ഒരു തവണ അഡ്ജസ്റ്റ് ചെയ്യാം എന്ന് നിങ്ങൾ കരുതും, പക്ഷെ പിന്നീട് സംഭവിക്കുക; തുറന്ന് പറഞ്ഞ് ഖുശ്ബു
അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് ഖുശ്ബു. മുംബെെയിൽ നിന്നും ചെന്നെെയിലേക്ക് വന്ന് തമിഴകത്തെ മുൻനിര നായിക നടിയായി മാറിയ ഖുശ്ബു ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ഖുശ്ബുവിന് വേണ്ടി ആരാധകർ ക്ഷേത്രം പോലും പണിതു. ജീവിതത്തിലെ പ്രതിസന്ധികൾ നേരിട്ട് വിജയം കെെവരിച്ച ഖുശ്ബു എന്നും തന്റെ അഭിപ്രായങ്ങൾ ശക്തമായി പറഞ്ഞയാളാണ്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഖുശ്ബു. തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകൾ പോകരുതെന്ന് ഖുശ്ബു പറയുന്നു.
ഒരിക്കലും നിങ്ങളിലുള്ള വിശ്വാസം കളയരുത്. അപ്പോഴാണ് മറ്റുള്ളവർ മുതലെടുക്കാൻ വരിക. എല്ലാ തരത്തിലുള്ള പുരുഷൻമാരെയും നിങ്ങൾ കാണും. ഓരോ പടിയിലും നല്ല ആളുകളും തെറ്റായ ആളുകളുമുണ്ടാകും. ഒരു കാര്യം ശരിയല്ലെന്ന് തോന്നുമ്പോൾ നിങ്ങൾ നിങ്ങൾക്ക് വേണ്ടി നിൽക്കണം. നോ എന്നാൽ നോ ആയിരിക്കണം. ഇന്ന് കുറച്ച് അഡ്ജസ്റ്റ് ചെയ്യാം, നാളെ ഞാൻ ശക്തി കണ്ടെത്തും എന്ന് നിങ്ങൾ കരുതിയാൽ അത് നടക്കില്ല. ഇതിന് അവസാനമില്ല. ഓരോ പടി മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുമ്പോഴും ആ കുറ്റബോധം നിങ്ങളുടെ മനസിലുണ്ടാകും. ഒരുപക്ഷെ നിങ്ങൾ ലക്ഷ്യം നേടും. പക്ഷെ സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല. വിട്ടുവീഴ്ച ചെയ്തു എന്ന ചിന്ത മനസിൽ ഓടിക്കൊണ്ടിരിക്കും. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഒരിക്കൽ താൻ ഒപ്പമഭിനയിച്ച നടനെ ചെരുപ്പ് കാണിച്ച് വിരട്ടിയിട്ടുണ്ടെന്നും ഖുശ്ബു പറയുന്നുണ്ട്.

ഒരിക്കൽ മര്യാദയില്ലാത്ത പ്രൊപ്പോസൽ എനിക്ക് വന്നു. അന്നെനിക്ക് തമിഴ് അറിയില്ല. എന്റെ ചെരുപ്പ് നോക്കി സെെസ് 41 ആണ് യൂണിറ്റിൽ നിന്ന് അടി കിട്ടണോ അതോ റൂമിൽ നിന്ന് അടി വേണോ എന്ന് ഞാൻ ചോദിച്ചു. അയാൾക്ക് കാര്യം വ്യക്തമായി മനസിലായി. ഞാൻ അന്ന് പുതുമുഖമാണ്. പുതിയ ആളായതിനാൽ അഡ്ജസ്റ്റ് ചെയ്തേക്കും, വീട്ടിൽ പ്രശ്നമുണ്ടല്ലോ എന്നെല്ലാം ആ നടൻ കരുതിയിരിക്കും. ഞാൻ പ്രതികരിച്ചത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല. അതാണ് ഞാൻ എപ്പോഴും പറയുന്നത്. ആരും നിങ്ങളുടെ കഴുത്തിൽ കത്തി വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെടില്ല. ജീവിതത്തിൽ എപ്പോഴും നിങ്ങൾക്കൊരു ചോയ്സുണ്ട്.
യെസ് ഓർ നോ എന്ന് നിങ്ങൾ തീരുമാനിക്കണം. അന്ന് എന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ട്, ഇപ്പോൾ അഡ്ജസ്റ്റ് ചെയ്താൽ അടുത്ത പടത്തിൽ അദ്ദേഹം എന്നെ റെക്കമെന്റ് ചെയ്യുമെന്ന് കരുതി മുന്നോട്ട് പോയിരുന്നെങ്കിൽ ആ കുറ്റബോധം എന്നെ കൊന്നേനെ. അതാണ് ഞാൻ സ്ത്രീകളോട് എപ്പോഴും പറയാറ്. നിങ്ങൾക്കെപ്പോഴും ചോയ്സുണ്ട്. ഏത് പാതയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന തീരുമാനം നിങ്ങളുടെ കയ്യിലാണെന്നും ഖുശ്ബു പറയുന്നു.

തമിഴകത്ത് ഖുശ്ബുവുണ്ടാക്കിയ തരംഗം ചെറുതല്ല. ഖുശ്ബുവിന്റെ പേരിൽ ഭക്ഷണ വിഭവങ്ങൾ വരെ അറിയപ്പെട്ടിരുന്നു. ചിന്നതമ്പി എന്ന സിനിമയാണ് നടിക്ക് കരിയറിൽ വലിയ വഴിത്തിരിവാകുന്നത്. മലയാളം സിനിമകളിലും ഖുശ്ബു അഭിനയിച്ചു. ഇന്ന് സിനിമാ കരിയറിനപ്പുറം രാഷ്ട്രീയത്തിലും ഖുശ്ബു സാന്നിധ്യമറിയിക്കുന്നു. ബിജെപി പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. നേരത്തെ കോൺഗ്രസ് പാർട്ടിയിലായിരുന്നു താരം. എന്നാൽ താനെടുത്ത തെറ്റായ തീരുമാനമായിരുന്നു ഇതെന്നും ആറ് വർഷങ്ങൾ താൻ കോൺഗ്രസിന് വേണ്ടി കളഞ്ഞെന്നുമാണ് ഖുശ്ബു പറയുന്നത്.


Click it and Unblock the Notifications











