എങ്ങനെത്തെ സിനിമയില്‍ അഭിനയിച്ചാലും കുഴപ്പമില്ല, കാശ് കിട്ടിയാല്‍ മതി! പിതാവിനെ കുറിച്ച് നടി ഖുശ്ബു പറഞ്ഞത്
മുപ്പത് വര്‍ഷത്തിന് മുകളിലായി പിതാവുമായി കണ്ടിട്ടെന്നും അദ്ദേഹം വീട്ടില്‍ നിന്നും വേറെ എങ്ങോട്ടോ പോവുകയായിരുന്നു എന്നും നടി പറയുന്നു
ചെറിയ പ്രായം മുതല്‍ അഭിനയ രംഗത്ത് സജീവമായിട്ടെത്തിയ നടിയാണ് ഖുശ്ബു. എന്നാല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവില്‍ നിന്നും ലൈംഗികമായി ഉപദ്രവം നേരിടേണ്ടി വന്നിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ആരാധകരെ പോലും അമ്പരിപ്പിച്ച് കൊണ്ടാണ് ഈ വാര്‍ത്തയുമായി ഖുശ്ബു എത്തിയത്.
അതേ സമയം മുന്‍പും പിതാവിനെ പറ്റിയും താന്‍ വളര്‍ന്ന് വന്ന സാഹചര്യത്തെ കുറിച്ചും ഖുശ്ബു സംസാരിച്ചിരുന്നു. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുംബൈയില്‍ ജനിച്ച് വളര്‍ന്ന താന്‍ തെന്നിന്ത്യയിലേക്ക് എത്തിയത് എങ്ങനെയാണെന്നുള്ള കാര്യമടക്കം നടി വെളിപ്പെടുത്തിയത്.

മുംബൈയിലെ മുസ്ലിം കുടുംബത്തില്‍ നഖത് ഖാന്‍ എന്ന പേരിലാണ് താന്‍ ജനിച്ചത്. ശരിക്കും ഇതാണ് തന്റെ യഥാര്‍ഥ പേര്. അതിന്റെ അര്‍ഥം ഖുശ്ബു എന്നാണ്. മലയാളത്തില്‍ സൗരഭ്യം എന്നും പറയും. ഹിന്ദി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് കരിയര്‍ തുടങ്ങുന്നതെന്ന് ഖുശ്ബു പറയുന്നു. മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് വന്നതോടെയാണ് ജീവിതം മാറി മറിയുന്നത്.
ഇന്നും മുംബൈയില്‍ പോയാല്‍ ബേബി ഖുശ്ബു അല്ലേ എന്ന് ചോദിക്കുന്നവരുണ്ടെന്നാണ് നടി പറയുന്നത്. ഞാന്‍ ഖുശ്ബു ആണ്. പക്ഷേ ബേബി അല്ലെന്ന് അവരോട് തിരിച്ച് പറയാറും.
എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് 'ധര്‍ദ് കാ രിസ്ത' എന്ന ചിത്രത്തില്‍ ബാലതാരമായി അവസാനം അഭിനയിച്ചത്. ആ പ്രായത്തില്‍ ബാലതാരമായെങ്കിലും നായികയായി അഭിനയിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ആ സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരത്തിലേക്ക് വരെ എത്തിയെങ്കിലും അത് കിട്ടാതെ പോയതായിട്ടും നടി തുറന്ന് പറയുന്നു.

ഒരിക്കലും തെന്നിന്ത്യന്‍ സിനിമയിലേക്ക് വരുമെന്ന് കരുതിയിരുന്നില്ല. ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നു. ഹിന്ദി സിനിമകളില്‍ അഭിനയിച്ചത് കൊണ്ട് എന്റെ കരിയര്‍ അവിടെയാവുമെന്നാണ് കരുതിയത്. ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയിനാല്‍ വേറെയൊന്നും ചെയ്യാന്‍ അവസരവും കിട്ടിയില്ല.
എട്ടാം ക്ലാസിന് ശേഷം പഠിക്കാനും പോയിട്ടില്ലെന്നും ഖുശ്ബു വെളിപ്പെടുത്തി. ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ വില തനിക്ക് അറിയാമെന്നും എല്ലാ കാലത്തും വിദ്യാഭ്യാസം പ്രധാനമാണെന്ന് ഞാന്‍ പറയുമെന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു. മാത്രമല്ല ഹിന്ദി സിനിമകള്‍ കാര്യമായി ഹിറ്റാവാതെ വന്നതിന് ശേഷമാണ് താന്‍ തെന്നിന്ത്യയിലും ചുവടുറപ്പിച്ചതെന്ന് ഖുശ്ബു പറഞ്ഞിരുന്നു.
ഇടയ്ക്ക് തെലുങ്കില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെയാണ് തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുന്നത്. നീ എന്തിനാണ് സൗത്തിലേക്ക് പോകുന്നതെന്ന് എല്ലാവരും അന്ന് ചോദിച്ചിരുന്നു. കാരണം തെന്നിന്ത്യയിലുണ്ടായിരുന്ന ശ്രീദേവി, ജയപ്രഭ, ഭാനുപ്രിയ തുടങ്ങിയവരെല്ലാം ബോളിവുഡിലേക്ക് പ്രവേശിക്കുമ്പോഴാണ് ഞാന്‍ ഇങ്ങോട്ടേക്ക് വരുന്നത്. പിന്നെ തെലുങ്കിലും തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ ചെയ്യാൻ സാധിച്ചുവെന്നും ഖുശ്ബു പറയുന്നു.

ബോംബെയില്‍ നിന്നും ആരെങ്കിലും ഇങ്ങോട്ട് വരുമോ? അത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമല്ലേ എന്ന് പോലും ചിലര്‍ പറഞ്ഞിരുന്നതായി ഖുശ്ബു സൂചിപ്പിക്കുന്നു. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അത് നല്ലൊരു തീരുമാനമായിരുന്നു. പലരും പിന്തിരിപ്പിക്കാന്‍ നോക്കുകയാണ് ചെയ്തത്. അതില്‍ പ്രധാനപ്പെട്ട ആള്‍ എന്റെ പിതാവ് തന്നെയാണ്.
പിതാവ് എന്ന നിലയില്‍ ഒരു തരത്തിലും പിന്തുണ തരാത്ത ആളാണ് അദ്ദേഹം. മുപ്പത് വര്‍ഷത്തിന് മുകളിലായി പിതാവുമായി കണ്ടിട്ടെന്നും അദ്ദേഹം വീട്ടില്‍ നിന്നും വേറെ എങ്ങോട്ടോ പോവുകയായിരുന്നു എന്നും നടി പറയുന്നു. അതിന് ശേഷം യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതിലൊന്നും യാതൊരു വിഷമവുമില്ല. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്.
അന്നും പിതാവിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. മകളായ ഞാന്‍ എന്ത് സിനിമയാണ് ചെയ്യുന്നതെന്ന് ഒന്നും അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നേ ഉണ്ടായിരുന്നുള്ളു. എന്നെ സംബന്ധിച്ച് സിനിമ ചെയ്യുന്നത് കരിയര്‍ മുന്‍നിര്‍ത്തിയായിരുന്നുവെന്നും അഭിമുഖത്തില്‍ ഖുശ്ബു വ്യക്തമാക്കി.


Click it and Unblock the Notifications











