മികച്ച നടിയാകുന്നത് ആറാം തവണ; കരഞ്ഞപ്പോഴും ചിരിച്ചപ്പോഴും അവാർഡ്; പുരസ്കാരങ്ങൾ ഉർവശിക്ക് പിറകെ പോയ കാലം
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ താരമായി ഉർവശി. ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശി കരസ്ഥമാക്കിയിരിക്കുന്നത്. ലീലാമ്മ എന്ന കഥാപാത്രത്തെ അവസ്മരണീയമാക്കിയ ഉർവശി എന്തുകൊണ്ടും ഈ പുരസ്കാരത്തിന് അർഹയാണെന്ന് പ്രേക്ഷകർ പറയുന്നു. ഉള്ളൊഴുക്കെന്ന ചിത്രം പൂർണമായും മുന്നോട്ട് നീങ്ങിയത് ഉർവശി, പാർവതി എന്നീ രണ്ട് നടിമാരുടെ പ്രകടനങ്ങളിലൂടെയാണ്. വൈകാരികമായ രംഗങ്ങളിൽ ഉർവശി തിളങ്ങി. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ഉർവശിക്ക് ലഭിക്കുന്നത്.
2006 ൽ മധുചന്ദ്രലേഖ എന്ന സിനിമയ്ക്കാണ് ഉർവശിക്ക് ഇതിന് മുമ്പ് പുരസ്കാരം ലഭിച്ചത്. തുടർച്ചയായ മൂന്ന് വർഷം കേരളത്തിൽ നിന്നും മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നടിയെന്ന ഖ്യാതിയും ഉർവശിക്കാണ്. 1989, 1990, 1991 എന്നീ വർഷങ്ങളിലായിരുന്നു ഈ നേട്ടം. മഴവിൽ കാവടി, വർത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിനാണ് 1989 ൽ ഉർവശിക്ക് അവാർഡ് ലഭിച്ചത്.

സിത്താര, ഉർവശി എന്നീ രണ്ട് നായിക നടിമാരാണ് മഴവിൽക്കാവടിയിലുണ്ടായത്. സിത്താര ചെയ്ത കഥാപാത്രത്തിനാണ് കൂടുതൽ സ്ക്രീൻ സ്പേസുണ്ടായിരുന്നതും. എന്നാൽ പുരസ്കാരം ലഭിച്ചത് ഉർവശിക്കാണ്. ആദ്യം സിത്താരയുടെ വേഷത്തിലേക്ക് പരിഗണിച്ചത് ഉർവശിയെയാണ്. എന്നാൽ വർത്തമാനകാലം എന്ന സിനിമയുടെ ഡേറ്റുമായി ക്ലാഷ് വന്നത് കാരണം ഉർവശിക്ക് ചെയ്യാൻ പറ്റിയില്ല. ഇതോടെ കുറച്ച് സീനുകളുള്ള ആനന്ദവല്ലി എന്ന കഥാപാത്രത്തെ ഉർവശിക്ക് നൽകുകയായിരുന്നു.
1990 ൽ തലയണമന്ത്രം എന്ന സിനിമയിലെ പ്രകടനത്തിനാണ് ഉർവശിക്ക് വീണ്ടും സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുന്നത്. ചിത്രത്തിലെ കാഞ്ചന എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. കാഞ്ചനയുടെ എല്ലാ ഭാവങ്ങളും ഉർവശിയിൽ ഭദ്രമായിരുന്നു. 1991 ൽ ഭരതം, മുഖ ചിത്രം, കാക്കത്തൊള്ളായിരം, കടിഞ്ഞൂൽ കല്യാണം എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മൂന്നാം തവണ ഉർവശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
1995 ൽ കഴകം എന്ന ചിത്രത്തിലൂടെയും 2006 ൽ മധുചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയും ഉർവശി പുരസ്കാരം നേടി. ഇപ്പോഴിതാ ഉള്ളൊഴുക്കിലൂടെ ആറാം തവണയും ഉർവശിയെ തേടി പുരസ്കാരം എത്തിയിരിക്കുന്നു. പുരസ്കാരങ്ങൾ ലഭിച്ച സിനിമകളിലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ വേഷമാണ് ഉർവശി ചെയ്തത്. ഉള്ളൊഴുക്കിൽ നടി കരയുകയാണെങ്കിൽ തലയണമന്ത്രത്തിൽ കുശുമ്പുകാരിയാണ്. മഴവിൽക്കാവടിയിലെ പല രംഗങ്ങളിലും നടി പ്രേക്ഷകരെ പാെട്ടിച്ചിരിപ്പിച്ചു.


Click it and Unblock the Notifications











