമ്പോൾ സിനിമാപ്രേമികൾ അദ്ദേഹത്തിന്റെ വാദത്തെ എതിർക്കുന്നത് കീർത്തിയുടെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ്.

കുബേരൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തിയ സുരേഷ് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്. ശേഷം ദിലീപിനൊപ്പം റിങ് മാസ്റ്ററിൽ നായികയായി. പിന്നീട് തമിഴിലേക്ക് ചേക്കേറി. വർഷങ്ങൾക്ക് ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെയാണ് തിരികെ മലയാളത്തിലേക്ക് എത്തിയത്.
വാശിയാണ് മലയാളത്തിൽ കീർത്തി അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. അതിനിടയിൽ മഹാനടി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ വിവിധ ഭാഷകളിലായി നിരവധി അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്.
പത്ത് വർഷത്തെ സിനിമാ ജീവിതത്തിനിടെ വിരലിലെണ്ണാവുന്ന മലയാള സിനിമകൾ മാത്രമാണ് കീർത്തി ചെയ്തിരിക്കുന്നത്. അതേസമയം കീർത്തി ഇത്രത്തോളം പ്രശസ്തി അർഹിക്കുന്നില്ലെന്നും മഹാനടി മാത്രമാണ് നല്ലൊരു പ്രകടനം കീർത്തിയുടെ ഭാഗത്ത് നിന്നുണ്ടായ സിനിമയെന്നും വിമർശകർക്ക് അഭിപ്രായമുണ്ട്.
അമ്മ മേനകയുമായി താരതമ്യപ്പെടുത്തിയാൽ കീർത്തി പത്തിലൊന്ന് ഇലെന്നും വിമർശകർ പറയാറുണ്ട്. കാമ്പുള്ള കഥാപാത്രങ്ങൾ നിരവധി ചെയ്തിട്ടും അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ നടിയാണ് മേനക സുരേഷ്.


Click it and Unblock the Notifications











