വിവാഹത്തിന് രണ്ട് തരം ചടങ്ങുകൾ; അതിഥികൾക്ക് ഡ്രസ് കോഡ്; കീർത്തിയുടെ വിവാഹ വിശേഷങ്ങൾ
വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് നടി കീർത്തി സുരേഷ്. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. ഡിസംബർ 12 ന് ഗോവയിൽ വെച്ച് വിവാഹം നടക്കും. 15 വർഷമായി അടുത്തറിയുന്നവരാണ് ആന്റണി തട്ടിലും കീർത്തി സുരേഷും. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഇതുവരെയും ഇക്കാര്യം ആരാധകർക്ക് അറിയില്ലായിരുന്നു. പല തവണ ഗോസിപ്പുകൾ താരത്തെക്കുറിച്ച് വന്നെങ്കിലും അന്നൊന്നും ആന്റണി തട്ടിലിന്റെ പേര് വന്നിരുന്നില്ല.
കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ മാതാപിതാക്കൾക്കൊപ്പം കീർത്തിയെത്തിരുന്നു. മടങ്ങവെ തന്റെ വിവാഹം ഡിസംബറിലാണെന്ന് നടി മാധ്യമങ്ങളോട് പറയുകയും ചെയ്തു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. വിവാഹചടങ്ങുകളെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഡിസംബർ 12ാം തിയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്.

പരമ്പരാഗത ഹിന്ദു ആചാരപ്രകാരം എല്ലാ ചടങ്ങുകളോടൊയുമായിരിക്കും വിവാഹമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രങ്ങളായിരിക്കും ധരിക്കുക. അതിഥികൾക്കും ഡ്രസ് കോഡുണ്ടാകും. വൈകീട്ടാണ് രണ്ടാമത്തെ ചടങ്ങ്. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും അതിഥികളുടെ ഡ്രസ് കോഡ്.
രാത്രിയിൽ കാസിനോ നൈറ്റ് പാർട്ടിയുണ്ടാകും. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഡിസംബർ 10 ന് ആരംഭിക്കും. ഡിസംബർ 11 ന് രാവിലെ സംഗീത് പരിപാടികൾ നടക്കും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. സിനിമാ രംഗത്ത് നിരവധി സൗഹൃദങ്ങൾ കീർത്തിക്കുണ്ട്. വിവാഹ ചിത്രങ്ങൾ പുറത്ത് വരാൻ കാത്തിരിക്കുകയാണ് ആരാധകർ.

32 കാരിയായ കീർത്തി സുരേഷ് കരിയറിൽ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കുകയാണ് കീർത്തി. വരുൺ ധവാൻ നായകനാകുന്ന ബേബി ജോൺ തമിഴ് ചിത്രം തെറിയുടെ റീമേക്കാണ്. തമിഴിൽ സമാന്ത ചെയ്ത വേഷമാണ് ബോളിവുഡ് റീമേക്കിൽ കീർത്തി ചെയ്യുന്നത്. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ബേബി ജോൺ.
പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ് കീർത്തി സുരേഷ് നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ് ഇന്ന്.
അച്ഛൻ നിർമാതാവ് ജി സുരേഷ് കുമാറിന്റെയും അമ്മ നടി മേനക സുരേഷിന്റെയും പാത പിന്തുടർന്നാണ് കീർത്തി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ കീർത്തി സുരേഷ് അഭിനയിച്ചിട്ടുള്ളൂ. വാശിയാണ് നടിക്ക് ഏറെ പ്രശംസ ലഭിച്ച മലയാള സിനിമ. തമിഴകത്താണ് നടിക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാനായത്. സൂപ്പർഹിറ്റ് സിനിമകൾ നടിക്ക് തുടരെ ലഭിച്ചത് തമിഴകത്ത് നിന്നാണ്. ഇന്ന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടി ശ്രദ്ധാലുവാണ്.


Click it and Unblock the Notifications











