മാഡം വരുന്നെന്ന് യൂണിറ്റിലുള്ള എല്ലാവരും; ആരാണീ മാഡം?; നോക്കുമ്പോൾ സിൽക് സ്മിത; ഖുശ്ബു
തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ ഹരമായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഖുശ്ബുവിന്റെ പേരിൽ ക്ഷേത്രം പണിയുകയും നടിയുടെ പേരിൽ ഭക്ഷണ സാധനങ്ങൾ അറിയപ്പെടുകയും ചെയ്ത കാലം. ഹിന്ദിയിലാണ് ബാലതാരമായി ഖുശ്ബു കരിയർ തുടങ്ങിയത്. തുടരെ പരാജയങ്ങൾ വന്നതോടെ മുംബൈക്കാരിയായ ഖുശ്ബു തെന്നിന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ നൽകി. തമിഴകത്ത് ഖുശ്ബുവിന് ഭാഗ്യം തെളിഞ്ഞു. നിരവധി മലയാളം സിനിമകളിലും ഖുശ്ബു അഭിനയിച്ചു. അന്നും ഇന്നും ഖുശ്ബുവിന് സിനിമാ ലോകത്ത് പ്രസ്ക്തിയുണ്ട്. സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് ഇന്ന് ഖുശ്ബു.
സിനിമാ രംഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും നടി ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്. അന്തരിച്ച നടി സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കുകയാണ് ഖുശ്ബുവിപ്പോൾ. താനേറെ ആരാധിച്ച നടിയാണ് സിൽക് സ്മിതയെന്ന് ഖുശ്ബു പറയുന്നു. സിൽക് സ്മിതയെക്കുറിച്ചുള്ള അനുഭവങ്ങളും ഖുശ്ബു പങ്കുവെച്ചു.ഞാൻ കണ്ടിട്ടുള്ളതിൽ സ്വന്തം ശരീരത്തിലും ലുക്കിലും ഏറ്റവും കൂടുതൽ കംഫർട്ടബിളായ വ്യക്തി സിൽക് സ്മിതയാണ്.

ഞാനെപ്പോഴും അവരെ ആരാധിച്ചിട്ടുണ്ട്. ഒരു താരത്തെ കണ്ട് ഞാൻ വാ പൊളിച്ചത് സിൽക് സ്മിതയെ കണ്ടപ്പോഴാണ്. ഞാനന്ന് തമിഴിൽ പുതുമുഖമാണ്. 84 ൽ ഞാനും അർജുനും ഒരു സൈലന്റ് സിനിമ ചെയ്തു. ആ സിനിമ പൂർത്തിയായില്ല. അതിൽ സിൽക് സ്മിത ഒരു വലിയ റോൾ ചെയ്യുന്നുണ്ട്. അവർ വരുമ്പോഴേക്കും യൂണിറ്റിലുള്ളവർ മാഡം വരുന്നു എന്ന് പറയും. ഒരു കസേരയും സൈഡിൽ ഒരു ടൗവലും ടേബിളുമുണ്ടാകും.
ആരാണീ മാഡമെന്ന് ഞാൻ നോക്കി. നോക്കുമ്പോൾ സിൽക് സ്മിത. ഞാൻ വാ പാെളിച്ച് നിന്നു. എനിക്കും അവർക്കും അഞ്ച് വയസ് പ്രായ വ്യത്യാസമുള്ളൂ. സിൽക്കിന്റെ അത്രയും ഊഷ്മളമായ, ഇന്റലിജന്റായ ഒരാളെ താൻ കണ്ടിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

മാദക നടിയായി തരംഗം സൃഷ്ടിച്ച സിൽക് സ്മിത കരിയറിൽ ഖുശ്ബുവിനേക്കാൾ സീനയറാണ്. ഖുശ്ബു നായികയായി തിളങ്ങിയപ്പോൾ സിൽക് സ്മിത ഡാൻസ് നമ്പറുകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. സിനിമകളിൽ ആഘോഷിക്കപ്പെട്ടെങ്കിലും സിൽക് സ്മിതയ്ക്ക് ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങളുണ്ടായി. സാമ്പത്തിക നഷ്ടങ്ങളും വ്യക്തി ബന്ധങ്ങളിൽ വഞ്ചിക്കപ്പെടുകയും ചെയ്തതോടെയാണ് 1996 ൽ സിൽക് സ്മിത ആത്മഹത്യ ചെയ്യുന്നത്.
ആത്മഹത്യക്ക് കാരണമെന്തെന്ന് കൃത്യമായി ആർക്കും അറിയില്ല. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഗ്ലാമർ ഐക്കണായി അറിയപ്പെട്ട സിൽക്കിന്റെ ജീവിതത്തിലും മരണത്തിലും ഇന്നും ദുരൂഹതകളേറെയാണ്. സിനിമയെടുത്ത് സാമ്പത്തിക നഷ്ടം വന്നതും സാമ്പത്തികമായി വഞ്ചിക്കപ്പെട്ടതെന്നും സിൽക് ആത്മഹത്യ ചെയ്തെന്നും ചില സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്.
സിൽക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഡേർട്ടി പിക്ചർ എന്ന സിനിമയും ബോളിവുഡിലുണ്ടായി. സിൽക്കിനെ അവതരിപ്പിച്ച വിദ്യ ബാലൻ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി. എന്നാൽ ഈ സിനിമയ്ക്ക് സിൽക് സ്മിതയുടെ ജീവിതത്തോട് നീതി പുലർത്താൻ കഴിഞ്ഞില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications