കീർത്തിയെത്തുക വളർത്ത് നായക്കൊപ്പം, നയൻതാരയുടെ മക്കളെ നോക്കുന്ന സ്റ്റാഫും; എല്ലാ ചെലവും നിർമാതാവിനോ?
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇന്ന് മുൻനിരയിൽ നിരവധി നടിമാരുണ്ട്. തെലുങ്ക്, തമിഴ് സിനിമാ ലോകത്തെ ഈ താരറണിമാരുടെ പ്രതിഫലം കോടികളാണ്. നയൻതാര മുതൽ ശ്രീലീല വരെ നീളുന്നു ഈ നിര. ഇക്കൂട്ടത്തിൽ ശ്രദ്ധേയയാണ് കീർത്തി സുരേഷും. നയൻതാരയ്ക്കും അമല പോളിനും ശേഷം മലയാളത്തിൽ നിന്ന് പോയി തമിഴകത്ത് ശക്തമായ സാന്നിധ്യമാകാൻ കഴിഞ്ഞ നടിയാണ് കീർത്തി സുരേഷും. വൻ ആരാധക വൃന്ദം ഇവർക്കുണ്ട്.
വലിയ പ്രൊഡക്ഷൻ ഹൗസുകളുടെ സിനിമകളിൽ അഭിനയിക്കുന്ന നയൻതാരയ്ക്കും കീർത്തി സുരേഷിനുമെല്ലാം എല്ലാവിധ സുഖ സൗകര്യങ്ങളും സെറ്റിൽ ലഭിക്കുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സുബൈർ. അഭിനേതാക്കൾ പ്രൊഡക്ഷൻ ഹൗസ് നൽകുന്ന സുഖ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യാറുണ്ടെന്നും ഇത് നിർമാതാവിന് സാമ്പത്തികമായി അധിക ചെലവുണ്ടാക്കുന്നെന്നും ഇദ്ദേഹം പറയുന്നു.

എവിടെ പോയാലും കീർത്തി സുരേഷിനൊപ്പം വളർത്ത് നായയുണ്ടാകും. ഇതിനാൽ ഷൂട്ടിംഗിന് വരാൻ നടിക്ക് വേണ്ടി പ്രത്യേക ഫ്ലെെറ്റുകൾ വേണ്ടി വരുന്നു. ഇത് നിർമാതാവിന് അധിക ചെലവുണ്ടാക്കുന്നു എന്ന ഗോസിപ്പുണ്ട്. ഇത് സത്യമാണെന്ന് സുബൈർ പറയുന്നു. എല്ലാ നടിമാരും അങ്ങനെയാണ്. നയൻതാരയുടെ രണ്ട് കുട്ടികളെ നോക്കാൻ നാല് സ്റ്റാഫുണ്ട്. ഷൂട്ടിംഗ് സ്ഥലത്തും അവരെത്തും. അവരുടെ ചെലവ് പ്രൊഡക്ഷൻ ഹൗസ് വഹിക്കണം.
ഒരു സിനിമയിൽ നടനോ നടിയോ കമ്മിറ്റായാൽ ആ സിനിമ പൂർത്തിയാക്കി അവർ പുറത്ത് വരുന്നത് വരെയും അവർ ഭക്ഷണച്ചെലവ്, സ്റ്റാഫുകളുടെ ചെലവ്, താമസം എന്നിവയെല്ലാം പ്രൊഡക്ഷൻ കമ്പനിയുടേതാണ്. പുതിയ അഭിനേതാക്കൾ ഈ പ്രവണത കുറയ്ക്കുന്നത് നല്ലതാണ്. കാരണം ഒരുപാട് കാലമായി സിനിമ ചെയ്യുന്ന പ്രൊഡക്ഷൻ കമ്പനികൾ ഇപ്പോൾ സിനിമ നിർമ്മിക്കുന്നത് കുറച്ചിട്ടുണ്ട്. അടുത്തിടെ ഒരു നടി ഹെയർ ഡ്രസറെ വിളിച്ചു. ഒരു ദിവസത്തേക്ക് 25,000 രൂപ. ഒപ്പം താമസ ചെലവും. ഇത്തരം രീതികൾ ശരിയല്ലെന്നും സുബൈർ പറയുന്നു.

കീർത്തി സുരേഷ് മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. എല്ലാ നടിമാരും ഷൂട്ടിംഗ് സ്ഥലത്ത് അഞ്ചാറ് പേരെ കൊണ്ട് പോകുന്നു. ചിലർക്ക് അരുമ മൃഗത്തെ കൊണ്ട് പോകാൻ വേറെ ടിക്കറ്റ് വേണ്ടി വരും. ചിലർ മക്കളെ നോക്കാൻ ഒരു ടീമിനെ കൊണ്ട് പോകുന്നു. ഇത് സിനിമാ വ്യവസായത്തിന് നല്ലതല്ലെന്നും സുബൈർ പറയുന്നു. ബിഹൈന്റ്സിനിമ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം
അതേസമയം കീർത്തി സുരേഷിനെക്കുറിച്ച് സുബൈർ ഉന്നയിച്ച വാദം സത്യമാണോ എന്ന് വ്യക്തമല്ല. കീർത്തിക്കെതിരെ ഇതുവരെ ഒരു പ്രൊഡ്യൂസറും പരാതി ഉന്നയിച്ചിട്ടില്ല. നിർമാതാവ് സുരേഷ് കുമാറിന്റെ മകളായ കീർത്തി സിനിമാ നിർമാണത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ്. നടിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു സമീപനം ഉണ്ടാവുമോ എന്ന ചോദ്യവും ആരാധകർക്കുണ്ട്.


Click it and Unblock the Notifications