ഞങ്ങളുടെ വിവാഹത്തിന് കാർത്തിക് സർ വിതുമ്പിക്കരഞ്ഞു; രാത്രി ഞങ്ങളെ ഫോണിൽ വിളിച്ചു; ഖുശ്ബു
തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് ഒരു കാലത്ത് നടി ഖുശ്ബുവുണ്ടാക്കിയ തരംഗം ചെറുതല്ല. മുംബൈയിൽ നിന്നും ചെന്നെെയിലേക്ക് കരിയറും ജീവിതവും പറിച്ച് നട്ട ഖുശ്ബുവിന് മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ആരാധകരുടെ പ്രിയങ്കരിയായി മാറിയ ഖുശ്ബുവിന് വേണ്ടി ക്ഷേത്രം പോലും പണിതിരുന്നു. നടിയുടെ പേരിൽ ഭക്ഷണ സാധനങ്ങൾ വരെ അക്കാലത്ത് അറിയപ്പെട്ടു. സംവിധായകനും നടനുമായ സുന്ദർ സിയെയാണ് ഖുശ്ബു വിവാഹം ചെയ്തത്. 2000 ത്തിലായിരുന്നു വിവാഹം. അവന്തിക അനന്തിത എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു.
ഇപ്പോഴിതാ പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബു. താനും സുന്ദറും വിവാഹിതരായപ്പോൾ അക്കാലത്തെ പ്രമുഖ നടൻ കാർത്തിക് കരഞ്ഞിരുന്നെന്ന് ഖുശ്ബു പറയുന്നു. ബിഹൈന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം. തനിക്ക് പ്രിയപ്പെട്ട ആർട്ടിസ്റ്റാണ് കാർത്തിക് സാറെന്ന് ഖുശ്ബു പറയുന്നു. എന്നെ ഡാർലിംഗ് എന്ന് വിളിക്കും.

ഭർത്താവ് സുന്ദർ അദ്ദേഹത്തെ ബോസ് എന്നാണ് വിളിക്കുക. എന്നെ കല്യാണത്തിന് വിതുമ്പിക്കരഞ്ഞത് കാർത്തിക് സാറാണ്. സുന്ദർ സി കാർത്തിക് സാറോടാണ് വിവാഹം ചെയ്യുന്ന കാര്യം പറഞ്ഞത്. കല്യാണത്തിന് വന്നപ്പോൾ ഞങ്ങൾ രണ്ട് പേരും കാലിൽ വീണ് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന് നിയന്ത്രിക്കാനായില്ല. തന്റെ അനുജനും അവന്റെ ഭാര്യയും കാലിൽ വീണ് അനുഗ്രഹം വാങ്ങിയെന്ന് പറഞ്ഞു. രാത്രി ഫോൺ ചെയ്ത് പൊട്ടിക്കരഞ്ഞു.
അദ്ദേഹം ഇമോഷണലായി. ഞങ്ങൾ വിവാഹം ചെയ്യുമോ എന്ന് അദ്ദേഹത്തിന് ഭയമായിരുന്നു. കാരണം സുന്ദർ സിയും ഞാനും ഇടയ്ക്കിടെ വഴക്കിട്ട് ബ്രേക്കപ്പാകുമായിരുന്നെന്നും ഖുശ്ബു പറയുന്നു. സുന്ദർ സിയുമായി പ്രണയത്തിലായതിനെക്കുറിച്ചും ഖുശ്ബു സംസാരിച്ചു. മുറൈമാമൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് പ്രൊപ്പോസ് ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്. 25 വയസായി, കല്യാണം കഴിക്കെന്ന് ആച്ചി (മനോരമ) പറയുമായിരുന്നു.

സുന്ദറിനെ കാണിച്ച് ഇത് പോലൊരാൾ നിനക്ക് ചേരുമെന്ന് പറഞ്ഞു. എന്നെ ഇഷ്ടപ്പെട്ടു, വിവാഹം ചെയ്യുമെന്ന് സുന്ദർ യൂണിറ്റിൽ പറഞ്ഞു. നിന്റെ ആദ്യ സിനിമയാണ്, ഇക്കാര്യം പറഞ്ഞാൽ സിനിമ പാതിവഴിയിൽ നിർത്തി പോകും.ആദ്യ സിനിമ മുടങ്ങിയാൽ നിന്റെ കരിയർ തന്നെ പോകും. അല്ലെങ്കിൽ എന്നോട് ചെരുപ്പ് കൊണ്ട് അടിക്കും. ഇതിൽ ഏതെങ്കിലും ഒന്ന് നടക്കുമെന്ന് ഒപ്പമുള്ളവർ അദ്ദേഹത്തോട് പറഞ്ഞു.
അത് കുഴപ്പമില്ല, എന്ത് സംഭവിച്ചാലും ഞാൻ സംസാരിക്കുമെന്ന് അദ്ദേഹം. അങ്ങനെയാണ് സുന്ദർ സി തന്നെ വിവാഹം ചെയ്തതെന്ന് ഖുശ്ബു പറയുന്നു. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും ഖുശ്ബു ഇന്ന് സജീവ സാന്നിധ്യമാണ്. അടുത്തിടെയാണ് സുന്ദർ സിയുടെ അരൺമനൈ 4 എന്ന ചിത്രം റിലീസ് ചെയ്തത്. സിനിമ മികച്ച വിജയം നേടി. ഖുശ്ബുവും ഈ സിനിമയിൽ സാന്നിധ്യം അറിയിച്ചു. താര ദമ്പതികളുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications