'മഹാനടിക്ക് ശേഷം നായികയായ സിനിമകളെല്ലാം പരാജയം'; കഴിവുണ്ടായിട്ടും കീർത്തി സുരേഷിന് എന്ത് പറ്റിയെന്ന് ആരാധകർ!
സിനിമാ കുടുംബത്തിൽ നിന്ന് എത്തിയ താരപുത്രിയാണ് നടി കീർത്തി സുരേഷ്. ബാല്യകാലം മുതൽ മലയാളികൾ കാണുന്ന മുഖമാണ് കീർത്തിയുടേത്. ബാലതാരമായി കീർത്തി അഭിനയിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട സിനിമ ദിലീപിന്റെ കുബേരനായിരുന്നു. ദിലീപ് എടുത്ത് വളർത്തുന്ന കുട്ടികളിൽ ഒരാളായിരുന്നു കീർത്തി ചിത്രത്തിൽ പിന്നീട്. പഠനവും മറ്റ് കാര്യങ്ങളുമായി തിരക്കിലായിരുന്നു കീർത്തി സുരേഷ്. അക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന കീർത്തി പ്രിയദർശന്റെ നിർബന്ധപ്രകാരമാണ് 2013ൽ ഗീതാഞ്ജലിയിൽ നായികയായി രണ്ടാം വരവ് നടത്തിയത്. മോഹൻലാൽ അടക്കമുള്ള താരനിര അണിനിരന്ന സിനിമ വലിയ പരാജയമായിരുന്നു.
ഗീതാഞ്ജലിക്ക് ശേഷം ദിലീപിന്റെ നായികയായി 2014ൽ കീർത്തി. സിനിമ റിങ് മാസ്റ്ററായിരുന്നു. കോമഡിക്ക് പ്രാധാന്യം നൽകിയുള്ള സിനിമയായിരുന്നുവെങ്കിലും കീർത്തിക്ക് ശ്രദ്ധിക്കപ്പെടാൻ സാധിച്ചില്ല. ശേഷമാണ് മാലയാളം വിട്ട് തമിഴിലേക്ക് കീർത്തി ചേക്കേറിയത്. മലയാളത്തിൽ നിന്നും അന്യ ഭാഷകളിലേക്ക് പോകുന്ന നായികമാരുടെ തലവര തെളിയുമെന്ന് കീർത്തിയും തമിഴ് അടക്കമുള്ള ഭാഷകളിൽ അഭിനയിച്ചുകൊണ്ട് തെളിയിച്ചു. വിക്രം പ്രഭുവിന്റെ നായികയായിരുന്നു തമിഴിലെ ആദ്യ ചിത്രത്തിൽ കീർത്തി. സിനിമ ഇത് എന്ന മായം ആയിരുന്നു.

സിനിമ വലിയ ഓളമൊന്നും സൃഷ്ടിക്കാതെ കടന്നുപോയി. പിന്നീട് തെലുങ്കിൽ നിന്നാണ് കീർത്തിക്ക് ക്ഷണം ലഭിച്ചത്. സിനിമ നേനു ഷൈലജയായിരുന്നു. പിന്നീട് തമിഴിലേക്ക് തിരിച്ചെത്തിയ കീർത്തി ശിവകാർത്തികേയന്റെ നായികയായി രജനി മുരുകനിൽ. ഇതിലെ പാട്ടുകളും സിനിമയും മോശമില്ലാതെ ജനശ്രദ്ധ നേടി. പിന്നീട് ധനുഷ്, വിജയ്, വിക്രം, സൂര്യ തുടങ്ങി തമിഴിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി. റെമോ, തൊടരി, സാമി 2, താനേ സേർന്ത കൂട്ടം, ഭൈരവ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. പിന്നീട് 2018ൽ ആണ് മഹാനടി എന്ന തെലുങ്ക് സിനിമ കീർത്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. നടി സാവിത്രിടെയുടെ കഥ പറഞ്ഞ മഹാനടിയിലെ കീർത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ താരത്തെ തേടിയെത്തി.

നാഗ് അശ്വിൻ സംവിധാനം ചെയ്‍ത സിനിമയായിരുന്നു മഹാനടി. ചിത്രത്തിൽ ദുൽഖർ സൽമാനായിരുന്നു നായകൻ. അപ്രതീക്ഷിതമായാണ് കീർത്തി സുരേഷിനെ തേടി മികച്ച നടിക്കുള്ള പുരസ്കാരം എത്തിയത്. അമ്മ മേനകയ്ക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടത് താൻ അമ്മയ്ക്ക് വേണ്ടി സാധിച്ചുവെന്നാണ് പുരസ്കാരം ലഭിച്ച ശേഷം കീർത്തി പ്രതികരിച്ചത്. ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകളുടെ ചിത്രത്തിലെ സ്ഥിരം സാന്നിധ്യമാണ് കീർത്തി സുരേഷ്. പക്ഷെ മഹാനടിക്ക് ശേഷം കീർത്തി നായികയായ ഒരു സിനിമ പോലും വിജയം കണ്ടിട്ടില്ല. ഇത്രയേറെ കഴിവുള്ള നടിയായിട്ടും തുടരെ തുടരെ പരാജയ ചിത്രങ്ങൾ മാത്രം കീർത്തിയുടെ സിനിമാ ജീവിതത്തിൽ സംഭവിക്കുന്നത് എന്ത് എന്നുള്ള അന്വേഷണത്തിലാണ് ആരാധകർ. ഏറ്റവും പുതിയതായി കീർത്തിയുടേതായി റിലീസിനെത്തിയ ഗുഡ്ലക്ക് സഖി എന്ന സിനിമയ്ക്കും മോശം റിപ്പോർട്ടുകളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
Recommended Video

കാര്യമായി ഒന്നും തന്നെ എടുത്ത് പറയാനില്ലാത്ത ആവറേജ് സിനിമയാണ് ഗുഡ്ലക്ക് സഖി എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. നാഗേഷ് കുക്നൂർ ആണ് സിനിമ സംവിധാനം ചെയ്തത്. വർത്ത് എ ഷോട്ട് മൂവി ആർട്‌സിന് കീഴിൽ സുധീർ ചന്ദ്ര പടിരിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് വിതരണം. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനൊപ്പം സർക്കാർ വാരി പാട്ട എന്ന ചിത്രമാണ് ഇനി കീർത്തിയുടേതായി റിലീസിനെത്താനുള്ളത്. മലയാളത്തിൽ ടൊവിനോ നായകനായ വാശി എന്ന സിനിമയിലും കീർത്തിയാണ് നായിക.


Click it and Unblock the Notifications











