മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനും എത്ര ലഭിക്കും; പുരസ്കാരം നേടിയവർക്ക് ലഭിക്കുന്ന തുക; വിശദ വിവരം
കാത്തിരിപ്പിനൊടുവിൽ 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ അർഹരായവർക്ക് തന്നെയാണ് പുരസ്കാരമെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ചത്. അതിൽ അവസാന റൗണ്ടിലെത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ഫിലിം മേക്കറും നടനുമായ ഗൗതം ഘോഷാണ് ഇത്തവണ ജൂറി അധ്യക്ഷനായത്.
മികച്ച നടനുള്ള പുരസ്കാരം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം വിൻസി അലോഷ്യസും സ്വന്തമാക്കി. കരിയറിലെ നിർണായക വഴിത്തിരിവായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെ അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവർത്തകരും കാണാറുള്ളത്. പേരിനും പ്രശസ്തിക്കുമൊപ്പം ചെറുതല്ലാത്ത ഒരു തുകയും ജേതാക്കൾക്ക് ലഭിക്കും.
മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ നൻപകൽ നേരത്ത് മയക്കത്തിന്റെ നിർമാതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ലഭിക്കുക. ഇതേ പുരസ്കാരത്തിന് സിനിമയുടെ സംവിധായകന് 40,000 രൂപയും ഉണ്ടാകും. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ അടിത്തട്ട് എന്ന സിനിമയ്ക്ക് 60,000 രൂപ ക്യാഷ് അവാർഡ് ലഭിക്കും. അടിത്തട്ടിന്റെ സംവിധായകന് 30,000 രൂപയും കിട്ടും.

50000 രൂപയും ഫലകവുമാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ മഹേഷ് നാരായണനെ കാത്തിരിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിക്ക് ഒരു ലക്ഷം രൂപ ലഭിക്കും. ഇതേ തുകയാണ് മികച്ച നടിക്കുള്ള ക്യാഷ് പ്രെെസും. ഇത്തവണ മികച്ച സഹ നടിക്കുള്ള പുരസ്കാരം നേടിയത് സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ ദേവി വർമയാണ്. മികച്ച സഹ നടനുള്ള പുരസ്കാരം ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ പിപി കുഞ്ഞികൃഷ്ണനും നേടി. 50,000 രൂപ വീതമാണ് ഇവർക്ക് സർക്കാർ നൽകാൻ പോകുന്ന തുക.
50,000 രൂപയാണ് മികച്ച ബാല താരത്തിന് ലഭിക്കാൻ പോകുന്ന തുക. തൻമയ സോൾ, മാസ്റ്റർ ഡാവിഞ്ചി എന്നിവരാണ് ബാല താരത്തിനുള്ള പുരസ്കാരം ഇത്തവണ നേടിയത്. മികച്ച തിരക്കഥയ്ക്കും സിനിമാട്ടോഗ്രഫിക്കും 15,000 രൂപ വീതം ലഭിക്കും.

മികച്ച വരികൾ, മ്യൂസിക് ഡയറക്ടർ, പശ്ചാത്തല സംഗീതം, മികച്ച ഗായകർ, എഡിറ്റർ, ആർട്ട് ഡയരക്ടർ, സൗണ്ട് റെക്കോഡിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനർ, കൊറിയോഗ്രഫർ എന്നിവർക്ക് 15000 രൂപയാണ് പുരസ്കാരത്തിനൊപ്പം ലഭിക്കുന്ന തുക. പ്രത്യേക ജൂറി അവാർഡിന് 30000 രൂപ ലഭിക്കും. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനാണ് ഇത്തവണ പ്രത്യേക ജൂറി അവാർഡ് നേടിയത്.
മികച്ച നടനുള്ള പുരസ്കാരം കുഞ്ചാക്കോ ബോബന് ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. അവസാന റൗണ്ട് വരെ കുഞ്ചാക്കോ ബോബന്റെ പേര് ഉയർന്ന് വന്നിരുന്നു. അതേസമയം പ്രത്യേക ജൂറി പുരസ്കാരത്തിൽ കുഞ്ചാക്കോ ബോബൻ തൃപ്തനാണ്. എല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല സിനിമകൾ ചെയ്യുന്നത്. മമ്മൂക്കയുടെ പേരിനൊപ്പം ചേർത്ത് തന്റെ പേര് വന്നത് വലിയ അവാർഡായി കാണുന്നെന്നും കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു. ജനപ്രിയ ചിത്രമുൾപ്പെടെ ഏഴ് പുരസ്കാരങ്ങൾ ന്നാ താൻ കേസ് കൊട് എന്ന സിനിമ നേടിയിട്ടുണ്ട്.


Click it and Unblock the Notifications











